ഒന്ന് മിണ്ടാൻ പോലും ആരുമില്ല, നാട്ടിൽ വിളിച്ചാൽ എല്ലാരും 'ബിസി'; പ്രവാസിയുടെ ഒറ്റപ്പെടലിന്റെ നൊമ്പരം ആര് കേൾക്കാൻ?

Mail This Article
അടുത്ത വീട്ടുകാരുമായി നിരന്തരം വഴക്കുണ്ടാക്കുന്ന ചേട്ടന്റെ തോന്നൽ അകലെയുള്ള മിത്രത്തേക്കാൾ നല്ലത് അടുത്തുള്ള ശത്രുവാണത്രേ! അടുത്ത വീട്ടിൽ ശത്രുക്കളെ ഉണ്ടാക്കുന്നതിന്റെ ഭാഗമായിട്ടാണ് ചേട്ടൻ ഈ കണ്ട നാട്ടുകാരോടൊക്കെ ഗുസ്തിക്കു പോകുന്നത്. എത്ര വലിയ ബന്ധുബലം ഉണ്ടെങ്കിലും അടിയന്തര ഘട്ടത്തിൽ ആദ്യമോടിയെത്തുക അയൽക്കാർ തന്നെ. അയൽപക്കം അത്രമേൽ വിലപ്പെട്ടതാണ്.
ഒരു രാജ്യത്തിന്റെ ഗതിവിഗതികൾ നിർണയിക്കാൻ പോലും അയൽപക്കങ്ങൾക്കു സാധിക്കുമെങ്കിൽ ഒരു വീടിന്റെ കാര്യം പറയണോ? ആരാണ് നിങ്ങളുടെ അയൽക്കാർ എന്നു ചോദിച്ചാൽ, പ്രവാസികളിൽ പലർക്കും ഉത്തരം കാണില്ല. പത്തും മുപ്പതും നിലയുള്ള കെട്ടിടത്തിൽ ആരൊക്കെ താമസിക്കുന്നു ആരൊക്കെ വീടൊഴിഞ്ഞു പോയി എന്നൊക്കെ എങ്ങനെ അറിയാൻ?
മലയാളികളെ കോർത്തിണക്കുന്ന അസോസിയേഷനും സംഘടനയുമൊക്കെ സജീവമാണെങ്കിലും തൊട്ടടുത്ത താമസക്കാരനെ അറിയുക ഇത്തിരി പ്രയാസമുള്ള കാര്യമാണേ. പലപ്പോഴും അടുത്ത വീട്ടുകാർ നമ്മുടെ നാട്ടുകാരോ നമ്മുടെ രാജ്യക്കാരോ ആകണമെന്നില്ല. ചിലപ്പോൾ അടുത്ത വീട്ടുകാരനു നമ്മളെ അറിയണമെന്നോ പരിചയപ്പെടണമെന്നോ തീരെ താൽപര്യവും കാണില്ല. അങ്ങനെയൊക്കെ വന്നാൽ, അയൽപക്ക ബന്ധത്തിന്റെ ഭാവി എന്താകും?
ചില അയൽപക്കങ്ങൾ വള്ളി, ഏണി തുടങ്ങിയ ചെല്ലപ്പേരുകളിൽ അറിയപ്പെടുന്ന വയ്യാവേലികളായ ചരിത്രവും ഉണ്ട്. അതുകൊണ്ട് തന്നെ ബന്ധങ്ങൾ വളരെ സൂക്ഷിച്ചു വേണമെന്നാണ് അനുഭവസ്ഥർ പറയുന്നത്. അയൽപക്കങ്ങളുടെ കാര്യത്തിൽ അഭിപ്രായങ്ങൾ പലതുണ്ടെങ്കിലും നല്ല അയൽബന്ധങ്ങൾ പിരിമുറുക്കങ്ങളെ ഇല്ലാതാക്കുമെന്നാണ് പഠനം പറയുന്നത്. ഒറ്റപ്പെടലാണ് മനുഷ്യനു ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷ. ആരോടും മിണ്ടാനില്ലാതെ സാമൂഹിക – ഉദ്യോഗ സമ്മർദങ്ങളിൽ ഹതാശരായി കഴിയുന്ന എത്രയോ പേരുണ്ട് നമുക്കു ചുറ്റും.
ഒറ്റയ്ക്കു താമസിക്കുന്നൊരു പ്രവാസി അവന്റെ ജോലി സമ്മർദവും ഒറ്റപ്പെടലിന്റെ നൊമ്പരവുമൊക്കെ എവിടെ ഇറക്കി വയ്ക്കും? നാട്ടിലേക്കു വിളിക്കാമെന്നു വച്ചാൽ, നാട്ടിലുള്ളവരൊക്കെ വല്യ ബിസിയല്ലേ? അവർക്കൊക്കെ എവിടാ നേരം. ഏതു നേരവും ഇങ്ങനെ വിളിക്കാൻ നിങ്ങൾക്ക് അവിടെ പണിയൊന്നുമില്ലേ എന്നു ചോദിക്കുന്നവർ അറിയുന്നില്ലല്ലോ, ഒന്നു മിണ്ടാൻ പോലും ആരുമില്ലാതെ വാക്കുകളും സംസാരങ്ങളും ഉള്ളിൽ തിങ്ങി വിങ്ങുന്ന പ്രവാസിയുടെ വേദന.
ഇത്തരം സന്ദർഭങ്ങളിലാണ് നല്ല അയൽക്കാരുടെ വില അറിയുന്നത്. നല്ല അയൽബന്ധമുണ്ടെങ്കിൽ ഒരു പക്ഷേ, അതു നിങ്ങളുടെ ജീവൻ പോലും രക്ഷിച്ചേക്കാം. പല പ്രവാസികളും അവരുടെ മുറികളിൽ തനിച്ചാണ്. രാവിലെ മുതൽ രാത്രിവരെയുള്ള ജോലി, അതിലെ സംഘർഷങ്ങൾ, സമ്മർദങ്ങൾ, ചുറ്റുപാടുകൾ നൽകുന്ന പ്രശ്നങ്ങൾ, യാത്രകൾ, കാലാവസ്ഥ അങ്ങനെ ശാരീരികവും മാനസികവുമായി ബാധിക്കാവുന്ന ധാരാളം പ്രശ്നങ്ങൾ ചുറ്റുമുണ്ട്.
സമ്മർദവും പിരിമുറുക്കവും പ്രവാസികളെ പലപ്പോഴും കൊണ്ടെത്തിക്കുക അകാല മരണങ്ങളിലേക്കു തന്നെയാകും. എത്രയോ ചെറുപ്രായക്കാർ, പൊടുന്നനെ മരണത്തിനു കീഴടങ്ങുമ്പോൾ, ഒന്നു മിണ്ടാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ, ശാരീരിക അസ്വസ്ഥത തോന്നിയപ്പോൾ ആശുപത്രിയിൽ കൊണ്ടുപോകാൻ ആളുണ്ടായിരുന്നെങ്കിൽ എന്നെല്ലാം ആലോചിച്ചു പോകാറുണ്ട്.
നല്ല അയൽപക്കങ്ങൾ ജീവനു രക്ഷയായ കഥകളും പ്രവാസികൾക്കു പങ്കുവയ്ക്കാനുണ്ട്. നെഞ്ചുവേദനയും നെഞ്ചെരിച്ചിലുമൊക്കെ തോന്നിയപ്പോൾ അടുത്ത വീട്ടിലെ താമസക്കാർ ആശുപത്രിയിൽ കൊണ്ടു പോയതും ജീവൻ രക്ഷപ്പെട്ടതുമായ എത്രയെത്ര കഥകൾ പറയാനുണ്ടാകും. അതുകൊണ്ടുതന്നെ നല്ല അയൽപക്കങ്ങൾ പ്രവാസ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണെന്നാണ് മാനസിക ആരോഗ്യ വിദഗ്ധർ പറയുന്നത്. തിരക്കിട്ട് ഓടുന്ന ജീവിതത്തിൽ ഒരു നിർണായക വേളയിൽ അവർ നിങ്ങൾക്കു കൂട്ടായി വരും.
നിങ്ങൾ ഒറ്റയ്ക്കല്ലെന്നും നിങ്ങളെ കേൾക്കാൻ ഇവിടെ ആളുണ്ടെന്നും അറിയുന്നതു തന്നെ ഒരു സുരക്ഷിത ബോധമല്ലേ. അതുകൊണ്ട്, നല്ല അയൽപക്കങ്ങളെ സൃഷ്ടിക്കുക, നല്ല അയൽക്കാരാകുക. മറുനാട്ടിലെ ജീവിതം പരസ്പര സഹകരണത്തിന്റെയും സഹായത്തിന്റെയും ലോകം കൂടിയാണല്ലോ.