മരുഭൂമിയിൽ മഴയ്ക്ക് ഫോറം 28 മുതൽ

Mail This Article
അബുദാബി ∙ കാലാവസ്ഥാ വ്യതിയാനം, കൃത്രിമ മഴ എന്നിവ സംബന്ധിച്ച രാജ്യാന്തര സമ്മേളനത്തിന് (ഇന്റർനാഷനൽ റെയ്ൻ എൻഹാൻസ്മെന്റ് ഫോറം) 28ന് അബുദാബിയിൽ തുടക്കമാകും. യുഎഇ റിസർച് പ്രോഗ്രാം ഫോർ റെയ്ൻ എൻഹാൻസ്മെന്റ് സയൻസ് (യുഎഇആർഇപി) വഴി യുഎഇ നാഷനൽ സെന്റർ ഓഫ് മിറ്റീയറോളജിയാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. കാര്യമായ മഴ ലഭിക്കാത്ത യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൂടുതൽ മഴ വർഷിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിനായി 50ലേറെ വിദഗ്ധർ പങ്കെടുക്കുന്ന ചർച്ചകൾ നടത്തും.
നിർമിത ബുദ്ധി ഉപയോഗിച്ച് ക്ലൗഡ് സീഡിങ് എങ്ങനെ മെച്ചപ്പെടുത്താം, കാലാവസ്ഥാ പരിഷ്കരണത്തിൽ ഡ്രോൺ ഉപയോഗത്തിന്റെ സാധ്യതകൾ, ജലസുരക്ഷ വർധിപ്പിക്കൽ എന്നിവയാണ് പ്രധാനമായും ചർച്ച ചെയ്യുക. മധ്യപൂർവദേശ, വടക്കൻ ആഫ്രിക്ക എന്നീ മേഖലകൾ ജലസുരക്ഷ സംബന്ധിച്ച് വലിയ വെല്ലുവിളി നേരിടുന്നുണ്ട്. 2018ലെ യുഎന്നിന്റെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും ജലക്ഷാമമുള്ള 17 രാജ്യങ്ങളിൽ 11 എണ്ണവും ഈ മേഖലയിലാണ്.
ആഗോളതലത്തിൽ 200 കോടി ജനങ്ങൾക്കു ശുദ്ധജലം ലഭിക്കുന്നില്ലെന്നാണ് ലോകബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാൽ, വിദഗ്ധരുടെ മികച്ച ആശയങ്ങൾ ഉപയോഗപ്പെടുത്തി എത്രയും വേഗം പ്രശ്നപരിഹാരം നടപ്പാക്കാനാണ് ഫോറം ലക്ഷ്യമിടുന്നത്. 2015 മുതൽ ഈ മേഖലയിലെ വിവിധ ഗവേഷകർക്ക് യുഎഇ 8.26 കോടി ദിർഹത്തിന്റെ ഗ്രാന്റ് നൽകുന്നുണ്ട്.