പട്ടം പറത്താം, ഫാഷൻ ഷോ കാണാം, വിന്റേജ് കാറുകൾക്കൊപ്പം ചിത്രമെടുക്കാം; ദോഹയിൽ വാരാന്ത്യം ആസ്വാദ്യകരമാക്കാൻ കാഴ്ചകളേറെ

Mail This Article
ദോഹ∙ ഖത്തറിലെ പ്രവാസികള്‍ക്ക് ഈ വാരാന്ത്യം ആസ്വദിക്കാന്‍ കാഴ്ചകൾ ഏറെയുണ്ട്. ദോഹ തുറമുഖത്തിന്റെ ആകാശത്ത് പട്ടം പറത്താം, ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിൽ ചെന്നാൽ കിടിലന്‍ രുചിയില്‍ നല്ല ചൂടന്‍ കാപ്പി കുടിയ്ക്കാം, ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ മനോഹരമായ ഫാഷന്‍ ഷോ കാണാം തുടങ്ങി വാരാന്ത്യം അടിച്ചുപൊളിക്കാന്‍ അവസരങ്ങളേറെ.
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന വ്യത്യസ്തങ്ങളായ പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നത്. ശൈത്യകാലമായതിനാല്‍ ഓരോ കാഴ്ചകളും നന്നായി ആസ്വദിക്കാനും കഴിയും.
എവിടെ, എന്തെല്ലാം
∙ദോഹ തുറമുഖത്ത് ഈ വാരാന്ത്യം രാവിലെ 10 മുതല്‍ രാത്രി 10 മണി വരെ കൈറ്റ് ഫെസ്റ്റിവല്‍ കാണാം. ഫെസ്റ്റിവലിന്‌റെ ഭാഗമായി സാംസ്‌കാരിക പരിപാടികള്‍, കാര്‍ണിവല്‍ പരേഡുകള്‍, പട്ടം നിര്‍മാണ പരിശീലനം, കുട്ടികള്‍ക്കായി പ്രത്യേക സോണുകള്‍, ഭക്ഷണ-പാനീയ ശാലകള്‍ എന്നിവയെല്ലാമുണ്ട്. ഈ മാസം 25 വരെയാണ് ഫെസ്റ്റിവല്‍.
∙ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിൽ ചെന്നാല്‍ ഖത്തര്‍ വേള്‍ഡ് കോഫി എക്‌സ്‌പോ കാണാം. കാപ്പി പ്രേമികള്‍ക്ക് നാടന്‍ മുതല്‍ വെസ്റ്റേണ്‍ രുചികള്‍ വരെ രുചിക്കാം. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് എക്‌സ്‌പോ. 25 വരെയാണ് പ്രദര്‍ശനം.
∙ഷോപ്പ് ഖത്തറിന്റെ ഭാഗമായി ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലെ സെന്‍ട്രല്‍ കോര്‍ട്ടില്‍ ഈ മാസം 25 വരെ രാത്രി 7 മുതല്‍ 9 വരെ കുട്ടികളുടെയും പുരുഷന്മാരുടെയും വനിതകളുടെയും വൈവിധ്യമായ ഫാഷന്‍ ഷോ കാണാം. ഇന്നാണ് കുട്ടികളുടെ ഷോ, 24ന് പുരുഷന്മാരുടെയും 25ന് വനിതാ ഫാഷന്‍ ഷോയുമാണ്. മുന്‍നിര ബ്രാന്‍ഡുകളുടെ വസ്ത്രങ്ങളണിഞ്ഞ് സൂപ്പര്‍ മോഡലുകളാണ് റാംപിലെത്തുക. ഫാഷന്‍ പ്രേമികള്‍ക്ക് വ്യത്യസ്ത അനുഭവമാകും ഷോ സമ്മാനിക്കുക.
∙കത്താറ ഒപ്പേറ ഹൗസിലെ ഊദ് സെന്ററിൽ ഊദ് ഉപകരണങ്ങളുടെ എക്സ്പോ നടക്കുകയാണ്. വ്യത്യസ്തങ്ങളായ ഊദ് ഉപകരണങ്ങള്‍ പരിചയപ്പെടാം. മനോഹരമായ ഊദ് സംഗീതവും കേൾക്കാം.
∙ഇന്ന് വൈകിട്ട് പ്രാദേശിക സമയം 5.30ന് ജീവാന്‍ ഐലന്‍ഡിലെ ക്രിസ്റ്റല്‍ വാക്കില്‍ ചെന്നാല്‍ ക്ലാസിക് കാറുകളുടെ മനോഹരമായ പ്രദര്‍ശനവും കാണാം. 1985 മുതലുള്ള മോഡലുകളാണ് ഇവിടെയുണ്ടാകുക.ഗള്‍ഫ് ഖത്തരി ക്ലാസിക് കാര്‍ അസോസിയേഷനും യുണൈറ്റഡ് ഡവലപ്‌മെന്‌റ് കമ്പനിയും ചേര്‍ന്നാണിത്.