വികസനവേഗം കൂട്ടാൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് കൂടിക്കാഴ്ച

Mail This Article
അൽഐൻ ∙ രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നതു സംബന്ധിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ചർച്ച നടത്തി.
അൽഐനിലെ ഖസർ അൽ റൌദയിലായിരുന്നു കൂടിക്കാഴ്ച. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഇരുവരെയും സ്വീകരിച്ചു.
യുഎഇയുടെ വികസന അജണ്ടയും അടുത്ത ഘട്ടത്തിൽ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള തന്ത്രങ്ങളും പരിശോധിച്ചു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും തുടർച്ചയായ അഭിവൃദ്ധിയും പുരോഗതിയും കൈവരിക്കാനായി പ്രാർഥിക്കുകയും ചെയ്തു.
ഭരണാധികാരിയുടെ അൽഐൻ മേഖലാ പ്രതിനിധി ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്സ് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും ദുബായ് എയർപോർട്ടിന്റെയും എമിറേറ്റ്സ് ഗ്രൂപ്പിന്റെയും ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം, പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.