തൊഴിലാളികളെ തേടി യുഎഇ, മലയാളികൾക്ക് 'പ്രതീക്ഷ'; ഈ മേഖലയിൽ കൂടുതൽ ശമ്പളവും അവസരവും

Mail This Article
ദുബായ് ∙ കൂടുതല്‍ മാറ്റത്തിന് തയാറെടുക്കുകയാണ് യുഎഇയുടെ തൊഴില്‍ വിപണി. 2025ല്‍ പ്രഫഷനലുകളുടെ ആവശ്യം വർധിക്കുന്ന തൊഴില്‍ മേഖലകളേതൊക്കെയാണ്, ശമ്പളം ഉയരാന്‍ സാധ്യതയുളള തൊഴില്‍ മേഖലകള്‍ ഏതൊക്കയാണ്. അക്കൗണ്ടൻസി -ഫിനാൻസ്, ബാങ്കിങ് - സാമ്പത്തിക സേവനങ്ങൾ, നിർമ്മാണം- വസ്തു, സ്വദേശിവല്‍ക്കരണം, മാനവവിഭവശേഷി, നിയമം, സാങ്കേതികവിദ്യ, സെയില്‍സ് -മാർക്കറ്റിങ് തുടങ്ങി വിവിധ മേഖലകളിലെ തൊഴില്‍ പ്രവണതകള്‍ അടിസ്ഥാനമാക്കിയാണ് ഹെയ്സ് ജിസിസി സാലറി ഗൈഡ് തയാറാക്കിയിരിക്കുന്നത്.
ഹെയ്‌സിന്റെ ജിസിസി സാലറി ഗൈഡ് 2025 ലെ സർവെ പ്രകാരം 30 ശതമാനം തൊഴിലുടമകളും 2.5 ശതമാനം മുതല്‍ 5 ശതമാനം വരെ ശമ്പള വർധനവ് നല്‍കാന്‍ സന്നദ്ധരാണ്. 5 ശതമാനം തൊഴിലുടമകള്‍ ജീവനക്കാരെ നിലനിർത്തുന്നതിന് ശമ്പളത്തില്‍ 20 ശതമാനത്തിലധികം വർധനവ് വരുത്താനും തയാറാണെന്ന് സർവെ പറയുന്നു. ഗള്‍ഫ് മേഖലയിലെ 1028 തൊഴിലുടമകളുമായും 925 തൊഴിലാളികളുമായും പഠനം നടത്തിയതിന് ശേഷമാണ് ഹെയ്സിന്റെ മിഡില്‍ ഈസ്റ്റ് ഡിവിഷന്‍ സർവെ റിപ്പോർട്ട് തയാറാക്കിയത്.
∙ ജോലി സാധ്യത കൂടും
മിഡില്‍ ഈസ്റ്റിലുടനീളം 2024നെ അപേക്ഷിച്ച് 2025 ല്‍ ജോലി നിയമന നിരക്കുകള്‍ കൂടും. തൊഴിലുടമകളും പ്രഫഷനലുകളും മാറ്റം തേടുകയാണെന്ന് ഹെയ്‌സ് മിഡിൽ ഈസ്റ്റിലെ മാനേജർ ഡയറക്ടർ ഒലിവർ കോവാൽസ്‌കി പറയുന്നു. മേഖലയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി ജോലി നൈപുണ്യമുളളവരെ തേടുകയാണ് തൊഴിലുടമകളെങ്കില്‍, പുതിയതും കൂടുതല്‍ വരുമാനം ലഭിക്കുന്നതുമായ അവസരങ്ങള്‍ തേടുകയാണ് പ്രഫഷനലുകളെന്നും സർവെ റിപ്പോർട്ട് പറയുന്നു. തുടർച്ചയായ നിക്ഷേപം, ഡിജിറ്റൽ പരിവർത്തനം, പുതിയ സാങ്കേതികവിദ്യകള്‍ തുടങ്ങിയവയാണ് ഗള്‍ഫ് മേഖലയ്ക്ക് ഗുണകരമാകുന്നതെന്നും കോവാല്‍സ്കി വിലയിരുത്തുന്നു.

∙ 2025ലെ പ്രതീക്ഷ
തൊഴിലുടമകളില്‍ 78 ശതമാനം പേരും സ്ഥിര നിയമനം, താല്‍ക്കാലിക കരാർ, അല്ലെങ്കില്‍ ഫ്രീലാന്‍സ് വീസ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ സജ്ജമാണ്. അതുകൊണ്ടുതന്നെ ജോലി ഒഴിവുകള്‍ ഈ വർഷം പ്രതീക്ഷിക്കാം. എന്നാല്‍ 14 ശതമാനം തൊഴിലുടമകള്‍ക്ക് പുതിയ ജീവനക്കാരെ നിയമിക്കാന്‍ പദ്ധതികളില്ല. ഗള്‍ഫ് മേഖലയിലെ 67 ശതമാനം പ്രഫഷനലുകളും ഈ വർഷം ജോലി മാറാന്‍ താല്‍പര്യപ്പെടുന്നുവെന്നാണ് സർവെ വിലയിരുത്തല്‍. 78 ശതമാനം പേർ ശമ്പള വർധനവ് പ്രതീക്ഷിക്കുന്നു. തങ്ങളുടെ സ്ഥാപനത്തില്‍ ശമ്പള-വേതന വർധനവ് പ്രതീക്ഷിക്കുന്നവരാണ് 77 ശതമാനം പേരും. 2.5 ശതമാനം മുതല്‍ 5 ശതമാനം വരെയാണ് വേതനവർധനവ് പ്രതീക്ഷിക്കുന്നത്.
∙ ജോലി ഒഴിവ് പ്രതീക്ഷിക്കുന്ന പ്രധാനതൊഴില്‍ മേഖലകള്‍
ബാങ്കിങ് ഫിനാന്‍സ് തൊഴില്‍ മേഖലയിലാണ് കൂടുതല്‍ ജോലി ഒഴിവുകള്‍ പ്രതീക്ഷിക്കുന്നത്. നിക്ഷേപകരുടെയും അവസരങ്ങളുടെയും പ്രധാന മേഖലയെന്നുളള രീതിയില്‍ ഗണ്യമായ വളർച്ച പ്രതീക്ഷിക്കുന്നുണ്ട് യുഎഇ. സമീപകാലങ്ങളില്‍ നിക്ഷേപത്തിലുണ്ടായ വർധനവ് സൂചിപ്പിക്കുന്നതും അതുതന്നെയാണ്. നിർമ്മാണ മേഖലയിലും അഭിവൃധി പ്രകടമാണ്. സാങ്കേതിക വിദ്യയിലെ തൊഴില്‍ വിപണിയും സജീവമാണ്. വിദഗ്ധരായ പ്രഫഷനലുകളില്ലാതെ തൊഴില്‍ മേഖല പൂർണ്ണമാകില്ല. നികുതി രഹിത ശമ്പളവും ജോലി അവസരങ്ങളും വിദേശപ്രതിഭകള്‍ക്ക് ഇഷ്ട ഇടമായി യുഎഇ മാറുന്നതിന്റെ പ്രധാനകാരണമാണ്.

∙ 2024ലെ നിയമനകണക്കുകള്‍
2023 ല്‍ 62 ശതമാനം സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചപ്പോള്‍ 2024ല്‍ അത് 68 ശതമാനമായി ഉയർന്നു. 2025ല്‍ 86 ശതമാനം സ്ഥാപനങ്ങള്‍ പ്രഫഷനലുകളെ തേടുകയാണെന്നാണ് സർവെ പറയുന്നത്. 2024ല്‍ 71 ശതമാനം തൊഴിലുടമകളും തൊഴിലാളികള്‍ക്ക് ശമ്പള വർധനവ് അനുവദിച്ചുനല്‍കി. എന്നിരുന്നാല്‍ തന്നെയും 2024ല്‍ 51 ശതമാനമാണ് ശമ്പളവർധനവ് ലഭിച്ചതായി സ്ഥിരീകരിക്കുന്നത്. 2023 ല്‍ ഇത് 58 ശതമാനമായിരുന്നു.സർവേയിൽ പങ്കെടുത്ത 35 ശതമാനം തൊഴിലുടമകളും തങ്ങളുടെ ജീവനക്കാർക്ക് ഫ്ലെക്സിബിൾ വർക്കിങ് ഓപ്ഷനുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്.