വിമാനത്തില്‍ 'സ്ഥലമില്ല', ലഗേജ് എത്തിയത് 'ഓട്ടോയിൽ'; യാത്രക്കാരന്‍റെ വൈറൽ പോസ്റ്റ്, പ്രതികരിച്ച് എയർലൈൻ

Mail This Article
ദോഹ ∙ ദോഹയില്‍ നിന്നും ഹൈദരാബാദിലെ വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരന്‍റെ രസകരമായ 'ലഗേജ്' അനുഭവമാണ് ഇന്ന് സമൂഹ മാധ്യമത്തിലെ ചർച്ച. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ വിമാനത്തിലാണ് മദന്‍ കുമാര്‍ റെഡ്ഡി കോട്ല എന്ന യാത്രക്കാരൻ ജനുവരി 11ന് ദോഹയില്‍ നിന്നും ഹൈദരാബാദിൽ എത്തുന്നത്. വിമാനത്തിലെ സ്ഥലപരിമിതി കാരണം ഇൻഡിഗോ തന്‍റെ ലഗേജ് "ദോഹയിൽ ഉപേക്ഷിച്ചു" എന്നാണ് മദന്‍ തന്‍റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പറഞ്ഞത്.
ലഗേജ് വൈകുന്നതിന്‍റെ കാരണം അവിശ്വസനീയമായി തനിക്ക് തോന്നി. വിമാനത്താവളത്തിലെത്തിയതിന് ശേഷമാണ് എയർലൈൻ ജീവനക്കാർ ലഗേജുകളുടെ കാര്യം യാത്രക്കാരോട് അറിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 24 മണിക്കൂറിനുള്ളിൽ തങ്ങളുടെ ലഗേജുകൾ ലഭിക്കുമെന്നാണ് ജീവനക്കാർ നൽകിയ ഉറപ്പ്. യാത്രക്കാരോട് അവരുടെ വിലാസവും മറ്റ് വിവരങ്ങളും നൽകാൻ ആവശ്യപ്പെട്ടതായും യാത്രക്കാരൻ തന്‍റെ പോസ്റ്റിൽ കുറിച്ചു.
അതേസമയം ജീവനക്കാരുടെ പെരുമാറ്റം തൃപ്തികരമായിരുന്നില്ലെന്നും വളരെ മോശമായാണ് ഇവർ പെരുമാറിയതെന്നും എന്നും അദ്ദേഹം പറയുന്നു. യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ കാലതാമസം ഉണ്ടായതായും യാത്രക്കാരൻ ആരോപിച്ചു. 24 മണിക്കൂറിനുള്ളിൽ ലഗേജുകൾ യാത്രക്കാരുടെ വീടുകളിൽ എത്തിക്കുമെന്ന് അറിയിച്ചിട്ട് മൂന്ന് ദിവസം വൈകി ജനുവരി 14നാണ് തനിക്ക് ലഗേജ് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു. ലഗേജ് ഒരു ഓട്ടോയിലാണ് വീട്ടിലെത്തിയത്.

ബാഗിൽ നിന്ന് വാച്ച് ഉൾപ്പെടെ ചില വസ്തുക്കൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയതായും അദ്ദേഹം ആരോപിച്ചു. ഇതിന്‍റെ ഫോട്ടോ ഉൾപ്പെടെയാണ് മദൻ തന്‍റെ പോസ്റ്റിൽ പങ്കുവച്ചത്. യാത്രക്കാരനുണ്ടായ അസൗകര്യത്തിൽ തങ്ങൾ ആത്മാർഥമായി ഖേദിക്കുന്നതായി ഇൻഡിഗോ പ്രതികരിച്ചു. ഉപയോക്താവിനോട് കോൺടാക്റ്റ് നമ്പറും പിഎൻആർ നമ്പറും ആവശ്യപ്പെട്ടു. മദൻ കമ്പനിയുടെ പ്രതികരണം അംഗീകരിക്കുകയും എയർലൈൻ ടീമിനോടുള്ള നന്ദിയും അറിയിച്ചു.