ADVERTISEMENT

കുവൈത്ത് സിറ്റി ∙ പ്രവാസി താമസക്കാർക്ക് സ്വന്തം പേരിൽ ഒന്നിലധികം വാഹനങ്ങൾ വേണ്ടെന്ന കർശന വ്യവസ്ഥകളും ശിക്ഷാനടപടികളും ഉൾപ്പെടുന്ന കുവൈത്തിന്റെ പുതിയ ഗതാഗത നിയമം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിലാകും. 48 വര്‍ഷം പഴക്കമുള്ള നിയമത്തിന് പകരമാണ് പുതിയ നിയമം. ഏപ്രില്‍ 21 വരെ മാത്രമേ നിലവിലെ നിയമത്തിന് സാധുതയുള്ളു.

പുതിയ നിയമത്തില്‍ പ്രവാസി താമസക്കാരായ വ്യക്തികള്‍ക്ക് സ്വന്തം പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ പാടില്ലെന്നാണ് വ്യവസ്ഥ. കോടതിയിലേക്ക് കൈമാറാത്ത ലംഘനങ്ങള്‍ക്ക് മന്ത്രാലയമാണ് സാമ്പത്തിക ഒത്തുതീര്‍പ്പുണ്ടാക്കുന്നത്. ഗതാഗത ലംഘനങ്ങള്‍ക്ക് നിലവിലെ പിഴത്തുക രണ്ടു മുതൽ മൂന്നിരട്ടി വരെ വര്‍ധിപ്പിച്ചും ജയില്‍ ശിക്ഷ കടുപ്പിച്ചുമാണ് പുതിയ നിയമം നിര്‍മിച്ചിരിക്കുന്നത്. കയ്യടിച്ചും വിമർശിച്ചും സ്വദേശി-പ്രവാസികള്‍ക്കിടയില്‍ നിയമം സംബന്ധിച്ച് സമ്മിശ്ര പ്രതികരണം ഉയർന്നു കഴിഞ്ഞു.

നിരോധിത സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് ഈടാക്കുന്ന 15 കുവൈത്ത് ദിനാര്‍ ആണ് പുതിയ നിയമത്തിലെ ഏറ്റവും കുറഞ്ഞ പിഴത്തുക. ഏറ്റവും കൂടിയത് 5,000 കുവൈത്ത് ദിനാറും.-മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയില്‍ വാഹനമോടിച്ച് ഗുരുതരമായ പരുക്കിനോ മരണത്തിനോ ഇടയാക്കുന്ന അപകടം സൃഷ്ടിക്കുന്നവർക്കാണ് ഇത്. പിഴത്തുകയ്ക്ക് പുറമെ പരമാവധി 5 വര്‍ഷം വരെ തടവും ലഭിക്കും.

മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ച ശേഷമോ വാഹനമോടിച്ചാല്‍ 1,000 കുവൈത്ത് ദിനാര്‍ മുതല്‍ 3,000 വരെ പിഴയും പരമാവധി 2 വര്‍ഷം വരെ തടവുമാണ് ലഭിക്കുക. ഇനി ഇത്തരത്തില്‍ വാഹനമോടിച്ച് പൊതു, സ്വകാര്യ വസ്തുക്കള്‍ നശിപ്പിച്ചാല്‍ പരമാവധി 3,000 കുവൈത്ത് ദിനാര്‍ പിഴയും 3 വര്‍ഷം വരെ തടവും ലഭിക്കും. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള പിഴത്തുക 5 കുവൈത്ത് ദിനാറില്‍ നിന്ന് 75 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.

സീറ്റ് ബല്‍റ്റ് ലംഘനത്തിന് 10 ല്‍ നിന്ന് 30 കുവൈത്ത് ദിനാര്‍ ആക്കിയിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിങ്ങ്, ചുവപ്പ് സിഗ്നല്‍ മറികടക്കല്‍ എന്നീ ലംഘനങ്ങള്‍ക്കുള്ള  പിഴത്തുക മൂന്നിരട്ടിയാക്കി ഓരോന്നിനും 150 കുവൈത്ത് ദിനാര്‍ വീതം ആക്കിയിട്ടുണ്ട്. സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ചാല്‍ 150 കുവൈത്ത് ദിനാറും 

അമിത വേഗത്തിന് 70 മുതൽ 150 കുവൈത്ത് ദിനാറും വരെയാണ് പിഴ. വേഗപരിധി ലംഘിച്ച് എത്ര കിലോമീറ്റര്‍ വാഹനമോടിച്ചെന്ന് കണക്കാക്കിയാണ് പിഴത്തുക നിശ്ചയിക്കുന്നത്. റോഡുകളിലെ അനുവദനീയ വേഗപരിധിയ്ക്ക് താഴെ വാഹനമോടിച്ചാല്‍ 30 കുവൈത്ത് ദിനാർ ആണ് പിഴ നൽകേണ്ടത്.

ലൈസന്‍സ് കൈവശമില്ലാതെ വാഹനം ഓടിച്ചാല്‍ 75 കുവൈത്ത് ദിനാറും നൽകണം. 10 വയസ്സില്‍ താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുന്‍വശത്തിരുത്തി യാത്ര ചെയ്യുക അല്ലെങ്കില്‍ പിറകിലെ സീറ്റില്‍ അശ്രദ്ധമായി കുട്ടികളെ ഇരുത്തുക, ഗതാഗത ലൈന്‍ തെറ്റിച്ച് വാഹനം ഓടിക്കുക എന്നീ ലംഘനങ്ങള്‍ക്ക്  50 കുവൈത്ത് ദിനാര്‍ ആണ് പിഴ ചുമത്തുന്നത്.

English Summary:

Expatriates can Own Only One Vehicle under their Name New Kuwait Traffic Law will be Effective from April 22

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com