'10 വർഷവും കുടുംബം ഒന്നും അറിയാതിരിക്കാൻ ശ്രദ്ധിച്ചു, നാട് കാണുമെന്ന് പ്രതീക്ഷയില്ലായിരുന്നു, ഇത് പുതിയ ജന്മം'; കഠിനകാലം ഓർക്കാനിഷ്ടമില്ലാതെ ദിനേഷ്

Mail This Article
ഇരിങ്ങാലക്കുട ∙ നാട് ഇനി കാണുമെന്നു പ്രതീക്ഷ ഇല്ലാതിരുന്ന ദിനേഷിന് ഇതു പുതിയ ജന്മമാണ്. ജീവിതം കരുപ്പിടിപ്പിക്കാൻ ജോലി തേടി പോയ നാട്ടിൽ ജീവൻ തന്നെ അപകടത്തിലായ കഥയാണ് ദിനേഷിന്റേത്. 10 വർഷം മുൻപ് ജോലി തേടി യെമനിൽ എത്തിയതാണ് ദിനേഷ്. എട്ടു മാസമായിരുന്നു സമാധാനപരമായി ജോലി ചെയ്യാനായത്.
യുദ്ധം ആരംഭിച്ചതു മുതൽ ദുരിതം മാത്രമായിരുന്നു കൂട്ട്. ഭക്ഷണത്തിനു പലപ്പോഴും ബുദ്ധിമുട്ടി. താമസസ്ഥലത്തും സുരക്ഷ ഇല്ലാതായി. നാട്ടിൽ വീട് ജപ്തിഭീഷണിയിലായ സമയത്ത് ദിനേഷും സുരക്ഷിതമായ താമസസ്ഥലമില്ലാതെ ആശങ്കയിലായിരുന്നു. എല്ലായിടവും യുദ്ധഭീഷണിയിലായിരുന്നു. അതിനിടയിൽ പരിചയപ്പെട്ട ചില മലയാളി സുഹൃത്തുക്കളാണു സഹായിച്ചതെന്ന് ദിനേഷ് പറയുന്നു. ഒടുവിൽ ഒറ്റമുറിയിലായി താമസം. ജോലി കുറഞ്ഞതോടെ കിട്ടുന്ന വരുമാനത്തിൽ നിന്നു വാടകയും മറ്റു ചെലവുകളും കഴിഞ്ഞാൽ നീക്കിവയ്ക്കാൻ മറ്റൊന്നും കയ്യിൽ ഇല്ലാത്ത സ്ഥിതിയായി.

തന്റെ ബുദ്ധിമുട്ടുകൾ കുടുംബം അറിയാതിരിക്കാൻ സുരക്ഷിതമായ സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ മാത്രം അയച്ചുകൊടുക്കാൻ ശ്രദ്ധിച്ചു. വീട്ടിലേക്ക് ഫോൺ ചെയ്യുമെങ്കിലും വിഡിയോ കോൾ ഒഴിവാക്കി. പാസ്പോർട്ട് നഷ്ടമായതോടെ ജീവിതം കൂടുതൽ സങ്കീർണമായി. പലതവണ പൊലീസ് പിടികൂടി ചോദ്യം ചെയ്തു. പത്തുവർഷത്തിനിടെ മൂന്നുതവണ നാട്ടിലേക്ക് വരാൻ ശ്രമം നടത്തി. അവിടത്തെ ഏജന്റുമാർ മുഖേന പുതിയ പാസ്പോർട്ട് എടുക്കാൻ ശ്രമിച്ചത് സാമ്പത്തികനഷ്ടത്തിൽ കലാശിച്ചു. ഏജന്റുമാർ പണം വാങ്ങി കബളിപ്പിച്ചു.

കോവിഡ് കാലത്ത് പല കമ്പനികളും പൂട്ടിയതോടെ വരുമാനം പൂർണമായും നിലച്ചു. ഇതോടെ ജോലി തേടി തലസ്ഥാനമായ സനയിൽ നിന്ന് മറ്റു സ്ഥലങ്ങളിലേക്കു പോകേണ്ടി വന്നു. എന്നാൽ തുച്ഛമായ കൂലി മാത്രമായിരുന്നു ലഭിച്ചത്. പിന്നീട് അതിനോടു പൊരുത്തപ്പെട്ടു. പൊതുപ്രവർത്തകൻ വിപിൻ പാറമേക്കാട്ടിന്റെ ഇടപെടലോടെയാണ് ഇപ്പോൾ നാട്ടിലേക്ക് തിരിച്ചെത്താൻ ദിനേഷിനെ തുണച്ചത്. വിപിനും ദിനേഷിന്റെ സുഹൃത്ത് ഉണ്ണി പൂമംഗലവും ചേർന്നാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചത്.