ആരോഗ്യപ്രശ്നങ്ങളും യാത്രാവിലക്കും; സ്നേഹതണലിൽ പ്രവാസി മലയാളി ഒടുവിൽ നാടണഞ്ഞു

Mail This Article
മനാമ ∙ ആരോഗ്യപ്രശ്നങ്ങളും യാത്രാവിലക്കും കാരണം നാട്ടിലേക്കുള്ള മടക്കയാത്ര നീണ്ടുപോയ പ്രവാസി മലയാളി ഒടുവിൽ നാടണഞ്ഞു. പ്രവാസി മലയാളി സാമൂഹ്യ പ്രവർത്തകരുടെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലിലൂടെയാണ് കാസർകോട് സ്വദേശി മണിപ്രസാദ് അടുക്കാടുക്കം (42) നാട്ടിലേക്ക് മടങ്ങിയത്.
ബഹ്‌റൈനിൽ ജോലി ചെയ്തുവരികയായിരുന്ന മണിപ്രസാദ് പങ്കാളിത്തത്തോടെ ഒരു സ്വകാര്യ കമ്പനി ബഹ്‌റൈനിൽ ആരംഭിച്ചിരുന്നു.നല്ല രീതിയിൽ പ്രവർത്തനം തുടങ്ങിയ കമ്പനി കോവിഡ് കാലത്ത് നഷ്ടത്തിലായതിനെ തുടർന്ന് മണിപ്രസാദിനെ വൻ സാമ്പത്തിക ബാധ്യത വേട്ടയാടി.
കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങിയെങ്കിലും സാമ്പത്തിക ബാധ്യതകൾ കാരണം ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ബഹ്‌റൈനിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ബാധ്യതകൾ ഓരോന്നായി വീട്ടാമെന്നുള്ള ദൃഢനിശ്ചയത്തിൽ ജോലിയുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ആരോഗ്യസ്ഥിതി മോശമായത്.
സന്ധിവാതം, വൃക്കയുടെ പ്രവർത്തനം, ഹൃദയസംബന്ധിയായ അസുഖങ്ങൾ എല്ലാം പിടിപെട്ടതോടെ ബഹ്‌റൈൻ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. കാർഡിയാക് ട്രാൻസ്പ്ലാന്‍റ് അല്ലെങ്കിൽ ബിവെൻട്രിക്കുലാർ അസിസ്റ്റ് ഡിവൈസ് (BiVAD) പോലുള്ള നൂതന ചികിത്സകൾ മാത്രമാണ് അസുഖം ഭേദപ്പെടാനുള്ള വഴികൾ എന്ന് ഡോക്ടർമാർ ഉപദേശിച്ചു. അതിന് നാട്ടിലേക്ക് കൊണ്ടുപോവുകയാണ് ഏക മാർഗമെന്നും അറിയിച്ചു. എന്നാൽ മുൻ കമ്പനിയിലെ പങ്കാളികളും, വാടകയിനത്തിൽ കുടിശിക ഉള്ളവരും മണിപ്രസാദിനെതിരെ കേസ് നൽകിയതോടെ യാത്രാവിലക്ക് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ രൂപപ്പെട്ടു.
മണി പ്രസാദിനെ നാട്ടിലേക്ക് അയക്കാനുള്ള സാഹചര്യം ഒരുക്കിതരണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഇന്ത്യൻ എംബസിക്കും പ്രവാസി ലീഗൽ സെല്ലിനും കത്തെഴുതി. ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബിന്‍റെയും ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് ഇടപെട്ടു. സാമൂഹ്യപ്രവർത്തകരുടെയും നിയമവിദഗ്ധരുടെയും നിരന്തരമായ ഇടപെടലും ഇന്ത്യൻ എംബസിയുടെ അനുഭാവപൂർണമായ സമീപനവും കാരണം ഒടുവിൽ യാത്രാതടസ്സങ്ങൾ നീങ്ങി.
കാരുണ്യ കൂട്ടായ്മ, ഹോപ്പ് ബഹ്‌റൈൻ, പ്രതിഭ ബഹ്‌റൈൻ, കൂടാതെ പ്രവാസി ലീഗൽ സെൽ വർക്കിങ് കമ്മിറ്റി അംഗം സാബു ചിറമ്മൽ, ഹോപ്പ് ബഹ്‌റൈൻ ടീം അംഗങ്ങളായ അസ്‌കർ പൂഴിത്തല, ഫൈസൽ പട്ടാണ്ടി, എം.എസ്. രാജി ഉണ്ണികൃഷ്ണൻ, സ്‌പന്ദന കിഷോർ നിതിൻ, രാജീവ് വെള്ളിക്കോത്ത്, അലി ഫഖിഹി എന്നിവരും പിന്തുണ നൽകി. ഡോ. ജൂലിയന്‍റെ നേതൃത്വത്തിലുള്ള കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം, സൽമാനിയ ഡോക്ടർമാർ, ജീവനക്കാർ, തുടങ്ങിയവരുടെ അർപ്പണബോധവും പരിചരണവും ഈ പ്രക്രിയയ്ക്ക് തുണയായി.
നിരന്തരമായ നിയമ ഇടപെടലുകൾക്ക് ശേഷം പ്രസാദ് കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ നിന്ന് നാട്ടിലേക്ക് മടങ്ങി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് നോർക്കയുടെ ആംബുലൻസ് ഏർപ്പാട് ചെയ്തിരുന്നു. നാട്ടിൽ എത്തിയ മണി പ്രസാദ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.