യുഎഇ-ഇന്ത്യ ഫെസ്റ്റിന് ആവേശത്തുടക്കം; വൈവിധ്യങ്ങളിലെ ഒരുമയുടെ ആഘോഷം

Mail This Article
അബുദാബി ∙ ഇന്ത്യയുടെയും യുഎഇയുടെയും സാംസ്കാരിക പൈതൃകം സമന്വയിപ്പിച്ച് അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐഎസ്‌സി) സംഘടിപ്പിക്കുന്ന പതിമൂന്നാമത് യുഎഇ-ഇന്ത്യ ഫെസ്റ്റിന് തുടക്കമായി. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്തു. ‘നാനാത്വത്തിൽ ഏകത്വം’ പ്രമേയമാക്കി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാപ്രവർത്തകർ പരിപാടികൾ അവതരിപ്പിച്ചു.
യുഎഇയുടെ പരമ്പരാഗത നൃത്തവും അരങ്ങേറി. വൈകിട്ട് 7.3-ന് ആരംഭിച്ച പരിപാടികൾ പാട്ടും നൃത്തവും മറ്റു വിനോദ പരിപാടികളുമായി രാത്രി 12.30 വരെ നീണ്ടു. കശ്മീർ മുതൽ കന്യാകുമാരി വരെ നീളുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തനി നാടൻ വിഭവങ്ങൾ ഒരിടത്ത് സമ്മേളിച്ചതായിരുന്നു ഇന്ത്യ ഫെസ്റ്റിന്റെ മറ്റൊരു വൈവിധ്യം. മലയാളികളുടെ കപ്പയും മത്തിക്കറിയും കരിമീനും ചിക്കൻ വറുത്തരച്ചതും നിർത്തിപ്പൊരിച്ചതുമെല്ലാം കഴിക്കാൻ മറുനാട്ടുകാരും എത്തി.
മൂന്നു ദിവസം നീളുന്ന ഇന്ത്യ ഫെസ്റ്റിൽ നാളെയും മറ്റന്നാളും വ്യത്യസ്ത കലാപരിപാടികളുണ്ട്. വിദ്യാർഥികളുടെ എക്സിബിഷനും ഒരുക്കിയിട്ടുണ്ട്. പ്രവേശന ടിക്കറ്റ് എടുത്ത് എത്തുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മെഗാ വിജയിക്ക് 100 ഗ്രാം സ്വർണമാണ് സമ്മാനം. കൂടാതെ 5 പേർക്കു വീതം 8 ഗ്രാം സ്വർണ നാണയം, ടെലിവിഷൻ, സ്മാർട്ട് ഫോൺ, സ്മാർട്ട് വാച്ച്, എയർ ഫ്രയർ തുടങ്ങി വിലപിടിച്ച മറ്റു സമ്മാനങ്ങളും നൽകുന്നുണ്ട്.
ഉദ്ഘാടന ചടങ്ങിൽ പ്രസിഡന്റ് ജയറാം റായ്, ജനറൽ സെക്രട്ടറി രാജേഷ് ശ്രീധരൻ, ട്രഷറർ ദിനേശ് പൊതുവാൾ, വിനോദവിഭാഗം സെക്രട്ടറി അരുൺ ആൻഡ്രു വർഗീസ് എന്നിവർ പ്രസംഗിച്ചു. പ്രായോജകരായ കെ.ജി.അനിൽകുമാർ, ഗണേഷ് ബാബു, അസിം ഉമർ, ഡോ. തേജ രമ, റഫീഖ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.