യുഎഇയിൽ 'പൊടിപൂരം': കാഴ്ച കുറഞ്ഞു, തണുപ്പേറും; ഗതാഗതം ദുഷ്കരം

Mail This Article
അബുദാബി ∙ യുഎഇയിൽ ഇന്നലെ പൊടിപൂരം. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ച മണൽക്കാറ്റാണ് അന്തരീക്ഷത്തിൽ പൊടി നിറച്ചത്. ഇതോടെ ദൃശ്യപരിധി കുറഞ്ഞത് ഗതാഗതം ദുഷ്കരമാക്കി. അബുദാബി, ഫുജൈറ, ദുബായ്, ഷാർജ എമിറേറ്റുകളുടെ വിവിധ ഭാഗങ്ങളെയാണ് പൊടി മുക്കിയത്. ഇതുമൂലം ദൂരക്കാഴ്ച കുറഞ്ഞത് വാഹനമോടിക്കുന്നവരെ പ്രയാസത്തിലാക്കി.
വൈകിട്ട് ജോലി കഴിഞ്ഞു വരുന്ന സമയത്തായിരുന്നു പൊടി. അതിനാൽ പലരും മണിക്കൂറുകൾ എടുത്താണ് പലരും ലക്ഷ്യസ്ഥാനത്തെത്തിയത്. ഇന്നും പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. തണുപ്പും കൂടും. ചില ഉൾപ്രദേശങ്ങളിൽ രാത്രിയും നാളെ രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും. പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞും അനുഭവപ്പെടും.
പൊടിനിറഞ്ഞ അന്തരീക്ഷം ഇന്നും തുടരുന്നതിനാൽ വാഹനമോടിക്കുന്നവർക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ കൂടുതൽ സമയമെടുക്കും. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ചില പ്രദേശങ്ങളിൽ ദൃശ്യപരത 1000 മുതൽ 100 മീറ്റർ വരെ കുറയാൻ സാധ്യത. വാഹനമോടിക്കുന്നവർ ഫോൺ ഉപയോഗിക്കുന്നതിനും ചിത്രവും ദൃശ്യവും പകർത്തുന്നതിനും വിലക്കുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കി.മീ ആയി ഉയരാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നും സൂചിപ്പിച്ചു.