ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയും സുപ്രീം ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാനുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സലേം നവാഫ് അല്‍-അഹമ്മദ് അല്‍-സബാഹിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിൽ പുതിയ ഗതാഗത നിയമം നടപ്പാക്കുന്നതിന് മുൻപ് ബോധവല്‍ക്കരണ ക്യാംപെയ്നുകൾ നടത്താന്‍ തീരുമാനം.

സുപ്രീം ട്രാഫിക് കൗണ്‍സിലിന്റെ 23-ാമത് യോഗത്തില്‍ ആഭ്യന്തര, വിദ്യാഭ്യാസ, പൊതുമരാമത്ത്, വാര്‍ത്താവിതരണം, പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, കുവൈത്ത്‌ മുനിസിപ്പാലിറ്റി എന്നിവടങ്ങളിലെ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ പങ്കെടുത്തു. ഗതാഗത സുരക്ഷ കൈവരിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളും പൊതു സമൂഹവും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം യോഗത്തില്‍ ഷെയ്ഖ് സലേം അല്‍ നവാഫ് ഊന്നിപ്പറഞ്ഞു.

പൊതുഗതാഗത സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍, ഗതാഗത സുരക്ഷയിലെ സംഭവവികാസങ്ങള്‍ അവലോകനം ചെയ്യുക,അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ ഗതാഗത അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ഭാവി പദ്ധതികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. പബ്ലിക് ട്രാസ്‌പോര്‍ട്ടിന്റെ ഉപയോഗം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബയുടെ നിര്‍ദേശാനുസരണമായിരുന്നു യോഗം. ഞായറാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഗതാഗത നിയമം ഭേദഗതി ചെയ്ത് ഉത്തരവ് ഇറക്കിയത്. ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് മൂന്ന് മാസം കഴിഞ്ഞാണ് പ്രാബല്യത്തില്‍ വരുക. ഭേദഗതി പ്രകാരം, ചുവപ്പ് സിഗ്നല്‍ മറികടന്നാല്‍ മൂന്ന് മാസം ജയില്‍ വാസമോ, 600 ദിനാര്‍ മുതല്‍ 1000 വരെ പിഴയോ നല്‍കേണ്ടി വരും.

മറ്റുള്ളവര്‍ക്ക് അപകടമാവിധം വാഹനം ഓടിക്കുന്നത്, അമിത വേഗത, ഏതിര്‍ ദിശയില്‍ വാഹനം ഓടിക്കുന്നത്, അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ ബൈക്കുകള്‍, ബഗ്ഗികള്‍ ഉപയോഗിക്കുന്നത്, അംഗപരിമിതരുടെ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുക, വാഹനങ്ങള്‍ക്ക് വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കുന്നത് അടക്കമുള്ള ലംഘനങ്ങള്‍ക്കും സമാന ശിക്ഷയും പിഴയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മദ്യപിച്ചോ, മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിച്ച് അപകടമുണ്ടാക്കി മരണം സംഭവിച്ചാല്‍ രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയാണ്. ഒപ്പം, 2000 മുതല്‍ 5000 ദിനാര്‍വരെ പിഴയും നല്‍കേണ്ടി വരും. ഇത്തരക്കാര്‍ ഉണ്ടാക്കുന്ന അപകട നഷ്ടങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ്. പിഴ 2000 മുതല്‍ 3000 വരെ. ലഹരി ഉപയോഗിച്ച് വാഹനമോടിച്ച് പിടികൂടിയാല്‍ ഒന്ന് മുതല്‍ രണ്ടുവര്‍ഷം വരെ തടവ് ശിക്ഷയോ,1000 മുതല്‍ 3000 ദിനാര്‍ വരെ പിഴയും ഒടുക്കണം.

എന്നാല്‍, നിയമത്തിലെ ചിലതില്‍ ആശങ്കയിലാണ് വിദേശികള്‍ അടക്കമുള്ളവര്‍. ആഭ്യന്തര മന്ത്രാലയം ബോധവല്‍ക്കരണം നടത്തി, നിയമം നടപ്പാക്കുമ്പോള്‍ അതിന് പരിഹാരമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

English Summary:

MoI intensifies awareness campaigns before implementing new traffic law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com