ഖത്തർ ഇന്ത്യൻ എംബസി അപെക്സ് ബോഡി തിരഞ്ഞെടുപ്പ് ജനുവരി 31ന് ഓൺലൈനിൽ

Mail This Article
ദോഹ ∙ ഖത്തറിലെ പ്രവാസി ഇന്ത്യൻ സമൂഹം തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന അപെക്സ് ബോഡി തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) എന്നിവയിലേക്കുള്ള പ്രസിഡന്റ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, അസോസിയേറ്റഡ് ഓർഗനൈസേഷൻ പ്രതിനിധികൾ എന്നീ സ്ഥാനങ്ങളിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണം കഴിഞ്ഞ ദിവസം പൂർത്തിയായി.
നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധനയും പൂർത്തിയായതോടെ ഐ.സി.ബി.എഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് പേരും ഐ സി സി ഐ എസ് സി പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് പേരുമാണ് മത്സര രംഗത്തുള്ളത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം നാളെ വൈകുന്നേരം അഞ്ചു മണിയാണ്. 24ന് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പ് ജനുവരി 31 ഓൺലൈൻ വഴിയാണ് നടക്കുന്നത്.
നാമനിർദേശ പത്രിക സമർപ്പണവും സൂക്ഷ്മ പരിശോധനയും പൂർത്തിയായപ്പോൾ വോട്ട് പിടിത്തവും വോട്ടുറപ്പിക്കലുമായി പ്രചാരണവും സജീവമായി. സ്ഥാനാർഥികൾ സോഷ്യൽ മീഡിയകൾ ഉപയോഗിച്ചാണ് മുഖ്യമായും തിരഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവച്ചും വാട്സ്ആപ് വഴി വ്യക്തികളോട് നേരിട്ട് വോട്ടഭ്യർഥിച്ചുമാണ് പ്രചാരണങ്ങൾ സജീവമാകുന്നത്. വിവിധ അപെക്സ് ബോഡികളിൽ പണമടച്ചു അംഗത്വം എടുത്തവർക്കാണ് അതത് സംഘടനകളിലേക്ക് വോട്ടവകാശമുള്ളത്.
മൂന്ന് സംഘടനകളുടെയും നിലവിലെ പ്രസിഡന്റുമാർ രണ്ടാമൂഴം തേടിയാണ് മത്സര രംഗത്തുള്ളത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് അവർ വോട്ട് ചോദിക്കുന്നത്. അവർക്കെതിരെ മത്സരിക്കുന്ന ഐ.സി.ബി.എഫ്, ഐ എസ് സി പ്രസിഡന്റ് സ്ഥാനാർഥികൾ കഴിഞ്ഞ വർഷവും മത്സരിച്ചിരുന്നെങ്കിലും പരാജയപെടുകയിയിരുന്നു. അവർ തന്നെയാണ് ഈ വർഷവും മത്സരിക്കുന്നത്. ഐ.സി.ബി.എഫ് പ്രസിഡന്റ് പദവിയിലേക്ക് ത്രികോണ മത്സരമാണ്. ഐ.സി.ബി.എഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ അധ്യക്ഷൻ ഷാനവാസ് ബാവയും സാബിത് സഹീറും തമ്മിലാണ് പ്രധാനമത്സരം. മൂന്നാമനായി സിഹാസ് ബാബു മേലെയിലും രംഗത്തുണ്ട്. സാബിത് സഹീർ ഐ.സി.ബി.എഫ് മുൻ ജനറൽ സെക്രട്ടറിയായിരുന്നു. മാനേജിങ് കമ്മിറ്റിയിലേക്ക് റഷീദ് അഹമ്മദ്, നിർമല ഗുരു, ജാഫർ തയ്യിൽ, ദീപക് ഷെട്ടി, ദിനേഷ് ഗൗഡ, സന്തോഷ് കുമാർ പിള്ളൈ, മിനി സിബി, പ്രവീൺ കുമാർ ബുയ്യാനി എന്നിവരുമാണുള്ളത്.
പ്രവാസി ഇന്ത്യക്കാരുടെ സാംസ്കാരിക വിഭാഗമായ ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ അധ്യക്ഷൻ എ.പി മണിക്ണഠനും ഷെജി വലിയകത്തുമാണ് രംഗത്തുള്ളത്. ഷെജി ഐ.എസ്.സി-ഐ.ബി.പി.സി വൈസ് പ്രസിഡന്റ് പദവികൾ വഹിച്ചിരുന്നു. ഐ.സി.സി മാനേജ്മെന്റ് കമ്മിറ്റി സ്ഥാനങ്ങളിലേക്ക് എബ്രഹാം ജോസഫ്, അഫ്സൽ അബ്ദുൽ മജീദ്, നന്ദിന അബ്ബഗൗനി, ശാന്താനു സി. ദേശ്പാണ്ഡേ, അനു ശർമ, അനിഷ് ജോർജ് മാത്യു, ഷൈനി കബീർ, അനിൽ ബോളോർ എന്നിവരും മത്സര രംഗത്തുണ്ട്.
പ്രവാസി ഇന്ത്യക്കാരുടെ കായിക കൂട്ടായ്മയായ ഐ.എസ്.സി പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ അധ്യക്ഷൻ ഇ.പി അബ്ദുൽറഹ്മാനും ആഷിഖ് അഹമ്മദും തമ്മിലാണ് മത്സരം. മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് ഹംസ യൂസുഫ്, കവിത മഹേന്ദ്രൻ, ദീപക് ചുക്കല, അബ്ദുൽ ബഷീർ തുവാരിക്കൽ നിസ്താർ പട്ടേൽ, കിഷോർ നായർ, ഷൈജിൻ ഫ്രാൻസിസ്, അജിത ശ്രീവത്സൻ, എന്നിവരും മത്സരിക്കും. അപെക്സ് സംഘാടന പ്രസിഡന്റ്, മാനേജിങ് കമ്മിറ്റി സ്ഥാനങ്ങൾക്കു പുറമെ അസോസിയേറ്റ് ഓർഗനൈസേഷൻ പ്രതിനിധികളെയും വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കും. ഐ.സി.സിക്ക് മൂന്നും, ഐ.സി.ബി.എഫ്, ഐ.എസ്.സി എന്നിവയ്ക്ക് ഓരോ അസോസിയേറ്റഡ് ഓർഗനൈസേഷൻ പ്രതിനിധി സ്ഥാനങ്ങളുമാണുള്ളത്.