ഷീറ്റ് മേഞ്ഞ കൂരയിൽ നിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക്; പ്രവാസി മലയാളിയുടെ കരുതലിൽ വാസുദേവന് സ്വപ്ന സാക്ഷാത്കാരം

Mail This Article
എടപ്പാൾ ∙ വാസുദേവന്റെ വീടെന്ന സ്വപ്നം യാഥാർഥ്യമായി. ഉത്സവത്തിന് കരിങ്കാളി കെട്ടിയാടവേ ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റ് മരണത്തോട് മല്ലിട്ട് ജീവിതത്തിലേക്ക് തിരികെ എത്തിയ കോട്ടപ്പാടം പറക്കുങ്ങര വാസുദേവനാണ് (43) പ്രവാസിയുടെ സഹായത്തിൽ സ്വന്തമായി വീട് ലഭിച്ചത്.
2 വർഷം മുൻപാണ് ചങ്ങരംകുളം മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കരിങ്കാളി വേഷം കെട്ടിയാടുന്നതിനിടെ നരണിപ്പുഴയിലെ വീട്ടിൽ വച്ച് നിലവിളക്കിൽ നിന്ന് പൊള്ളലേറ്റത്. തീ ശരീരത്തിൽ മുഴുവൻ പടർന്നു കയറിയ വാസുദേവനെ ഉടൻ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ തിരിച്ചു കിട്ടി. എന്നാൽ കൈകൾ ഉയർത്താനും മറ്റും സാധിച്ചിരുന്നില്ല.
നിർധന കുടുംബാംഗമായ വാസുദേവന് ഇതോടെ ജോലിക്ക് പോകാനും സാധിക്കാതെയായി. ഷീറ്റ് മേഞ്ഞ കൂരയിൽ ആയിരുന്നു ഭാര്യയും മക്കളുമായി കഴിഞ്ഞിരുന്നത്. നാട്ടുകാർ ചേർന്ന് ചികിത്സാ സഹായ സമിതി രൂപീകരിച്ച് ലഭിച്ച തുക ഉപയോഗിച്ചാണ് ചികിത്സകൾ നടത്തിയിരുന്നത്.
സ്വന്തമായി ഒരു വീടെന്ന സ്വപ്നവുമായി കഴിയവേയാണ് മന്ത്രി എം.ബി.രാജേഷിന്റെ ഇടപെടലിനെ തുടർന്ന് പ്രവാസിയായ ഒറ്റപ്പാലം മണിശ്ശേരി സ്വദേശിയായ പമ്പാ വാസൻ വീട് നിർമിച്ചു നൽകാൻ സന്നദ്ധനായി രംഗത്തെത്തിയത്. തുടർന്ന് താമസിച്ചിരുന്ന കുടിലിനോട് ചേർന്ന് പുതിയൊരു വീടിന്റെ നിർമാണം പൂർത്തീകരിച്ചു. കഴിഞ്ഞ ദിവസം ഗൃഹപ്രവേശനവും നടത്തി.
കൈകളിലെ ശസ്ത്രക്രിയ ഇതിനോടകം പൂർത്തീകരിച്ചു. ഇനി വിരലുകളുടെ ശസ്ത്രക്രിയ കൂടി നടത്തേണ്ടതുണ്ട്. ശാരീരിക അവശതകൾ അലട്ടുമ്പോഴും കയറിക്കിടക്കാൻ സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമായതിന്റെ ആഹ്ലാദത്തിലാണ് വാസുദേവനും കുടുംബവും.