ആകാശക്കാഴ്ചകൾ കണ്ടൊരു ആഡംബരയാത്ര; ഇന്ത്യൻ സെക്ടറുകളിൽ ആവേശ സഞ്ചാരത്തിന് എമിറേറ്റ്സ് എയർലൈൻ

Mail This Article
ദുബായ് ∙ ഇന്ത്യൻ സെക്ടറുകളിലേക്കും ആഡംബര വിമാനയാത്ര വാഗ്ദാനം ചെയ്യുകയാണ് എമിറേറ്റ്സ് എയർലൈന്റെ സർവീസുകൾ. 26 മുതൽ മുംബൈ, അഹമ്മദാബാദ് എന്നീ സെക്ടറുകളിലേക്ക് എയർബസ് എ350 വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തുമെന്ന് എമിറേറ്റ്സ് അറിയിച്ചു. 312 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനത്തിൽ 32 ബിസിനസ് ക്ലാസ്, 21 പ്രീമിയം ഇക്കോണമി, 259 ഇക്കോണമി സീറ്റുകളാണുള്ളത്.
മെച്ചപ്പെട്ട സൗകര്യങ്ങളുള്ള വിമാനത്തിൽ യാത്രക്കാർക്ക് കാൽനീട്ടി വയ്ക്കാൻ കൂടുതലിടമുള്ള തരത്തിലാണ് സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ, എമിറേറ്റ്സിന്റെ എ-380 വിമാനം മുംബൈ, ബെംഗളൂരു സെക്ടറുകളിലേക്ക് ദിവസേന സർവീസ് നടത്തുന്നുണ്ട്. കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ 9 സെക്ടറുകളിലേക്കായി ആഴ്ചയിൽ 167 വിമാന സർവീസുകളാണ് എമിറേറ്റ്സിനുള്ളത്.
ദുബായ്- മുംബൈ
ദുബായിൽനിന്ന് ഉച്ചയ്ക്ക് 1.15ന് പുറപ്പെടുന്ന എ-350 വിമാനം (ഇകെ502) വൈകിട്ട് 5.50ന് മുംബൈയിലെത്തും. തിരിച്ച് വൈകിട്ട് 7.20ന് പുറപ്പെട്ട് രാത്രി 9.05ന് ദുബായിൽ എത്തും.
ദുബായ്- അഹമ്മദാബാദ്
ദുബായിൽനിന്ന് രാത്രി 10.50ന് പുറപ്പെടുന്ന വിമാനം (ഇകെ538) പുലർച്ചെ 2.55ന് അഹമ്മദാബാദിലെത്തും. തിരിച്ച് പുലർച്ചെ 4.25ന് പുറപ്പെട്ട് രാവിലെ 6.15ന് ദുബായിലെത്തും.

മലയാളികൾക്കും ഗുണകരം
മുംബൈ, അഹമ്മദാബാദ് സെക്ടറിലേക്കുള്ള എ350 വിമാനസർവീസ്, കണക്‌ഷൻ വിമാനങ്ങൾ വഴി മലയാളികൾക്കും ഉപയോഗപ്പെടുത്താം. സീസൺ സമയത്ത് കേരളത്തിലേക്ക് വിമാന ടിക്കറ്റ് കിട്ടാതാകുമ്പോൾ ഈ സെക്ടർ വഴി നാട്ടിലെത്താനും ഈ സർവീസുകൾ ഗുണം ചെയ്യും.
എ–350 വിമാനം 5 സെക്ടറുകളിൽ
മുംബൈ, അഹമ്മദാബാദ് സെക്ടറുകൾക്കു പുറമേ എഡിൻബർഗ്, കുവൈത്ത്, ബഹ്റൈൻ സെക്ടറുകളിലും എമിറേറ്റ്സ് എ-350 വിമാനം സർവീസ് നടത്തുന്നുണ്ട്.