ജിദ്ദയിൽ പുതിയ ബീച്ച് ഉദ്ഘാടനം ചെയ്തു

Mail This Article
ജിദ്ദ ∙ 17,640 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന നോർത്ത് ഒബൂറിലെ ആദ്യത്തെ ബീച്ച് ജിദ്ദ മേയറൽറ്റി ഉദ്ഘാടനം ചെയ്തു. വാട്ടർഫ്രണ്ടുകൾ പുനരുജ്ജീവിപ്പിക്കാനും മാതൃകാ പൊതു മണൽ ബീച്ചുകൾ സ്ഥാപിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. ബീച്ച് തുറന്നതുമുതൽ സന്ദർശകരുടെയും വിനോദസഞ്ചാരികളുടെയും വൻ തിരക്കാണ് അനുഭവപ്പെട്ടതെന്ന് മറൈൻ മോണിറ്ററിങ് അണ്ടർ സെക്രട്ടറി താമർ നഹ്ഹാസ് പറഞ്ഞു.
സൗദി ലൈഫ് സേവിങ് ഫെഡറേഷന്‍റെ അംഗീകൃത ലൈഫ് ഗാർഡുകളെ ബീച്ചിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ ബീച്ചുകൾ തയ്യാറാക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ സുരക്ഷയും അടിയന്തര രക്ഷാപ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നതിനായി മറൈൻ നിരീക്ഷണ ടവറുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പരിസ്ഥിതി സൗഹാർദ്ദ പ്രകാശത്തിനായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ബീച്ച് സന്ദർശകർക്ക് നിയമങ്ങളെക്കുറിച്ചും അനുവദനീയമായ നീന്തൽ സമയങ്ങളെക്കുറിച്ചും മാർഗ്ഗനിർദ്ദേശം നൽകുന്നതിന് സൈൻ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.