ADVERTISEMENT

ദാവോസ് ∙ വായു മലിനീകരണവും അത്യുഷ്ണവും പേമാരിയും അടക്കമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ ആഗോള തലത്തിൽ ആരോഗ്യ സേവന ദാതാക്കൾക്കുള്ള പങ്ക് ചൂണ്ടിക്കാട്ടി ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം. കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‍നങ്ങൾ അതാത് സമയം വിലയിരുത്താൻ വിപുലമായ പരിശോധന സംവിധാനം കൊണ്ട് വരേണ്ടതിന്റെ ആവശ്യകതയ്‌ക്കൊപ്പം നിലവിലുള്ള വിജയകരമായ മാതൃകകളും വിദഗ്ധർ വിലയിരുത്തി. ഫലപ്രദമായ പരിഹാര മാർഗങ്ങളിൽ നിക്ഷേപിക്കുന്നത് സംബന്ധിച്ച പാനൽ ചർച്ചയിൽ അബുദാബി ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ യുഎഇയിൽ ബുർജീൽ നടപ്പാക്കിയ മാതൃക അവതരിപ്പിച്ചു. 

കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിഗണനകൾ ആരോഗ്യ പരിപാലനത്തിൽ ഉൾപ്പെടുത്താനായി സ്ഥാപിച്ച ബുർജീൽ ഹോൾഡിങ്സ് സെന്റർ ഫോർ ക്ലൈമറ്റ് ആൻഡ് ഹെൽത്തിന്റെ പ്രവർത്തനങ്ങളാണ് അദ്ദേഹം വിശദീകരിച്ചത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രതിരോധ തന്ത്രങ്ങളും കൗൺസിലിങ്ങും നേരിട്ട് ക്ലിനിക്കൽ കെയറിലേക്ക് ഉൾച്ചേർത്ത് സംയോജിതമായ പ്രവർത്തനങ്ങളാണ് കേന്ദ്രം നടത്തുന്നത്. വിവിധ ഡിപ്പാർട്ട്മെന്റുകളിലുള്ള വിദഗ്ധ ഡോക്ടർമാരെ ഒന്നിപ്പിച്ച് കേസുകൾ പരിശോധിക്കുന്നതോടൊപ്പം കാലാവസ്ഥാ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വെല്ലുവിളികൾ കണ്ടെത്താൻ വിപുലമായ ആരോഗ്യ സ്‌ക്രീനിങ്ങുകളും ഇതിലൂടെ ലക്ഷ്യമിടുന്നു. 

അടുത്തിടെ ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ ധവള പത്രത്തിൽ ബുർജീൽ ഹോൾഡിങ്സ് സെന്റർ ഫോർ ക്ലൈമറ്റ് ആൻഡ് ഹെൽത്തിന്റെ മാതൃക പരാമർശിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആരോഗ്യ പ്രത്യാഘാതങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ ആരോഗ്യ സംരക്ഷണ ദാതാക്കൾക്ക് വലിയ പങ്കു വഹിക്കാനുണ്ടെന്നതിന് തെളിവാണ് ഇത്തരം ഇടപെടലുകളെന്ന് ഡോ. ഷംഷീർ പറഞ്ഞു. കാലാവസ്ഥാ-പ്രതിരോധശേഷിയുള്ള ആരോഗ്യസംവിധാനത്തിനായുള്ള പ്രാരംഭ നിക്ഷേപം ഗണ്യമായിരിക്കുമെങ്കിലും, ദീർഘകാല നേട്ടങ്ങളുണ്ടാകും. അപകടസാധ്യതയുള്ള രോഗികളെ  ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകാനുള്ള ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യ അവതരിപ്പിക്കാൻ ബുർജീൽ തയാറെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. 

ഇറ്റാലിയൻ ആരോഗ്യമന്ത്രി ഡോ. ഒറാസിയോ ഷില്ലാസി അടക്കമുള്ള ആഗോള വിദഗ്ധർ ചർച്ചയിൽ പങ്കെടുത്തു. വിവിധ പങ്കാളികൾ തമ്മിലുള്ള സഹകരണവും കൂട്ടായ പ്രവർത്തനങ്ങളും കൃത്യമായ നിക്ഷേപങ്ങളും മേഖലയിൽ ആവശ്യമാണെന്ന് ഇവർ വിലയിരുത്തി. 

അർബുദ രോഗ നിർണയവും ചികിത്സാ ലഭ്യതയും മെച്ചപ്പെടുത്താനും ചെലവ് കുറയ്ക്കുന്നതിനും ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടുള്ള പ്രത്യേക ചർച്ചയും ദാവോസിൽ ബുർജീൽ ഹോൾഡിങ്‌സ് സംഘടിപ്പിച്ചു. 

English Summary:

Health issues caused by climate change: UAE model highlighted at World Economic Forum

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com