ടിക്കറ്റില്ലാ യാത്രക്കാരെ പിടിക്കാൻ പ്രത്യേക സ്ക്വാഡ്; ഷെൽറ്ററുകളിൽ യാത്രക്കാരല്ലാത്തവർക്ക് 'നോ എൻട്രി'

Mail This Article
ദുബായ് ∙ ബസുകളിലുൾപ്പെടെ പൊതുയാത്രാ സംവിധാനങ്ങളിലെ ടിക്കറ്റില്ലാ യാത്രക്കാരെ പിടിക്കാൻ ആർടിഎ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചു. ബാലൻസ് ഇല്ലാത്ത കാർഡ് ഉപയോഗിച്ചു ബസിൽ യാത്ര ചെയ്യുക, നോൾ കാർഡ് പോലുമില്ലാതെ യാത്ര ചെയ്യുക തുടങ്ങിയ നിയമ ലംഘനങ്ങൾക്കെതിരെയാണ് നടപടി. അബ്രകളിലും വാട്ടർ ബസുകളിലും പരിശോധന ശക്തമാക്കി.
സ്കൂൾ ബസുകൾ, ചാർട്ടർ ചെയ്ത ബസുകൾ, മറ്റു രാജ്യങ്ങളിലേക്കുള്ള ബസുകൾ എന്നിവയിലും പരിശോധന തുടരുകയാണ്. ബസ് ഷെൽറ്ററുകളിൽ യാത്രക്കാരല്ലാത്തവർ കയറിയാലും പിടികൂടും. സമീപ രാജ്യങ്ങളിലേക്കുള്ള ബസ് യാത്രകൾ നിരീക്ഷിക്കാൻ ജിഡിആർഎഫ്എയുടെയും ദുബായ് പൊലീസിന്റെയും സഹായവും ആർടിഎ തേടിയിട്ടുണ്ട്.
അനധികൃത കുടിയേറ്റം ഉൾപ്പെടെ കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. ബസിലും ബസ് ഷെൽറ്ററിലും യാത്രക്കാരുടെ പെരുമാറ്റവും പരിശോധിക്കും. രാജ്യത്തിന്റെ പേരിനു കളങ്കമുണ്ടാക്കുന്ന പെരുമാറ്റം അനുവദിക്കില്ലെന്നും ആർടിഎ അറിയിച്ചു.