ലൈസൻസില്ലെങ്കിൽ പിഴ ഒരു ലക്ഷം റിയാൽ; അപകടകാരികളായ മൃഗങ്ങളുടെ വിവരങ്ങൾ ഉടമകൾ റജിസ്റ്റർ ചെയ്യണമെന്ന് ഖത്തർ

Mail This Article
ദോഹ∙ റോട്ട് വീലർ, ഡോബർമാൻ ഇനത്തിൽപ്പെട്ട നായ്ക്കൾ ഉൾപ്പെടെ അപകടകാരികളായ മൃഗങ്ങളെയും ജീവികളെയും വളർത്തുന്ന ഉടമകൾ ഇവയുടെ വിവരങ്ങൾ നിർബന്ധമായും ഏപ്രിൽ 22ന് മുൻപായി റജിസ്റ്റർ ചെയ്യണമെന്ന് ഖത്തർ. ലൈസൻസില്ലാതെ ഇവയെ വളർത്തുന്നവർ 1,0,0000 റിയാൽ വരെ പിഴയും 3 വർഷത്തിൽ കുറയാത്ത തടവും അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ്.
പൊതുജനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഇത്തരം മൃഗങ്ങളുടെയും ജീവികളുടെയും പട്ടിക തയാറാക്കലിനും സർവേയ്ക്കും തുടക്കമിട്ടതിന്റെ ഭാഗമായി പരിസ്ഥിതി–കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റേതാണ് നിർദേശം. അക്രമസ്വഭാവമുള്ള മൃഗങ്ങളെയും ജീവികളെയും കൈവശം വെയ്ക്കുന്നത് നിയന്ത്രിക്കുന്നത് സംബന്ധിച്ച 2019 ലെ 10–ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് സർവേ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ഇത്തരം മൃഗങ്ങളും ജീവികളും കൈവശമുള്ളവർ നിർബന്ധമായും മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്യണമെന്ന് നിർദേശിച്ചിരിക്കുന്നത്. https://www.mecc.gov.qa/en/animalregisterationen/ എന്ന ലിങ്കിൽ പ്രവേശിച്ച് വേണം റജിസ്ട്രേഷൻ നടത്താൻ.
ഇതുവരെ റജിസ്റ്റർ ചെയ്ത 48 എണ്ണത്തിൽ ഡോബർമാൻ, അമേരിക്കൻ പിറ്റ് ബുൾ ടെറിയർ, ബുൾ ഡോഗ്, ബോക്സർ, റോട്ട്വീലർ, ടിബറ്റ് ഡോഗ് തുടങ്ങിയ അപകടകാരികളായ നായ്ക്കളും ചിമ്പാൻസി, ഗൊറില്ല, പാമ്പുകൾ, കരടി എന്നിവയും ഉൾപ്പെടുന്നു. അക്രമണ സ്വഭാവമുള്ള നായ്ക്കളെയും ജീവികളെയും ബന്ധപ്പെട്ട അധികൃതരുടെ ലൈസൻസ് ഇല്ലാതെ വളർത്തുന്നത് ശിക്ഷാർഹമാണ്. ഉടമ 3 വർഷത്തിൽ കുറയാത്ത ജയിൽ ശിക്ഷയും 10,0000 റിയാലിൽ കുറയാത്ത പിഴയും അടയ്ക്കേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.