'സാധാരണക്കാരന്റെ പോക്കറ്റ് കീറും, ഭാവി ഇല്ലാതാക്കും': കുവൈത്തിൽ ഗതാഗത നിയമം കടുപ്പിച്ചതിൽ സമ്മിശ്രപ്രതികരണം

Mail This Article
കുവൈത്ത് സിറ്റി ∙ ലംഘനങ്ങൾക്ക് കനത്ത ശിക്ഷാ നടപടികൾ വ്യവസ്ഥ ചെയ്തു കൊണ്ടുള്ള പുതിയ ഗതാഗത നിയമത്തിന് കയ്യടിച്ചും ആശങ്ക അറിയിച്ചും പ്രവാസ ലോകം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഭേദഗതികളോടെ പുതിയ നിയമം പ്രാബല്യത്തിലായത്. ഗുരുതര നിയമലംഘനങ്ങൾക്ക് 5 വർഷം വരെ തടവും 3,000 ദിനാർ വരെ പിഴയും ഉൾപ്പെടെയുള്ള കനത്ത ശിക്ഷാ നടപടികളാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
റോഡുകളിലെ അപകടങ്ങളും മോശം പെരുമാറ്റങ്ങളും പ്രതിരോധിക്കാൻ കടുത്ത ശിക്ഷാ നടപടികൾ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി നിയമത്തിന് കയ്യടിക്കുന്നവരും ശിക്ഷകളുടെ തീവ്രതയും ചില ചട്ടങ്ങൾ നടപ്പാക്കുന്നതിലെ പ്രായോഗികത സംബന്ധിച്ചുമുള്ള ആശങ്കകൾ പ്രകടമാക്കുന്നവരുമുണ്ട്. അമിത വേഗത്തിന് 600 കുവൈത്ത് ദിനാർ പിഴത്തുക ചുമത്തിയിരിക്കുന്നത് കൂടുതലാണെന്നും ജീവന് ഭീഷണിയുണ്ടാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നവർക്കാണ് ഈ പിഴത്തുക അനുയോജ്യമെന്നും ചിലർ ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട അതോറിറ്റി ഇക്കാര്യത്തിൽ പുന:പരിശോധന നടത്തുമെന്നാണ് കരുതുന്നതെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം തെറ്റുകൾ മനുഷ്യസഹജമാണെന്നും റോഡുകളിലെ ലൈനുകൾ പാലിക്കാതെ വരുന്ന ചെറിയ ലംഘനങ്ങൾക്ക് ജയിൽ ശിക്ഷ നൽകി ഒരു വ്യക്തിയുടെ ഭാവി നശിപ്പിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നുമാണ് മറ്റ് ചിലർ ചൂണ്ടിക്കാട്ടുന്നത്.
ജീവന് ഭീഷണിയുണ്ടാക്കുന്ന തരം ലംഘനങ്ങൾക്ക് കർശന ശിക്ഷകൾ വേണമെന്നും എന്നാൽ പുതിയ നിയമം സൂക്ഷ്മമായി പഠിക്കേണ്ടതുണ്ടെന്നും വിമർശകർ പറയുന്നു. മോശം റോഡുകളിലെ ലംഘനങ്ങൾക്ക് കനത്ത ശിക്ഷ ഏർപ്പെടുത്തുന്നത് അനുയോജ്യമല്ലെന്നും റോഡിലെ അപാകതകൾ പരിഹരിച്ചിട്ടു വേണം നടപ്പാക്കാനെന്നും ചിലർ പറയുന്നു. ഗതാഗത ലംഘനങ്ങളുടെ പിഴത്തുകയിൽ പെട്ടെന്നുള്ള വർധന സാധാരണക്കാരുടെ സാമ്പത്തിക ശേഷിക്ക് അപ്പുറവും നീതിയുക്തവുമാണെന്നും വിമർശനം ഉയരുന്നുണ്ട്.
ഔദ്യോഗിക പ്രഖ്യാപനത്തിന് 3 മാസത്തിന് ശേഷമാണ് നിയമം പ്രാബല്യത്തിലാകുക. അശ്രദ്ധമായി വാഹനം ഓടിക്കുക, വാഹനത്തിൽ പൊതുധാർമികത ലംഘിച്ചു കൊണ്ടുള്ള പെരുമാറ്റം, റോഡിന്റെ അരികു ചേർന്ന് വാഹനം ഓടിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കുക, അപകടമുണ്ടാക്കിയിട്ട് ഓടി രക്ഷപ്പെടുക എന്നീ ലംഘനങ്ങൾക്ക് 3 വർഷം വരെ തടവും 150 കുവൈത്ത് ദിനാർ പിഴയുമാണ് ചുമത്തുന്നത്. ചുവപ്പ് സിഗ്നലിലൂടെ വാഹനം ഓടിക്കുക, അശ്രദ്ധമായ ഡ്രൈവിങ്, സ്ട്രീറ്റ് റേസിങ്, വേഗപരിധി, അംഗപരിമിതിയുള്ളവരുടെ പാർക്കിങ്ങിൽ വാഹനം പാർക്ക് ചെയ്യുക എന്നീ ലംഘനങ്ങൾക്ക് 600 കുവൈത്ത് ദിനാറും 3 വർഷം വരെ തടവുമാണ് ശിക്ഷ. വാഹനാപകടത്തിലൂടെ വസ്തുക്കൾക്ക് നാശനഷ്ടം വരുത്തുക, 10 വയസ്സിൽ താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുൻവശത്ത് ഇരുത്തുക, റോഡ് അടയാളങ്ങൾ ലംഘിക്കുക, വാഹനങ്ങളുടെ വിൻഡോകളിൽ അനുവദനീയ പരിധിയിൽ കൂടുതൽ ടിന്റ് ഗ്ലാസ് ഒട്ടിക്കുക എന്നീ ലംഘനങ്ങൾക്ക് 100 കുവൈത്ത് ദിനാറും പരമാവധി 2 മാസം വരെ തടവുമാണ് ശിക്ഷ. കാൽനടപ്പാതകളിൽ വാഹന പാർക്കിങ്ങിനും ഡ്രൈവിങ്ങിനും 50 കുവൈത്ത് ദിനാർ പിഴയും ഒരു മാസം വരെ തടവുമാണ് പരമാവധി ശിക്ഷ.