മണി എക്സ്ചേഞ്ച് കവര്‍ച്ച; മോഷ്ടിച്ച പണവും കളിതോക്കും കണ്ടെടുത്തു, മൂന്ന് പേര് കസ്റ്റഡിയിൽ

Mail This Article
കുവൈത്ത് സിറ്റി ∙ അല്‍ അഹ്മദി ഗവര്‍ണറേറ്റിലെ മെഹ്ബൂല, മംഗഫ് പ്രദേശങ്ങളിലെ രണ്ട് മണി എക്‌സ്‌ചേഞ്ചുകളിലാണ് കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ കൊള്ളയടിച്ചത്. ഇതില്‍, മെഹ്ബൂല മണി എക്‌സ്‌ചേഞ്ചിൽ നടന്ന കവര്‍ച്ചയില്‍ കൊണ്ടുപോയ പണവും, കളിതോക്കും പിന്നീട് പ്രതികളില്‍ ഒരാള്‍ ഉപേക്ഷിച്ചു. പൊലീസ് അന്വേഷണത്തില്‍ ഇത് കണ്ടെടുത്തിട്ടുണ്ട്.
മൂന്ന് പേരാണ് പ്രതികളെന്ന് പൊലീസ് പറയുന്നത്. ഇവര്‍ മുഖംമൂടി ധരിച്ച് മെഹ്ബൂലയിലെ സ്ഥാപനത്തില്‍ കവര്‍ച്ച നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്രതികള്‍ വന്ന വാഹനം പരിശോധിച്ചുള്ള അന്വേഷണം നടത്തിയ പൊലീസ് സംശയത്തിന്റെ പേരില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
അതിനിടെ, കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ഫിന്റാസിലെ ഒരു മണി എക്‌സ്‌ചേഞ്ചില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച ആഭ്യന്തര മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥന് ക്രിമിനല്‍ കോടതി 15 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. കൗണ്‍സിലര്‍ മുതാബ് അല്‍-ആര്‍ദിയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.