ഫീസ് കൂട്ടാൻ അനുവാദമില്ല: പുതിയ സ്കൂളുകൾക്ക് കെഎച്ച്ഡിഎയുടെ നിർദേശം; അബുദാബിയിൽ അധ്യാപകനാകാൻ അവസരം

Mail This Article
ദുബായ് ∙ എമിറേറ്റിൽ പുതുതായി തുറന്ന സ്വകാര്യ സ്കൂളുകൾക്ക് രണ്ടു വർഷം തികയും മുൻപ് ഫീസ് കൂട്ടാൻ അനുവാദമില്ലെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി. പുതിയ സ്കൂളുകൾ പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപ്, ഈടാക്കുന്ന ഫീസ് തീരുമാനിക്കണം. ദുബായിൽ 10,000 ദിർഹം മുതൽ 1.36 ലക്ഷം ദിർഹം വരെ വാർഷിക ഫീസ് ഈടാക്കുന്ന സ്കൂളുകളുണ്ട്.
കെഎച്ച്ഡിഎ മാനദണ്ഡങ്ങൾ പാലിച്ചാണ് ഫീസ് നിശ്ചയിക്കേണ്ടത്. ഫീസ് നിശ്ചയിച്ച് അധ്യയനം ആരംഭിച്ച ശേഷം, രണ്ടു വർഷം കഴിഞ്ഞു മാത്രമേ ഫീസ് പട്ടിക ഭേദഗതി ചെയ്യാൻ സാധിക്കൂ എന്ന് കെഎച്ച്ഡിഎയിലെ ലൈസൻസ് വകുപ്പ് മേധാവി ഷമ്മ അൽ മൻസൂരി പറഞ്ഞു. എമിറേറ്റിൽ നിലവിൽ 227 സ്വകാര്യ സ്കൂളുകളുണ്ട്. 17 വ്യത്യസ്ത സിലബസുകൾ പിന്തുടരുന്ന ഈ സ്കൂളുകളിൽ 3.87 ലക്ഷം വിദ്യാർഥികളാണ് പഠിക്കുന്നത്. ഇന്ത്യൻ, അറബിക് പാഠ്യപദ്ധതികൾ സ്വീകരിച്ചവരാണ് വിദ്യാർഥികളിൽ കൂടുതലും.
പ്രതിവർഷം 10,000 ദിർഹമാണ് താരതമ്യേന കുറഞ്ഞ ഫീസ്. 20,000 ദിർഹം മുതൽ 30,000 ദിർഹം വരെയാണ് എമിറേറ്റിലെ ശരാശരി സ്കൂൾ ഫീസ്. കരിക്കുലം, അധ്യാപക – അനധ്യാപക ജീവനക്കാരുടെ തൊഴിൽ – പരിചയ മികവ്, സ്കൂളുകൾ സംഘടിപ്പിക്കുന്ന പരിശീലന പദ്ധതികൾ, സ്കൂളുകളുടെ പ്രവർത്തനച്ചെലവ്, കെട്ടിടങ്ങൾ, കളിക്കളം, ലാബ്, വിദ്യാർഥികൾക്ക് നൽകുന്ന പാഠ്യേതര സേവനങ്ങൾ എന്നിവയെല്ലാം വിലയിരുത്തിയാണ് ഫീസ് പട്ടികയ്ക്ക് അംഗീകാരം നൽകുന്നത്.
ഒരിക്കൽ ഫീസ് ഉയർത്തിയ സ്കൂളുകൾക്ക് പരിശോധനകൾക്ക് ശേഷം മൂന്നാം വർഷമാണ് ഫീസ് കൂട്ടാൻ അനുമതി നൽകുന്നത്. സ്കൂളുകളുടെ സേവന മികവാണ് ഫീസ് ഘടന നിശ്ചയിക്കുന്നതെന്നും ഷമ്മ പറഞ്ഞു.
അബുദാബിയിൽ അധ്യാപകനാകാൻ അവസരം
അബുദാബിയിൽ ഡിപ്പാർട്മെന്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് നോളജ് ആരംഭിച്ച അധ്യാപക നിയമന ക്യാംപെയിൻ ഈ മാസം 28ന് അവസാനിക്കും. സ്വദേശികൾക്കും വിദേശികൾക്കും വിവിധ വിഷയങ്ങളിൽ അധ്യാപകരാകാനുള്ള അവസരമാണിത്. യുഎഇയിൽ ആദ്യമായാണ് അധ്യാപകരാകാൻ തുറന്ന അവസരം അധികൃതർ നൽകുന്നത്. ആദ്യഘട്ടത്തിൽ യോഗ്യരായവരിൽ നിന്നുള്ള 125 അപേക്ഷകൾ ഡിപ്പാർട്മെന്റ് പരിഗണിക്കും. നിയമനത്തിനു മുൻപ് ഇവർക്ക് ഒരു വർഷത്തെ പരിശീലനം നൽകാനും പദ്ധതിയുണ്ട്. അപേക്ഷകർക്ക് 25 വയസ്സ് തികഞ്ഞിരിക്കണം.