മസ്കത്തിലെ ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനം ആരംഭിച്ചു; 6504 സീറ്റുകൾ ലഭ്യം

Mail This Article
മസ്കത്ത് ∙ മസ്‌കത്തിലെയും സമീപ പ്രദേശങ്ങളിലെയും ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അടുത്ത അധ്യയന വർഷത്തെ പ്രവേശന നടപടികൾ ആരംഭിച്ചു. www.indianschoolsoman.com എന്ന വെബ്സൈറ്റിൽ ഫെബ്രുവരി 20 വരെ റജിസ്റ്റർ ചെയ്യാം. 2025 ഏപ്രിൽ ഒന്നിന് മൂന്ന് വയസ്സ് പൂർത്തിയായ കുട്ടികൾക്ക് ബാലവതികയിൽ (പ്രീ സ്കൂൾ) പ്രവേശനത്തിന് അർഹതയുണ്ട്.
ഒൻപതാം ക്ലാസ് വരെ ഓൺലൈൻ വഴി പ്രവേശനം നേടാം. റസിഡന്‍റ് വീസയുള്ള ഇന്ത്യക്കാരുടെ മക്കൾക്കാണ് പ്രവേശനം. രേഖകൾ സമർപ്പിക്കുന്നതിനോ ഫീസ് അടയ്ക്കുന്നതിനോ സ്കൂൾ സന്ദർശിക്കേണ്ടതില്ല. ഏഴ് സ്കൂളുകളിലായി 6,504 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. ബാലവതികയിലും കെജി ക്ലാസുകളിലുമാണ് കൂടുതൽ സീറ്റുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ അപേക്ഷകരുടെ എണ്ണം ഉയരുമെന്നാണ് പ്രതീക്ഷ.
ഏറ്റവും കൂടുതൽ സീറ്റുകൾ മസ്കത്ത് ഇന്ത്യൻ സ്കൂളിലാണ് ഇവിടെ രാവിലത്തെ ഷിഫ്റ്റില്‍ 1,080 വിദ്യാര്‍ഥികള്‍ക്കും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റില്‍ 400 വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭിക്കും. ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ രാവിലെ 398 ഉം ഉച്ചക്ക് ശേഷം 119 ഉം സീറ്റുകൾ ലഭ്യമാണ്. ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റിൽ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയാണ് പ്രവേശനം.
വാദി കബീർ (1,205), വാദി കബീർ-ഇന്‍റർനാഷനൽ (811), ഗുബ്ര (426), ഗുബ്ര ഇന്‍റർനാഷനൽ (173), ബൗഷർ (815), മബേല (580), സീബ് (497) എന്നിങ്ങനെയാണ് മറ്റ് സ്കൂളുകളിലെ സീറ്റുകളുടെ എണ്ണം.