ADVERTISEMENT

ജിസാൻ ∙ സൗദി അറേബ്യയിലെ ജിസാൻ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന അറുപത് ഇന്ത്യക്കാരിൽ 22 പേർ മലയാളികൾ. യെമനിൽനിന്ന് ലഹരിമരുന്നായ ഖാത്ത് എന്ന ലഹരി ഇല കടത്തിയതിനാണ് ഇവരിൽ ഭൂരിഭാഗവും ശിക്ഷ അനുഭവിക്കുന്നത്. ആകെ അറുപത് ഇന്ത്യക്കാരാണ് ജിസാൻ സെൻട്രൽ ജയിലിൽ കഴിയുന്നത്.

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ പാസ്‌പോർട്ട് വിഭാഗം അസിസ്റ്റന്റ് കോൺസൽ കിഷൻ സിങ് ജിസാൻ സെൻട്രൽ ജയിലും ഡിപോർട്ടഷൻ കേന്ദ്രവും സന്ദർശിച്ചിരുന്നു. ഈ സന്ദർശന വേളയിൽ  സെൻട്രൽ ജയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ജിസാൻ ഡിപ്പോർട്ടേഷൻ സെന്ററിൽ നാട്ടിലേക്ക് കയറ്റി അയക്കുന്നതിനായി ആറു മലയാളികളടക്കം 31 ഇന്ത്യക്കാരാണ് ഇപ്പോഴുള്ളത്.

കോൺസുലേറ്റ് സംഘം ജിസാൻ സെൻട്രൽ ജയിൽ അഡീഷനൽ ഡയറക്‌ടർ നവാഫ് അഹമ്മദ് സെർഹിയുമായും ഉന്നത ജയിൽ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച നടത്തി. ജിസാൻ ജയിലിൽ വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷയനുഭവിക്കുന്ന മലയാളികളൊഴികെയുള്ള ഇന്ത്യൻ തടവുകാർ തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ, ആസാം, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

ശിക്ഷാ കാലാവധി കഴിഞ്ഞ് സെൻട്രൽ ജയിലിൽ കഴിയുന്ന നാലു പേരെ ഈയാഴ്ച്ച തന്നെ നാട്ടിലെത്തിക്കും. രേഖകളില്ലാതെ അനധികൃതമായി താമസിച്ചതിന് പിടിയിലായി ജിസാൻ ഡിപ്പോർട്ടേഷൻ സെന്ററിലുള്ള 12 ഇന്ത്യക്കാർക്ക് കോൺസുലേറ്റിൽ നിന്ന് എമർജൻസി സർട്ടിഫിക്കറ്റ് നൽകും.

ക്രിമിനൽ കുറ്റകൃത്യങ്ങളിൽപെടാത്ത നിയമ ലംഘകരായ ഇന്ത്യക്കാരെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിൽ തിരിച്ചയക്കുന്നതിന് നിയമതടസമില്ലെന്ന് ഡിപ്പോർട്ടേഷൻ സെന്റർ അധികൃതർ വ്യക്തമാക്കി. കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗങ്ങളായ ഷംസു പൂക്കോട്ടൂർ, താഹ കൊല്ലേത്ത്, സെയ്‌ദ് കാശിഫ് എന്നിവരും കോൺസലിനൊപ്പമുണ്ടായിരുന്നു.

English Summary:

Out of 60 Indians currently imprisoned in Saudi Arabian jails, 22 are of Malayali origin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com