സന്നദ്ധപ്രവർത്തനങ്ങള്‍ക്ക് മാസം തോറും നല്‍കുന്നത് 1,50,000 ദിർഹം; ദുബായിലെ വ്യത്യസ്തയായ സംരംഭക ജെന്നിഫർ സോള്‍ട്ട്

Mail This Article
ദുബായ് ∙ അവസരങ്ങളുടെ പറുദീസയാണ് ദുബായ്. മികച്ച ജോലിയും സ്വപ്ന ജീവിതവും തേടി ഈ നഗരത്തിലേക്ക് പറന്നിറങ്ങുന്നവരാണ് അധികവും. ദുബായിലേക്ക് വരുമ്പോള്‍ കാനഡ സ്വദേശിനിയായ ജെന്നിഫർ സാള്‍ട്ടിന്റെ മനസ്സില്‍ ഇതുരണ്ടുമുണ്ടായിരുന്നില്ല. ആശയറ്റവർക്ക് സഹായമാകണം, അതായിരുന്നു ലക്ഷ്യം.
നോണ്‍പ്രോഫിറ്റ് ലീഡർഷിപ്പിലും ജീവകാരുണ്യത്തിലും ബിരുദാനന്തര ബിരുദം നേടിയ 35 കാരിയായ ജെന്നിഫർ സാള്‍ട്ട് ഇന്ന് നിരവധി ജീവിതങ്ങളുടെ പ്രതീക്ഷയുടെ മെഴുകുതിരി വെട്ടമാണ്.
∙ തുടക്കം 13–ാം വയസ്സിൽ
13 വയസുളളപ്പോള്‍ സ്കൂളിലെ സഹായനിധിയില്‍ നിന്നായിരുന്നു സാള്‍ട്ടിന്റെ തുടക്കം. കാനഡയിലെ വിന്നീപെഗില്‍ ഫിലിപ്പീന്‍ സ്വദേശിനിയായ സുഹൃത്തായിരുന്നു ജീവകാരുണ്യമേഖലയിലേക്ക് എത്താന്‍ പ്രചോദനമായത്. ഫിലിപ്പീന്‍സില്‍ കുട്ടികള്‍ക്കായി ഒരു കേന്ദ്രം നിർമിക്കാനായി ജെന്നിഫർ ഉള്‍പ്പടെയുളള സ്കൂള്‍ കുട്ടികള്‍ കൈകോർത്തു. ആ ആവശ്യം നിറവേറ്റി. പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത നിരവധി പേരുളള ഈ ലോകത്ത് തനിക്ക് പറ്റുന്നതുപോലെ അവർക്ക് സഹായം ചെയ്യണമെന്നതായി ആ കൗമാരക്കാരിയുടെ പിന്നീടുളള ലക്ഷ്യം.

∙ നേപ്പാളില്‍ സന്നദ്ധ സംഘത്തോടൊപ്പം അഞ്ച്മാസം
നേപ്പാളില്‍ വെളാന്‍റിയർ സംഘത്തിനൊപ്പം സന്നദ്ധ പ്രവർത്തനങ്ങളില്‍ സജീവമാകുമ്പോള്‍ പ്രായം 18. ആരോരുമില്ലാത്ത കുട്ടികള്‍ക്കായി പ്രവർത്തിച്ചിരുന്ന അനാഥാലയത്തില്‍ അഞ്ച് മാസത്തോളം സന്നദ്ധസംഘത്തിന്റെ ഭാഗമായി. 3 വയസ്സുമാത്രമുളള ആന്‍ജേല ഉള്‍പ്പടെ 50 കുട്ടികള്‍ക്കായിരുന്നു അന്ന് ജെന്നിഫർ ഉള്‍പ്പടെയുളള സന്നദ്ധ സംഘം സഹായം നല്‍കിയത്. അനാഥാലയത്തിന്റെ ഉടമയ്ക്ക് അതൊരു ബിസിനസ് മാത്രമായിരുന്നു. 5 മാസങ്ങള്‍ക്കു ശേഷം സന്നദ്ധ സംഘം മടങ്ങിപ്പോന്നു. ആ സമയത്ത് മറ്റൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് ജെന്നിഫർ പറയുന്നു.
പിന്നീട് വർഷങ്ങള്‍ കഴിഞ്ഞ് ആ കുട്ടികളെ തേടിപ്പോയെങ്കിലും അവിടെ ആരുമുണ്ടായിരുന്നില്ല. ആ കുട്ടികള്‍ക്ക്, പ്രത്യേകിച്ചും മൂന്ന് വയസ്സുകാരി ആന്‍ജേലയ്ക്ക് എന്തുസംഭവിച്ചിട്ടുണ്ടാകുമെന്നുളള ഓർമപോലും കഠിനമാണ് ജെന്നിഫറിന്. അന്നാണ് അനാഥരായ കുട്ടികള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനമെടുത്തത്. വിവിധ ലക്ഷ്യങ്ങള്‍ക്കായുളള ധനസമാഹണത്തിനായി സാഹസികയാത്രയും നടത്തിയിട്ടുണ്ട് ജെന്നിഫർ. കിളിമഞ്ചാരോ കീഴടിക്കയത് ടാന്‍സാനിയയില്‍ ക്ലാസ് മുറികള്‍ നിർമ്മിക്കാനുളള ധനസമാഹരണത്തിന്റെ ഭാഗമായാണ്.
∙ ദുബായിലേക്ക്
2012 ലാണ് ജെന്നിഫർ സോള്‍ട്ട് ദുബായിലെത്തുന്നത്. ലോകമെങ്ങും ലാഭേച്ഛയില്ലാതെ സന്നദ്ധ സേവനം നടത്തുന്ന സംഘടനയായ ഗള്‍ഫ് ഫോർ ഫുഡിന്റെ ഭാഗമായി. സന്നദ്ധ പ്രവർത്തനങ്ങളിലൂടെ കടന്ന് പോകവെയാണ് ത്രിഫ്റ്റ് ഫോർ ഗുഡ് ആരംഭിക്കാനുളള ആശയം മനസില്‍ വരുന്നത്. ഉപയോഗിച്ച വസ്ത്രങ്ങള്‍ ശേഖരിച്ച് പുനരുപയോഗ സജ്ജമാക്കി വില്‍ക്കുകയെന്നുളളതാണ് ത്രിഫ്റ്റ് ഫോർ ഗുഡിന്റെ ആശയം. ഇതിലൂടെ ലഭിക്കുന്ന പണം കുട്ടികളുടെ പഠനമുള്‍പ്പടെയുളള കാര്യങ്ങള്‍ക്കായി ഉപയോഗിക്കാം.
വസ്ത്രങ്ങളും പുസ്തകങ്ങളും ഉള്‍പ്പടെ ശരിയായ രീതിയില്‍ പുനരുപയോഗിക്കാന്‍ കഴിയുമെന്നത് ഒരു വശമാണെങ്കില്‍ അതിലൂടെ ലഭിക്കുന്ന പണം നിരവധി പേരുടെ ജീവിതത്തില്‍ ഉപകാരമാകുമെന്നതാണ് വലിയ നേട്ടം.
∙ എന്താണ് ത്രിഫ്റ്റ് ഫോർ ഗുഡ്
യുഎഇയിലുളളവർക്ക് ഉപയോഗിച്ച വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, ബാഗ്, ആഭരണങ്ങള്‍, ഷൂസ്, ചെരുപ്പ് എന്നിവയെല്ലാം ത്രിഫ്റ്റ് ഫോർ ഗുഡിന് നല്‍കാം. ലാപ് ടോപ്, ടാബ് ലെറ്റ്, വിഡിയോ ഗെയിംസ് എന്നിവയും സ്വീകരിക്കും. പാം ജുമൈറയിലെ ഗോള്‍ഡന്‍ മൈല്‍ ഗലേറിയ ബില്‍ഡിങ്, ടൈം സ്ക്വയർ സെന്റർ, അല്‍ ഖൂസിലെ സസ്റ്റെയിനബിലിറ്റി ഹബ് എന്നിവിടങ്ങളിലുളള ത്രിഫ്റ്റ് ഫോർ ഗുഡിലെത്തി സാധനങ്ങള്‍ നല്‍കാന്‍ കഴിയും.
ഒരിക്കല്‍ നിങ്ങളുടെ പ്രിയപ്പെട്ടതായിരുന്ന വസ്ത്രങ്ങളും പുസ്തകങ്ങളും സാധനങ്ങളും ത്രിഫ്റ്റ് ഫോർ ഗുഡിന് കൈമാറുമ്പോള്‍ നന്ദി സൂചകമായി 10 ദിർഹത്തിന്റെ ത്രിഫ്റ്റ് ഫോർ ഗുഡ് വൗച്ചർ നിങ്ങള്‍ക്ക് ലഭിക്കും. നേരിട്ടെത്തി നല്‍കാന്‍ ബുദ്ധിമുട്ടുളളവർക്ക് കൊറിയർ അയക്കുകയും ചെയ്യാം. ഇങ്ങനെ ശേഖരിക്കുന്ന വസ്ത്രങ്ങള്‍ അലക്കി ആവശ്യമെങ്കില്‍ തയ്യല്‍ പണികള്‍ നടത്തി ത്രിഫ്റ്റ് ഫോർ ഗുഡില്‍ ചെറിയ വിലയ്ക്ക് വില്‍ക്കും. ഇതില്‍ നിന്നും ലഭിക്കുന്ന ലാഭമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള ആവശ്യക്കാരിലേക്ക് അവശ്യവസ്തുക്കളായി എത്തുന്നത്. നൂറു ശതമാനം സുതാര്യതയോടെ ഐകാഡ് അംഗീകാരമുളള ഗള്‍ഫ് ഫോർ ഗുഡിലൂടെയാണ് ത്രിഫ്റ്റ് ഫോർ ഗുഡിന്റെ സാമ്പത്തിക ഇടപാടുകള്‍. ഗള്‍ഫ് ഫോർ ഫുഡിലൂടെ ഭക്ഷണമായും വസ്ത്രമായും ധനസഹായമായും മലാവി, ഉഗാണ്ട, ഫിലീപ്പിന്‍സ്, പെറു,നേപ്പാള്‍, ലെബനന്‍, പലസ്തീന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആവശ്യക്കാരിലേക്കെത്തുന്നു.
പുനരുപയോഗം, പ്രകൃതിസൗഹാർദ്ദം
പ്രകൃതിയുടെ സുസ്ഥിരതയെന്നുളളതുകൂടി ഇതിലൂടെ നടപ്പിലാകുന്നുണ്ട്. വസ്ത്ര വിപണിയാണ് ലോകത്തെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ കാർബണ്‍ ബഹിർഗമന വിപണി. വസ്ത്രവിപണിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് വലിയ തോതില്‍ വസ്ത്രങ്ങള്‍ പാഴായിപ്പോകുന്നു. പുനരുപയോഗത്തിലൂടെ ഒരു പരിധിവരെ അന്തരീക്ഷ മലിനീകരണം കുറക്കാനാകുന്നുവെന്നതും പ്രധാനമാണ്.
∙ തുടക്കം ഓണ്‍ലൈനില്‍, ഇന്ന് ദുബായില്‍ മൂന്ന് ത്രിഫ്റ്റ് ഫോർ ഗുഡ് ഷോറൂമുകള്‍
2020 ഫെബ്രുവരിയിലാണ് ഗള്‍ഫ് ഫോർ ഗുഡിന്റെ പിന്തുണയോടെ ത്രിഫ്റ്റ് ഫോർ ഗുഡ് ആരംഭിക്കുന്നത്. ഓണ്‍ലൈനിലൂടെയായിരുന്നു തുടക്കം. നവംബറോടെ ആദ്യ ഷോറൂം ആരംഭിച്ചു. നിലവില്‍ മൂന്ന് ഷോറൂമുകളുണ്ട് ദുബായില്‍. ഇതുവരെ 32 ലക്ഷത്തോളം ദിർഹം ഗള്‍ഫ് ഫോർ ഗുഡിലൂടെ സന്നദ്ധപ്രവർത്തനങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മാസം ഏകദേശം 1,50,000 ദിർഹമാണ് കൈമാറുന്നത്. ത്രിഫ്റ്റ് ഫോർ ഗുഡിന്റെ വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന,അരക്ഷിത സാഹചര്യങ്ങളിലുളളവർക്ക് ഭക്ഷണവും വെളളവും വസ്ത്രവും വിദ്യാഭ്യാസവും നല്‍കാന്‍ ഈ ഉദ്യമത്തിലൂടെ ജെന്നിഫറിനും സംഘത്തിനും കഴിയുന്നു. ഇനിയുമേറെ ചെയ്യാനുണ്ട്.
ത്രിഫ്റ്റ് ഫോർ ഗുഡിന്റെ പ്രവർത്തന മികവിന് നാല് അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 2024 ഏപ്രിലില്‍ മാനുഷിക പ്രവർത്തനങ്ങള്‍ക്ക് വെസ്റ്റ് ഫോർഡ് യൂണിവേഴ്സിറ്റി കോളജ് നല്‍കുന്ന വെസ്റ്റ് ഫോർഡ് പുരസ്കാരം, 2023 ല്‍ ഫോബ്സിന്റെ നേതൃത്വത്തില്‍ നടന്ന മിഡില്‍ ഈസ്റ്റ് സസ്റ്റെയിനബിലിറ്റി ലീഡേഴ്സ് സമ്മിറ്റില്‍ പാനല്‍ മോഡറേറ്റർ, 2023 ല്‍ വീസയുടെ വീസ ഷീ ഈസ് നെക്സ്റ്റ് പുരസ്കാരം, 2022 മാർച്ചില്‍ വിമണ്‍ എസ്എംഇ ലീഡർ ദ വിഷനറി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വിശ്രമിക്കാന്‍ സമയമില്ല, ചെയ്തുതീർക്കാന്‍ കടമകളേറെ, തിരക്കുകളിലേക്ക് നടക്കുകയാണ് ജെന്നിഫർ സോള്‍ട്ടും ത്രിഫ്റ്റ് ഫോർ ഗുഡ് ടീം അംഗങ്ങളും.