'വേണമെങ്കിൽ 15 മിനിറ്റ് മുന്നേ പുറപ്പെടാം': ഫ്ലൈറ്റും പണവും നഷ്ടമായി യുവാവ്; പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ 6,000 രൂപ വാഗ്ദാനം ചെയ്ത് എയർലൈൻ

Mail This Article
ഗുരുഗ്രാം ∙ ഇൻഡിഗോ എയർലൈനിലെ മോശം അനുഭവം പങ്കുവച്ച് പോഡ്‌കാസ്റ്റർ പ്രഖർ ഗുപ്ത. അവസാന നിമിഷം ഇൻഡിഗോ എയർലൈൻ സമയം മാറ്റിയതിനെ തുടർന്ന് തനിക്ക് ഫ്ലൈറ്റും പണവും നഷ്ടമായെന്ന് സമൂഹ മാധ്യമമായ എക്സിൽ പ്രഖർ പോസ്റ്റ് ചെയ്തു. വിമാനം പുറപ്പെടേണ്ട സമയത്തിന് രണ്ടര മണിക്കൂര്‍ മുൻപാണ് സമയം മാറ്റം തന്നെ അറിയിച്ചതെന്നും പ്രഖർ പറഞ്ഞു.
പുലർച്ചെ 6:45ന് പുറപ്പെടേണ്ട വിമാനം പറന്നുയർന്നത് 6:30ന്. നിശ്ചയിച്ച് സമയത്തിൽ നിന്നും 15 മിനിറ്റ് നേരത്തെ വിമാനം പുറപ്പെടുന്ന വിവരം പുലർച്ചെ നാല് മണിക്കാണ് തന്നെ അറിയിച്ചതെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. തുടർന്ന് വിമാനത്താവളത്തിലെത്താന്‍ അഞ്ച് മിനിറ്റ് താമസിച്ച തനിക്ക് ജീവനക്കാർ ബോർഡിങ് നിഷേധിച്ചെന്നും വിമാനത്തില്‍ കയറാന്‍ സാധിച്ചില്ലെന്നും പ്രഖർ പറഞ്ഞു.
സമയ മാറ്റം സംബന്ധിച്ച് തനിക്ക് ഇമെയിൽ ലഭിച്ചില്ലെന്നും ഒരു ചെറിയ മൊബൈൽ സന്ദേശമാണ് ലഭിച്ചത്. അഞ്ച് മിനിറ്റ് വൈകി എത്തിയതിനെ തുടർന്ന് ബാഗ് ചെക്ക് ഇൻ ചെയ്യാൻ അനുവദിച്ചില്ലെന്നും അധിക നിരക്ക് ആവശ്യപ്പെടുകയും ചെയ്തതായി പ്രഖർ പറഞ്ഞു. ജീവനക്കാർ പ്രശ്നം പരിഹരിക്കാൻ ഒരു കൗണ്ടറിൽ നിന്ന് മറ്റൊന്നിലേക്ക് പോകാൻ തന്നെ നിർബന്ധിച്ചുവെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ വ്യക്തമാക്കി.
ഗ്രൗണ്ട് സ്റ്റാഫ് തന്നോടും തന്റെ സഹയാത്രികരോടും വളരെ മോശമായാണ് പെരുമാറിയതെന്നും പ്രഖർ പറഞ്ഞു. വിമാനക്കമ്പനിയുടെ നിരുത്തരുവാദ സമീപനത്തെ പോസ്റ്റിൽ അദ്ദേഹം വിമർശിച്ചു. ചിലർ എയർലൈനുമായി തങ്ങൾക്കുണ്ടായ സമാനമായ അനുഭവങ്ങൾ പോസ്റ്റിന് താഴെ പങ്കിട്ടു.
പ്രശ്നം സമൂഹമാധ്യമത്തിൽ ചർച്ചയായതോടെ ഇൻഡിഗോ എയർലൈൻ പോസ്റ്റിന് മറുപടി നൽകി. നിലവിൽ ഇത് പരിശോധിക്കുകയാണ്, പ്രശ്നം പരിഹരിക്കാൻ ഉടൻ നിങ്ങളെ ബന്ധപ്പെടും,' എന്നും കമ്പനി പറഞ്ഞു. അതേസമയം തന്റെ പോസ്റ്റിന് ഇൻഡിഗോ നൽകിയ മറുപടി ഉദ്ധരിച്ച് 'ഈ പോസ്റ്റ് നീക്കം ചെയ്യാൻ നിങ്ങളുടെ ടീം എനിക്ക് 6,000 രൂപ വാഗ്ദാനം ചെയ്തു'. ഇതുവരെ തനിക്കുണ്ടായ നഷ്ടത്തിന് ആരും മാപ്പ് ചോദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.