യുഎഇയിൽനിന്നുള്ള കപ്പൽ പുറപ്പെട്ടു; ഗാസയ്ക്ക് കരുതലായി 5800 ടൺ ദുരിതാശ്വാസ വസ്തുക്കൾ കൂടി

Mail This Article
അബുദാബി ∙ ഗാസയിലേക്ക് 5800 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി യുഎഇയിൽനിന്നുള്ള കപ്പൽ പുറപ്പെട്ടു. ഓപ്പറേഷൻ ഗാലന്റ് നൈറ്റ്-3 പ്രകാരം അയയ്ക്കുന്ന ആറാമത്തെ കപ്പലാണിത്. രാഷ്ട്രമാതാവ് ഷെയ്ഖാ ഫാത്തിമ ബിൻത് മുബാറക് സംഭാവന ചെയ്ത ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, ആംബുലൻസുകൾ തുടങ്ങിയവയുമായി അൽഹംരിയ തുറമുഖത്തുനിന്നാണ് കപ്പൽ പുറപ്പെട്ടത്. ഫെബ്രുവരി ആദ്യവാരം ഈജിപ്തിലെ അൽ അരിഷ് തുറമുഖത്ത് എത്തുന്ന കപ്പലിലെ സാധനങ്ങൾ പിന്നീട് ലോറികളിൽ ഗാസയിൽ എത്തിച്ച് വിതരണം ചെയ്യും.
വെടിനിർത്തൽ ഞായറാഴ്ച പ്രാബല്യത്തിൽ വന്നതിനുശേഷം ഗാസയിലേക്ക് കൂടുതൽ സഹായം എത്തിച്ചുവരികയാണെന്ന് എമിറേറ്റ്സ് റെഡ് ക്രസന്റ് സെക്രട്ടറി ജനറൽ റാഷിദ് അൽ മൻസൂരി പറഞ്ഞു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശത്തെ തുടർന്ന് ഓപ്പറേഷൻ ഗാലന്റ് നൈറ്റ്– 3 ആവിഷ്കരിച്ച് നടത്തിവരുന്ന കാരുണ്യപദ്ധതിക്ക് എമിറേറ്റ്സ് റെഡ് ക്രസന്റിന്റെയും യുഎഇയിലെ മാനുഷിക, ജീവകാരുണ്യ സ്ഥാപനങ്ങളുടെയും സഹകരണമുണ്ട്.