പിടി വീഴും: സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് ഇരുട്ടടി; നിയമലംഘന നടപടി കടുപ്പിച്ച് യുഎഇ

Mail This Article
അബുദാബി ∙ യുഎഇയിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. 2024ൽ 6.88 ലക്ഷം കമ്പനികളിൽ നടത്തിയ പരിശോധനയിൽ 29,000 നിയമലംഘനം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇതിൽ 12,509 സ്ഥാപനങ്ങൾ തൊഴിൽ, ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചവയായിരുന്നു. ലൈസൻസില്ലാതെ റിക്രൂട്മെന്റ് നടത്തിയതിന് 20 സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു.
∙ പ്രധാന കുറ്റങ്ങൾ
തൊഴിലാളി റിക്രൂട്മെന്റിന് ഫീസ് ഈടാക്കുക, ലൈസൻസില്ലാതെ റിക്രൂട്മെന്റ് നടത്തുക, ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ കമ്പനികൾ അടച്ചുപൂട്ടുക, ശമ്പളം കൃത്യമായി നൽകാനായി കൊണ്ടുവന്ന വേതന സുരക്ഷാ പദ്ധതി (ഡബ്ല്യുപിഎസ്) നടപ്പാക്കാതിരിക്കുക, തെറ്റായ വിവരങ്ങൾ സമർപ്പിക്കുക തുടങ്ങിയവയാണ് പ്രധാന നിയമലംഘനങ്ങൾ.
∙ നവീന രീതിയിൽ പരിശോധന
സ്വകാര്യ സ്ഥാപനങ്ങൾ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നവീന സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന ഊർജിതമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. മുൻകൂട്ടി അറിയിച്ചും അറിയിക്കാതെയുമുള്ള മിന്നൽ പരിശോധനകളും നടത്തും. നിയമത്തെയും കമ്പനിയുടെ രഹസ്യാത്മകതയും മാനിച്ച് ഉത്തരവാദിത്തത്തോടെയും സുതാര്യമായും പരിശോധകർ ചുമതലകൾ നിർവഹിക്കുമ്പോൾ തടസ്സം സൃഷ്ടിക്കരുതെന്നും പറഞ്ഞു. തിരിച്ചറിയൽ കാർഡ് കാണിച്ചു മാത്രമേ പരിശോധകർ സ്ഥാപനത്തിലേക്കു പ്രവേശിക്കാവൂ എന്നും സൂചിപ്പിച്ചു.

∙ സേവനങ്ങൾക്ക് 330 കേന്ദ്രങ്ങൾ
2024ൽ യുഎഇയിലുടനീളം 330 കേന്ദ്രങ്ങളിൽനിന്നായി 28 ലക്ഷം തൊഴിലാളികൾക്ക് മാർഗനിർദേശങ്ങൾ നൽകി. തൊഴിൽ നിയമങ്ങൾ, അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ എന്നിവയെക്കുറിച്ച് തൊഴിലാളികളെ ബോധവൽക്കരിക്കുകയും ചെയ്തു. വർക്ക് പെർമിറ്റുകളും കരാറുകളും പ്രോസസ് ചെയ്യുക, അഡ്മിനിസ്ട്രേറ്റീവ് നടപടിക്രമങ്ങൾ സുഗമമാക്കുക, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും ക്ഷേമം ഉറപ്പാക്കുക തുടങ്ങിയ സേവനങ്ങളും നൽകിവരുന്നു.
∙ 17 ഭാഷകളിൽ ബോധവൽക്കരണം
ജോലി സമയം, കരാർ അവകാശങ്ങൾ, ഏറ്റവും പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായി സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവയെക്കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കുന്നതിന് വിവിധ ഭാഷകളിൽ പരിശീലനം നൽകിവരുന്നു. 15 ലക്ഷത്തിലധികം തൊഴിലാളികളെ 17 ഭാഷകളിലായി ഡിജിറ്റൽ, സ്മാർട്ട് പ്ലാറ്റ്ഫോമുകൾ വഴിയാണ് ബോധവൽക്കരിച്ചത്. ശേഷിച്ചവർക്ക് നേരിട്ട് ക്ലാസ് എടുത്തും വിവിധ ഭാഷകളിൽ ലഘുലേഖകൾ ലഭ്യമാക്കിയും ബോധവൽക്കരിച്ചു. ജോലി സമയം, വിശ്രമ കാലയളവ്, ഉച്ച വിശ്രമം, ഔദ്യോഗിക പൊതു അവധി, വേതന സംരക്ഷണ സംവിധാനം, തൊഴിൽ നഷ്ട ഇൻഷുറൻസ് എന്നിവ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ അവകാശങ്ങളെയും ബാധ്യതകളെയും കുറിച്ചാണ് പ്രധാനമായും ബോധവൽക്കരിക്കുന്നത്.
∙ കമ്പനിയും തൊഴിലാളികളും വർധിച്ചു
തൊഴിൽ വിപണിയിലെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 32.16% വർധന രേഖപ്പെടുത്തി. പുതിയ കമ്പനികളിൽ 17.02 ശതമാനവും തൊഴിലാളികളിൽ 12.04 ശതമാനവും വർധനയുണ്ട്. തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തിയും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസും തൊഴിൽ നഷ്ട ഇൻഷുറൻസും ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ 2024ലെ ആഗോള തൊഴിൽ സൂചികയിൽ അറബ് ലോകത്ത് യുഎഇ ഒന്നാമതെത്തിയതായും സൂചിപ്പിച്ചു.