യുഎഇ ലോട്ടറി: കാഴ്ചയില്ലാത്ത സഹോദരങ്ങൾക്ക് തണലായി പ്രവാസി, 'നാട്ടിൽ സ്വന്തമായി ഒരു വീട് '; ഭാഗ്യദേവത കനിഞ്ഞ അഞ്ച് പേർ

Mail This Article
അബുദാബി ∙ യുഎഇയുടെ ആദ്യത്തേതും നിയന്ത്രിതവുമായ ലോട്ടറിയാണ് ദി യുഎഇ ലോട്ടറി. ജനറൽ കമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആർഎ) ലൈസൻസ് ചെയ്ത അബുദാബി ആസ്ഥാനമായുള്ള ഓപ്പറേറ്ററായ ദി ഗെയിം എൽഎൽസിയാണ് യുഎഇ ലോട്ടറി നിയന്ത്രിക്കുന്നത്. 100 ദശലക്ഷം സമ്മാനത്തുകയുളള യുഎഇ ലോട്ടറിയുടെ അടുത്ത നറുക്കെടുപ്പ് ഈ മാസം 25നാണ്. യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ 100,000 ദിർഹം തേടിയെത്തിയ അഞ്ച് ഭാഗ്യവാന്മാരായ പ്രവാസികളുടെ അനുഭവം.
∙മകന്റെ വിദ്യാഭ്യാസം
കഴിഞ്ഞ ഓഗസ്റ്റിലാണ് ബിൽജന വോഹ്ലർട്ട് യുഎഇയിൽ എത്തി ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചത്. ഈ വിജയം തന്റെ ജീവിതത്തിലെ ഒരു പുതിയ അധ്യായമാണ്. “തന്റെ വിജയത്തിൽ നിന്നുള്ള എല്ലാ പണവും തന്റെ മകന്റെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കും. വിദ്യാഭ്യാസം വളരെ പ്രധാനമാണ്,”ബിൽജന പറയുന്നു.

∙'100 മില്യൻ ലക്ഷ്യം'
ഫിലിപ്പീൻസ് ഷെഫ് ഡാനിയേൽ ഹെർമാനോസ് യുഎഇ ലോട്ടറിയിൽ വിജയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യം മടിച്ചുനിന്ന അദ്ദേഹത്തെ സുഹൃത്തുക്കളാണ് ഭാഗ്യ പരീക്ഷണത്തിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിച്ചത്. എല്ലാവരും പങ്കെടുത്തപ്പോൾ ആ വിനോദത്തിൽ താനും പങ്കുചേർന്നതായി അദ്ദേഹം പറയുന്നു. 100,000 ദിർഹത്തിൽ നിർത്താൻ ഡാനിയേലിന് തത്കാലം പ്ലാനില്ല. 100 മില്യനാണ് അടുത്ത ലക്ഷ്യം. ജാക്ക്‌പോട്ട് ലക്ഷ്യം വച്ച് വീണ്ടും ഭാഗ്യപരീക്ഷണത്തിന് മുതിരുമെന്ന് അദ്ദേഹം പറയുന്നു.

∙ഒരു പുതിയ വീട്
നേപ്പാൾ സ്വദേശിയായ ദിൽ ബദൗർ നാല് വർഷം മുൻപാണ് യുഎഇയിൽ എത്തുന്നത്. നേപ്പാളിൽ സ്വന്തമായി ഒരു വീട് എന്ന സ്വപാനമാണ് യുഎഇ ലോട്ടറിയിലൂടെ സാധ്യമാകുന്നത്. സ്വപ്ന സാക്ഷാത്കാരത്തിന്റെ ആവേശത്തിലാണ് ദിൽ ബദൗർ
∙പുതുവത്സര സമ്മാനം
അസർബൈജാൻ സ്വദേശിയായ ടുറൽ അബ്ബാസ്സോവ് 2007 മുതൽ യുഎഇയിലാണ്. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നതിനിടെയായിരുന്നു സമ്മാനം ലഭിച്ച വിവരം അറിയുന്നത്. “പുതുവർഷത്തിന് രണ്ട് ദിവസം മുൻപായിരുന്നു അത്. പുതുവത്സര സമ്മാനം പേലെയാണ് 100,000 ദിർഹം വന്നെത്തിയത്.
∙കാഴ്ചയില്ലാത്ത സഹോദരങ്ങൾക്ക് തണൽ
മൂന്ന് സഹോദരങ്ങളിൽ മൂത്ത ആളാണ് പാകിസ്ഥാൻ സ്വദേശിയായ മുഹമ്മദ് അദ്നാൻ. പിതാവിന്റെ മരണശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്താണ് അദ്നാൻ പ്രവാസിയാകുന്നത്. തന്റെ രണ്ട് സഹോദരന്മാർക്കും കാഴ്ചശക്തിയില്ല. 100,000 ദിർഹം എന്ന വലിയ നേട്ടത്തോടെ കുടുംബത്തിന്റെ ആവശ്യങ്ങൾ സുഗമമായി നടക്കുമെന്ന പ്രതീക്ഷയിലാണ് അദ്നാൻ.