അലാം കേട്ട് ഞെട്ടി, അമ്മയും ബാഗുമില്ല: പൊലീസ് അകമ്പടിയോടെ വിമാനത്തിലേക്ക്, ഒപ്പം യാത്രക്കാരുടെ കയ്യടി; ഒന്നൊന്നര യാത്രാനുഭവം

Mail This Article
അറിയാത്ത ലോകത്തിലേക്കുള്ള വാതായനമാണ് അനുഭവങ്ങള്‍ എന്നാണ് വിഖ്യാത ആംഗലേയ കവി ടെന്നിസണ്‍ പറയുന്നത്. ഏത് യാത്രാനുഭവങ്ങളും മനസില്‍ മായാതെ നില്‍ക്കുന്നവയാണ്. ടെന്‍ഷന്‍ ഉണ്ടാക്കിയ അനുഭവങ്ങളെക്കുറിച്ച് പിന്നീട് നാം ഓര്‍ക്കുമ്പോള്‍ അതിലെ തമാശയോര്‍ത്ത് ചിരിക്കാറുമുണ്ട്. ഓസ്‌ട്രേലിയ യാത്രയ്ക്കിടെ അനുഭവിക്കേണ്ടി വന്ന ടെന്‍ഷനും തുടര്‍ന്നുണ്ടായ സംഭവങ്ങളും പങ്കുവെയ്ക്കുകയാണ് നടനും എഴുത്തുകാരനും നിര്‍മാതാവും സംവിധായകനും ലോക റെക്കോര്‍ഡ് ജേതാവുമായ ആലപ്പുഴ ചേർത്തല സ്വദേശി ജോയ് കെ. മാത്യു.
ഒരിക്കല്‍ സിംഗപ്പൂര്‍ ചാംഗി എയര്‍പോര്‍ട്ടില്‍ 5 മണിക്കൂര്‍ വിശ്രമിക്കേണ്ടതായി വന്നു. ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ ഫ്‌ളൈറ്റ് നോക്കിയുള്ള കാത്തിരിപ്പാണ്. പലപ്പോഴും രണ്ട് മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ മറ്റ് ചിലപ്പോള്‍ അതിലേറെ സമയം എയര്‍പോര്‍ട്ടില്‍ കാത്തിരിക്കേണ്ടതായി വരാറുണ്ട്. തുടര്‍ച്ചയായി 15 ദിവസം നീണ്ട ഷൂട്ടിങ് തിരക്കു കൊണ്ടുള്ള ക്ഷീണവും ഉറക്കമില്ലായ്മയുമുണ്ട്. സഹയാത്രികര്‍ അവരവരുടെ ടെര്‍മിനലുകളിലേക്കും ഗേറ്റിലേക്കും പോയി സ്ലീപ്പിങ് ലോഞ്ചില്‍ കിടന്ന് 4 മണിക്കൂര്‍ നന്നായി ഉറങ്ങണം എന്ന ആഗ്രഹത്തോടെ ഭക്ഷണം കഴിച്ച് എന്റെ കൈയില്‍ ആകെയുള്ള ഒരു ഹാന്‍ഡ് ബാഗുമായി ടെര്‍മിനല്‍ 2 ലെ സ്ലീപ്പിങ് ലോഞ്ചിലെത്തി.
ബാഗ് ഒരു വശത്ത് ഒതുക്കി വച്ച് ഫോണില്‍ അലാം സെറ്റ് ചെയ്ത് കിടക്കാന്‍ ഒരുങ്ങുമ്പോള്‍, ഭക്ഷണം കഴിക്കുന്ന സമയത്ത് റസ്റ്ററന്റില്‍ വച്ച് പരിചയപ്പെട്ട ഒരു തമിഴ് കുടുംബം എന്റെ അടുത്തു വന്ന് ചോദിച്ചു ഞങ്ങള്‍ക്കൊന്ന് എയര്‍പോര്‍ട്ടിന് പുറത്ത് ഒരു സുഹൃത്തിനെ കാണാന്‍ പോകണമെന്നുണ്ട്, അമ്മയ്ക്ക് പുറത്ത് വരാന്‍ ഒട്ടും താല്പര്യമില്ല. അമ്മയെ ഇവിടെ ഇരുത്തിയാല്‍ ഒന്നു നോക്കാമോ.. ഞാന്‍ പറഞ്ഞു, അതിന് കുഴപ്പമില്ല; പക്ഷെ, 5 മണിക്കൂര്‍ കഴിയുമ്പോള്‍ എന്റെ ഫ്ളൈറ്റിന് സമയമാകും. അതിനു മുന്‍പ് എത്തുമെന്ന് അവര്‍ പറഞ്ഞ് അവരുടെ 70 വയസ്സ് പ്രായമായ അമ്മയെ എന്നെ ഏല്‍പിച്ച് പോകാന്‍ ശ്രമിക്കുമ്പോള്‍, നിങ്ങളെ കോണ്‍ടാക്ട് ചെയ്യാനുള്ള നമ്പര്‍ കൂടി തരാമോയെന്ന് ഞാന്‍ ചോദിച്ചു. അതെല്ലാം എന്റെ കൈയില്‍ ഉണ്ടെന്ന് അമ്മ പറഞ്ഞു. അമ്മ പറയുന്നത് കേട്ട് ചിരിച്ച് കൊണ്ട് അവര്‍ അവിടെ നിന്നും പോയി.

അമ്മയുമായുള്ള കുറച്ച് നേരത്തെ സംഭാഷണത്തില്‍ അത്യാവശ്യം നല്ല ഓര്‍മകുറവും കേള്‍വി കുറവും ഉണ്ടെന്ന് മനസ്സിലായി. എങ്കിലും അമ്മ, ലോക കാര്യങ്ങളും തമിഴ് സിനിമയെകുറിച്ചുമൊക്കെ പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്ക് എന്നോട് പറഞ്ഞു എനിക്ക് വിശക്കുന്നു മോനെ, നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് വരാം. എനിക്ക് ഒന്നും വേണ്ട, ഞാന്‍ അമ്മയോടൊപ്പം വരാം എന്നു പറഞ്ഞ് ഞങ്ങള്‍ റസ്റ്ററന്റിലേക്ക് പോയി. അമ്മ ഭക്ഷണം കഴിച്ചു. സ്ലീപ്പിങ് ലോഞ്ചില്‍ ഞങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ 'എന്റെ ഹിയറിങ്ങ് എയ്ഡ് അവിടെ വച്ച് മറന്നു പോയി, മോനിവിടെ ഇരുന്നോളു ഞാന്‍ പോയി എടുത്തിട്ട് വരാമെന്ന്' അമ്മ പറഞ്ഞു. ഇവിടെ ഇരുന്നോളു ഞാന്‍ പോയി എടുത്തുകൊണ്ടു വരാമെന്ന് പറഞ്ഞ് അമ്മയെ അവിടെ ഇരുത്തിയ ശേഷം ഞാന്‍ റസ്റ്ററന്റില്‍ പോയി ഞങ്ങളിരുന്നിടത്ത് നോക്കിയപ്പോള്‍ അവിടെ കണ്ടില്ല. കൗണ്ടറില്‍ പോയി തിരക്കിയപ്പോള്‍ അവര്‍ അതെടുത്ത് സൂക്ഷിച്ചു വച്ചിരുന്നു. ഞാനത് വാങ്ങി തിരിച്ച് വന്നപ്പോള്‍ കേള്‍വി കുറവുള്ള അമ്മ അവിടെ ഇരുന്ന് ഫോണില്‍ വളരെ കഷ്ടപ്പെട്ട് സൂര്യയുടെ സിങ്കം സിനിമ കാണുകയാണ്. ഹിയറിങ് എയ്ഡ് ഞാന്‍ അമ്മയ്ക്ക് നല്‍കി.
സിനിമ കാണുന്നതിനിടയില്‍ പുറത്തേക്കു പോയ മോന്‍ അമ്മയെ ഫോണില്‍ വിളിച്ചു അവര്‍ കൂട്ടുകാരന്റെ അടുത്ത് എത്തിയെന്ന് പറഞ്ഞു. മോന്റെ കൂട്ടുകാരനുമായി അമ്മ സംസാരിക്കുകയും. അമ്മയെ നോക്കുന്നതിന് എനിക്ക് പ്രത്യേകം നന്ദിയും പറഞ്ഞ് കൊണ്ട് ഫോണ്‍ കട്ട് ചെയ്തു. അമ്മയുടെ സിനിമ കാഴ്ച തുടര്‍ന്നു. എന്നോട് ഉറങ്ങിക്കോളാന്‍ നിരവധി തവണ അമ്മ പറഞ്ഞെങ്കിലും അമ്മയെ നോക്കേണ്ട ഉത്തരവാദിത്വം ഉള്ളതിനാല്‍ ഞാന്‍ ഉറങ്ങാതെ പിടിച്ചിരുന്നു. പക്ഷേ നല്ല ഉറക്കക്ഷീണം കൊണ്ട് ഇടയ്ക്ക് ഞാന്‍ ഉറങ്ങി പോയി.

ഫോണില്‍ സെറ്റ് ചെയ്തിരുന്ന അലാറം കേട്ട് ഞാന്‍ ഞെട്ടി ഉണര്‍ന്നപ്പോള്‍ അമ്മയെ കാണുന്നില്ല. 5 മിനിറ്റിനുള്ളില്‍ ബോര്‍ഡിങ് തുടങ്ങും! മാത്രമല്ല, 15 ദിവസം 3 ക്യാമറകളിലായി മറ്റൊരു കമ്പനിക്കായി ഷൂട്ട് ചെയ്ത വിഡിയോ ഫയല്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കുകളും, എന്റെ പാസ്പോര്‍ട്ട് അങ്ങനെ പ്രധാനപ്പെട്ട സാധനങ്ങള്‍ അടങ്ങിയ ബാഗും കാണുന്നില്ല. പാസ്പോര്‍ട്ട് ഇല്ലാതെ ഞാന്‍ എവിടെ പോകാനാണ് എങ്കിലും സ്‌ക്രീനില്‍ എനിക്ക് പോകേണ്ട ടെര്‍മിനലും ഗേറ്റും നോക്കി വച്ചു. ചുറ്റും ഓടി നടന്ന് അമ്മയെ തിരഞ്ഞു. ഉറങ്ങുന്ന എന്നെ ശല്യം ചെയ്യേണ്ട എന്നു കരുതി മക്കള്‍ വന്ന് അമ്മയെ കൂട്ടിക്കൊണ്ടു പോയോ... ബാഗ് മാറി എടുത്തോ... അതോ ബാഗ് മറ്റാരെങ്കിലും അടിച്ച് മാറ്റി കൊണ്ട് പോകുമോ എന്ന് ചിന്തിച്ച് അമ്മ ബോധപൂര്‍വ്വം ബാഗ് എടുത്ത് കൊണ്ട് വീണ്ടും ഭക്ഷണം കഴിക്കാന്‍ റസ്റ്ററന്റില്‍ പോയതാണോ. അങ്ങനെ അനവധി ചിന്തകള്‍ മനസിലൂടെ കടന്നു പോയി. സമയവും അതിവേഗം പാഞ്ഞു. പാസ്പോര്‍ട്ട് പോയാല്‍, കുറച്ച് നാളുകള്‍ ബുദ്ധിമുട്ടിയാല്‍ മതിയാകും ഇനി എത്ര താമസം നേരിട്ടാലും വേറെ പാസ്പോര്‍ട്ട് എടുക്കാം. പക്ഷെ, 15 ദിവസം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റുകളെ വച്ച് ഷൂട്ട് ചെയ്ത വിഡിയോകള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ പോയാലുള്ള നഷ്ടം എനിക്ക് താങ്ങാനാകില്ല.
മറ്റൊന്നും ചിന്തിക്കാതെ എയര്‍പോര്‍ട്ട് പൊലീസിന്റെ അടുത്ത് പരാതി നല്‍കി. അവര്‍ ഇംഗ്ലിഷിലും തമിഴിലും അനൗണ്‍സ് ചെയ്തു കൊണ്ടിരുന്നു. പ്രതികരണം ഒന്നും ഇല്ല. എന്റെ ഫ്ളൈറ്റ് സമയത്തെ കുറിച്ച് പറഞ്ഞു. സ്ലീപ്പിങ് ലോഞ്ചില്‍ ഞങ്ങള്‍ ഇരുന്ന സ്ഥലം കാണിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. അവിടെ ചെന്നപ്പോള്‍ അമ്മ ഇരുന്നിടത്ത് അല്പം മാറി ഒരു കര്‍ച്ചീഫ്, അതില്‍ അവരുടെ ഹിയറിങ്ങ് എയ്ഡ്. അത് കണ്ട് ഞാന്‍ ഞെട്ടി. കാരണം അതില്ലാതെ അവര്‍ക്ക് ഒന്നും കേള്‍ക്കാന്‍ കഴിയില്ല. അതുകൊണ്ട് അനൗണ്‍സ്മെന്റും കേട്ട് കാണില്ല ഇക്കാര്യം പൊലീസിനോട് പറഞ്ഞപ്പോള്‍ അവര്‍ എന്നെ കണ്‍ട്രോള്‍ റൂമിലേക്ക് കൊണ്ടു പോയി.

ആയിരക്കണക്കിന് ക്യാമറകളില്‍ നിന്നുള്ള വിവിധ ദൃശ്യങ്ങള്‍. ഇത്രയേറെ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മറ്റെവിടെയും ഞാന്‍ ഇതിന് മുന്‍പ് കണ്ടിട്ടില്ല. ഞങ്ങള്‍ ഇരുന്ന ടെര്‍മിനല്‍ 2 ലെ പരിസരത്തിലെയും മറ്റ് ടെര്‍മിനലുകളിലെയും സിനിമാ തിയേറ്റര്‍, മേല്‍ക്കൂരയിലെ സ്വിമ്മിങ് പൂള്‍, ചിത്രശലഭ ഉദ്യാനം, ബാര്‍, ജിം, റസ്റ്ററന്റുകള്‍ അങ്ങനെ എല്ലായിടത്തെയും ദൃശ്യങ്ങള്‍ പരിശോധിച്ചു. അപ്പോഴാണ് ടെര്‍മിനല്‍ ഒന്നില്‍ ജൂവല്‍സ് റെയിന്‍ വോര്‍ട്ടക്സിലെ ബേസ്മെന്റിലുള്ള ഫുഡ് കോര്‍ട്ടില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന അമ്മയെ കണ്ടത്. ഞാന്‍ സ്‌ക്രീനില്‍ ചൂണ്ടി അതാണവര്‍ എന്ന് പൊലീസിനോട് പറഞ്ഞു. അവര്‍ അതിവേഗം എവിടെയൊക്കെയോ മെസ്സേജ് കൊടുക്കുന്നു 30 സെക്കന്റിനുള്ളില്‍ അമ്മയുടെ അടുത്ത് യൂണിഫോമിലും അല്ലാതെയുമുള്ള പൊലീസും മറ്റ് ഉദ്യോഗസ്ഥരും എത്തുന്നു. എനിക്ക് പോകേണ്ട ഗേറ്റിലും ഫ്ളൈറ്റിലും പൊലീസ് മെസ്സേജ് കൊടുക്കുന്നു ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ എന്നെ എയര്‍പോര്‍ട്ടിനുള്ളിലൂടെ പ്രത്യേക വാഹനത്തില്‍ എയര്‍പോര്‍ട്ട് പൊലീസ് ഗേറ്റില്‍ എത്തിക്കുന്നു. അവിടേക്ക് അമ്മയേയും കൂട്ടി പൊലീസും. കൂടെ എന്റെ ബാഗും.
ഓഫ് ആയി പോയ അമ്മയുടെ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സ്ഥലം അന്വേഷിച്ച് പോയതാണ് അമ്മ. അതിനിടയില്‍ വിശന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ തോന്നി. ഉറങ്ങുന്ന എന്നെ ശല്യം ചെയ്യണ്ടെന്നും ആരെങ്കിലും ബാഗ് മോഷ്ടിച്ചാലോ എന്നും കരുതി എന്റെ ബാഗും കയ്യിലെടുത്ത് പോയതാണത്രെ. ഈ സമയം മറ്റൊരു അനൗണ്‍സ്മെന്റ് കേള്‍ക്കാം. 'ടെര്‍മിനല്‍ 2 ലെ സ്ലീപ്പിങ് ലോഞ്ചില്‍ അമ്മയുടെ മക്കള്‍ കാത്തിരിക്കുന്നുവെന്ന്. ഏറെ സങ്കടത്തോടെ എന്നോട് ക്ഷമിക്ക് മോനെ എന്ന് പറഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ച് അമ്മ കരഞ്ഞു. സാരമില്ലെന്ന് പറഞ്ഞു പൊലീസിനോടൊപ്പം ഞാന്‍ വിമാനത്തിനടുത്തേക്ക് പോയി.

ഏതോ വലിയ ക്രിമിനലിനെ കൊണ്ട് വരുന്നത് പോലെ പൊലീസ് അകമ്പടിയില്‍ വിമാനത്തിനുള്ളിലേയ്ക്ക് കയറുമ്പോള്‍ ഞാന്‍ മൂലം അരമണിക്കൂറിലേറെ സമയം എനിക്ക് വേണ്ടി ഒരു വിമാനം നിറയെ യാത്രക്കാര്‍ കാത്തിരിക്കുന്നത് ഓര്‍ത്തു. അവരെല്ലാവരും എന്നെ തെറി വിളിക്കുമെന്നുറപ്പാണ്. മുഖത്ത് നല്ല ചമ്മലും മനസ്സില്‍ അതിലേറെ കുറ്റബോധവുമായിരുന്നു. എന്നെ പൊലീസ് വിമാനത്തിനുള്ളിലേക്ക് കയറ്റി അകത്ത് മുഴുവന്‍ ഇരുട്ട്. ഞാന്‍ അകത്തു കയറിയതും വിമാനത്തിനുള്ളില്‍ ഒരു അനൗണ്‍സ്മെന്റ്. ഇപ്പോള്‍ നടന്ന സംഭവങ്ങളുടെ ചുരുക്ക രൂപം യാത്രക്കാരോട് വിവരിക്കുകയാണ്. നമ്മുടെ സഹ യാത്രികന് വൃദ്ധയായ ഒരു സ്ത്രീ മൂലമുണ്ടായ ബുദ്ധിമുട്ട് നമുക്ക് എല്ലാവര്‍ക്കും ഒരു പോലെയാണെന്ന് കരുതുക എന്ന് പറഞ്ഞ് തീര്‍ന്നതോടെ വിമാനത്തിനുള്ളില്‍ ലൈറ്റ് തെളിഞ്ഞു. എല്ലാവരും കയ്യടിച്ച് എന്നെ സ്വീകരിക്കുന്നു. കുറ്റബോധം നിറഞ്ഞ എന്റെ മനസിന് പക്ഷേ അത് ആസ്വദിക്കാന്‍ കഴിഞ്ഞില്ല. അസ്വസ്ഥത നിറഞ്ഞ പുഞ്ചിരി തൂകി എല്ലാവരോടുമായി കൈകൂപ്പി ഞാന്‍ ക്ഷമ പറഞ്ഞ് സീറ്റിലേക്കിരുന്നു. സിംഗപ്പൂര്‍ ചാംഗി എയര്‍പോര്‍ട്ട് ഒരു വിമാനത്താവളം മാത്രമല്ല, സമാനതകളില്ലാത്ത ഒന്നൊന്നര യാത്രാനുഭവം കൂടിയാണ് !
(നിങ്ങൾക്കും ഉണ്ടാകില്ലേ വിമാനയാത്രയിലെ ഇത്തരം അനുഭവങ്ങൾ. വിമാനയാത്രാ അനുഭവങ്ങൾ നിങ്ങൾക്കും ഗ്ലോബൽ മനോരമയിൽ പങ്കുവെയ്ക്കാം. നിങ്ങളുടെ പേര്, ഫോട്ടോ, സ്വദേശം എന്നിവ ഉൾപ്പെടെയുള്ള അനുഭവകുറിപ്പ് globalmalayali@mm.co.in എന്ന ഇ–മെയിൽ വിലാസത്തിൽ ഇപ്പോൾ തന്നെ അയച്ചോളൂ.)