ADVERTISEMENT

മസ്‌കത്ത് ∙ ഒമാന്‍ ദേശീയദിന അവധി ഇനി രണ്ട് ദിവസം. എല്ലാ വര്‍ഷവും നവംബര്‍ 20, 21 തീയതികളിലായിരിക്കും അവധിയെന്ന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പുറപ്പെടുവിച്ച രാജകീയ ഉത്തരവില്‍ വ്യക്തമാക്കി. ഒമാന്‍ ദേശീയദിനം ഇനി നവംബര്‍ 20 ആയിരിക്കുമെന്ന് സുല്‍ത്താന്‍ സ്ഥാനാരോഹരണ ദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് അനുസൃതമായി ഒമാന്റെ ദേശീയ ദിന അവധി നവംബര്‍ 20, 21 തീയതികളിലാക്കിയിരിക്കുന്നത്. രാജകീയ ഉത്തരവ് നമ്പര്‍ 88/2022ലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് രാജകീയ ഉത്തരവ് നമ്പര്‍ 15/2025 പുറപ്പെടുവിച്ചത്.

പുതിയ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചതോടെ പ്രവാസികള്‍ക്ക് കോളടിച്ചിരിക്കുകയാണ്. വാരാന്ത്യ അവധി ദിനങ്ങളോടനുബന്ധിച്ച് രണ്ട് ദിവസം പൊതു അവധി കൂടി ലഭിക്കുന്നതോടെ തുടര്‍ച്ചയായി നാല് ദിവസം ഒഴിവ് ലഭിക്കും. ഇതോടൊപ്പം ബുധന്‍, വ്യാഴം, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലോ അവധി ലഭിച്ചാല്‍ മൂന്ന് ദിവസത്തെ പെയ്ഡ് ലീവ് കൂടിയെടുത്ത് 10 ദിവസം തുടര്‍ച്ചയായി അവധി ആസ്വദിക്കാനാകും. നവംബര്‍ മാസങ്ങളില്‍ പൊതുവെ ടിക്കറ്റ് നിരക്കും കുറവായതിനാല്‍ പ്രവാസികള്‍ക്ക് നാടണയാനും മറ്റു നാടുകള്‍ കാണാനും യാത്രകള്‍ക്ക് പറ്റിയ സമയമാണിത്.

ഒമാന്‍ ദേശീയദിനം ഇനി എല്ലാവര്‍ഷവും നവംബര്‍ 20ന് ആഘോഷിക്കുന്നതിന് കാരണവും സ്ഥാനാരോഹണ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് വ്യക്തമാക്കിയിരുന്നു. പൂര്‍വ്വീകരായ സുല്‍ത്താന്‍മാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ദേശീയദിനത്തില്‍ മാറ്റം വരുത്തുന്നതെന്ന് സുല്‍ത്താന്‍ പറഞ്ഞു.

1744 മുതല്‍ ഇമാം സയ്യിദ് അഹമ്മദ് ബിന്‍ സയ്യിദ് അല്‍ ബുസൈദിയുടെ കൈകളാല്‍ ഈ രാജ്യത്തെ സേവിക്കാന്‍ അല്‍ ബുസൈദി കുടുംബം നിയോഗിക്കപ്പെട്ട ദിവസമാണിത്. ഒമാന്റെ പതാക ഏകീകരിക്കുകയും ദേശത്തിന്റെ പരമാധികാരത്തിനും പൗരന്‍മാരുടെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടി പോരാടുകയും വലിയ ത്യാഗങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹമെന്നും സുല്‍ത്താന്റെ സംസാരത്തില്‍ വിശദീകരിച്ചു.

English Summary:

Oman National Day is now on November 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com