പുതിയ ഗതാഗത നിയമം: സമഗ്ര ബോധവൽക്കരണ ക്യാംപെയ്ന‍് തുടക്കമിട്ട് കുവൈത്ത്

Mail This Article
കുവൈത്ത് ∙ ഏപ്രിൽ 22ന് പ്രാബല്യത്തിൽ വരുന്ന പുതിയ ഗതാഗത നിയമം സംബന്ധിച്ച് പൊതുജനങ്ങൾക്കായി ബോധവൽക്കരണ ക്യാംപെയ്ന‍് തുടക്കമിട്ട് കുവൈത്ത്. ഗതാഗത ജനറൽ വകുപ്പും ആഭ്യന്തര മന്ത്രാലയവും ചേർന്നാണ് ദേശവ്യാപകമായി ക്യാംപെയ്ൻ നടത്തുന്നത്.
പുതിയ നിയമത്തിലെ വ്യവസ്ഥകൾ പൊതുജനങ്ങൾക്ക് പരിചിതമാക്കാൻ ലക്ഷ്യമിട്ടാണ് പ്രാബല്യത്തിലാകുന്നതിന് 90 ദിവസം മുൻപേ തന്നെ ബോധവൽക്കരണം നടത്തുന്നത്. രാജ്യത്തെ ഗതാഗത അപകടങ്ങൾ കുറയ്ക്കാനും റോഡ് സുരക്ഷ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് 48 വർഷം പഴക്കമുള്ള ഗതാഗത നിയമം പരിഷ്കരിച്ചത്. ഗുരുതര ലംഘനങ്ങൾക്കുള്ള പിഴത്തുകയും ജയിൽ ശിക്ഷയും വർധിപ്പിച്ച് കർശന വ്യവസ്ഥകളോടെയാണ് പുതിയ നിയമം.
∙ബോധവൽക്കരണം എങ്ങനെ
ദേശവ്യാപകമായുള്ള ബോധവൽക്കരണമാണ് നടത്തുക. പത്രങ്ങൾ, ടെലിവിഷൻ ചാനലുകൾ, റേഡിയോ, ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾ എന്നിവയിലൂടെയാണ് ഗതാഗത സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക. ഇതിനു പുറമെ വിവിധ ഭാഷകളിലും ബോധവൽക്കരണം നടത്തും. പുതിയ നിയമത്തിലെ വ്യവസ്ഥകളും ശിക്ഷാ നടപടികളും കൃത്യമായി മനസ്സിലാക്കാനും അതനുസരിച്ച് കൂടുതൽ ജാഗ്രതയോടെയും ശ്രദ്ധയോടെയും ഗതാഗത നിയമങ്ങൾ പാലിക്കാനും പൊതുജനങ്ങളെ പ്രാപ്തരാക്കാൻ വിദ്യാഭ്യാസ ക്യാംപെയ്നുകളും സംഘടിപ്പിക്കും. രാജ്യത്തെ സ്വദേശികളും പ്രവാസികളും പുതിയ മാറ്റങ്ങൾ മനസിലാക്കണമെന്നും അധികൃതർ നിർദേശിച്ചു. നിയമം പൂർണമായും നടപ്പാക്കുന്നതു വരെ ബോധവൽക്കരണം തുടരും.