തുടർകഥയായി ദുരിതം: ഇൻഷുറൻസിൽ വീഴ്ച വരുത്തി കമ്പനി; മലയാളി യുവാവിന് 1 ലക്ഷം രൂപ പിഴ!

Mail This Article
അബുദാബി ∙ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിൽ കമ്പനി വീഴ്ചവരുത്തിയതിന് ജീവനക്കാരനായ മലയാളി യുവാവിന് 5700 ദിർഹം (1.34 ലക്ഷം രൂപ) പിഴ! ഇതുമൂലം പുതിയ ജോലിക്കു കയറാനാവാതെ പ്രയാസപ്പെടുകയാണ് കണ്ണൂർ തലശ്ശേരി സ്വദേശി ശരത്കുമാർ.
2023 ജൂൺ 2ന് അബുദാബിയിലെ ഒരു സ്വകാര്യ മെയിന്റനൻസ് കമ്പനിയിൽ ജോലിക്കു കയറിയ ശരത് കെട്ടിട നിർമാണവും അറ്റകുറ്റപ്പണികളുമാണ് ചെയ്തുവന്നിരുന്നത്. ശമ്പളമായി മാസത്തിൽ നൽകിയത് 600 ദിർഹം. ഇതിൽനിന്ന് റൂം വാടകയുടെ പേരിൽ കമ്പനി പ്രതിനിധിയായ മലയാളി മാസത്തിൽ 300 ദിർഹം തിരിച്ചുവാങ്ങുകയും ചെയ്തിരുന്നുവെന്ന് ശരത് പറയുന്നു. വാഗ്ദാനം ചെയ്ത ശമ്പളം മുഴുവൻ വേണമെന്ന് ശരത് ആവശ്യപ്പെട്ടതോടെ വീസ റദ്ദാക്കി.

ഒന്നര വർഷത്തെ ദുരിതത്തിനു ശേഷം പുതിയ സ്ഥലത്ത് ജോലിക്ക് ശ്രമിച്ചപ്പോഴാണ് പിഴയുടെ രൂപത്തിൽ ദുരിതം തുടരുന്നത്. ഈ തുക അടച്ചാൽ മാത്രമേ പുതിയ കമ്പനിയിൽ വീസ സ്റ്റാംപ് ചെയ്യാനൊക്കൂ. എന്നാൽ ഇൻഷുറൻസ് എടുക്കാത്തതിന്റെ പേരിൽ പിഴ നൽകേണ്ടത് കമ്പനിക്കല്ലേ എന്നാണ് ശരത് ചോദിക്കുന്നത്.
യുഎഇ തൊഴിൽ നിയമം അനുസരിച്ച് ജീവനക്കാരന്റെ ആരോഗ്യ ഇൻഷുറൻസ് തുക കമ്പനിയാണ് വഹിക്കേണ്ടത്. വർഷങ്ങൾക്കു മുൻപ് സ്വകാര്യമേഖലാ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയ ആദ്യ എമിറേറ്റാണ് അബുദാബി. ഇൻഷുറൻസ് എടുത്താൽ മാത്രമേ വീസ സ്റ്റാംപ് ചെയ്യൂ എന്നാണ് നിയമം. ഇതിനുള്ള മുഴുവൻ ചെലവും കമ്പനിയാണ് വഹിക്കേണ്ടതെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

അബുദാബിയിൽ ജീവനക്കാർക്കു മാത്രമല്ല റൂം വാടകയുടെ പേരിൽ ആശ്രിതർക്കും അതാതു കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിവരുന്നു. എന്നാൽ ചില കമ്പനികൾ ഇൻഷുറൻസ് എടുക്കാതെയും മറ്റു ചിലർ പുതുക്കാതെയും നിയമലംഘനം നടത്തുമ്പോൾ കുടുങ്ങുന്നത് ജീവനക്കാരാണ്. ഇൻഷുറൻസ് പുതുക്കാത്ത കാര്യം അറിയാത്ത ശരത് മറ്റൊരു കമ്പനിയിൽ വീസയ്ക്ക് അപേക്ഷിച്ചപ്പോഴാണ് ഈയിനത്തിൽ പിഴയുള്ള വിവരം അറിയുന്നത്.
കുടിശിക അടച്ച് ഇൻഷുറൻസ് കമ്പനിയിൽനിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റോ ഫോളോഅപ് സർട്ടിഫിക്കറ്റോ വാങ്ങി ഹാജരാക്കിയാലേ പുതിയ കമ്പനിയിൽ വീസ സ്റ്റാംപ് ചെയ്യൂ. അതിനാൽ ആരോഗ്യവിഭാഗത്തിലും പഴയ ഇൻഷുറൻസ് കമ്പനിയിലും പരാതി നൽകി പ്രശ്നപരിഹാരം തേടാനുള്ള ശ്രമത്തിലാണ് ശരത്.