മലയാളികളുടെ വയറും മനസ്സും കീഴടക്കിയ ഷവർമ ഒന്നാമൻ; ലോകം മുഴുവൻ ആരാധകർ

Mail This Article
മസ്‌കത്ത് ∙ ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്വിച്ചായി മിഡിൽ ഈസ്റ്റിന്റെ സ്വന്തം ഷവർമ. 50 മികച്ച സാൻഡ്വിച്ചുകളുടെ പട്ടികയിലാണ് ഷവർമ ഒന്നാമതെത്തിയത്. ഇന്ത്യയുടെ വടാ പാവും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ഫുഡ്, ട്രാവൽ ഗൈഡ് ആയ ടേസ്റ്റ് അറ്റ്ലസിന്റെ ഏറ്റവും പുതിയ റാങ്കിങ്ങിലാണ് ഷവർമ കിരീടം ചൂടിയത്. മിഡിൽ ഈസ്റ്റിലെ മലയാളികൾക്കും ഏറെ പ്രിയപ്പെട്ട സാൻഡ്വിച്ചുകളിലൊന്നാണ് ഷവർമ. കേരളത്തിലും ഇപ്പോൾ ഷവർമയ്ക്ക് ആരാധകർ ഏറെയാണ്.
ഓട്ടോമാൻ രാജവംശവുമായി ബന്ധപ്പെട്ടാണ് ഷവർമയുടെ ചരിത്രം. തുർക്കിയിലാണ് ഷവർമയുടെ പിറവി. സെവിർമെ എന്ന തുർക്കി പദത്തിൽ നിന്നാണത്രെ ഷവർമ എന്ന പേരുണ്ടായത്. പണ്ട് തുർക്കിയിലുള്ളവർ മാരിനേറ്റ് ചെയ്ത ഇറച്ചി കഷണങ്ങൾ കമ്പിയിൽ കോർത്തെടുത്ത് തീയിൽ ചുട്ട് കഴിച്ച കാലമാണ് ഷവർമയുടെ പിൻചരിത്രം.
പ്രത്യേക രീതിയിലാണ് ഷവർമ പാകം ചെയ്യുന്നത്. ചിക്കൻ, ബീഫ്, മട്ടൻ എന്നിവയാണ് ഷവർമയ്ക്കായി ഉപയോഗിക്കുന്നത്. പ്രത്യേക മസാലക്കൂട്ട് കൊണ്ട് മാരിനേറ്റ് ചെയ്ത് തീജ്വാലയിൽ റോസ്റ്റ് ചെയ്തെടുത്ത ഇറച്ചിയും കുക്കുംബർ, തക്കാളി അല്ലെങ്കിൽ സവാള പോലുള്ള പച്ചക്കറികൾ അരിഞ്ഞതും ലെറ്റൂസ് ഇലയും ചേർത്തു മയോണീസ് പുരട്ടിയ കുബ്ബൂസിൽ പൊതിഞ്ഞെടുത്താൽ ഷവർമ റെഡി.. തീജ്വാലയ്ക്ക് നടുവിലായി ലംബമായി സ്ഥാപിച്ചിരിക്കുന്ന കമ്പിയിൽ ഇറച്ചി കഷണങ്ങൾ കോർത്ത് പ്രത്യേക രീതിയിൽ തീയുടെ മുകളിലൂടെ കറക്കിയാണ് റോസ്റ്റ് െചയ്തെടുക്കുന്നത്. കറക്കൽ കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറും. ചൂടോടെ അതു കഴിക്കുമ്പോഴുള്ള സ്വാദാണെങ്കിലോ പറയുകയും വേണ്ട. ഷവർമയുടെ രുചി അതു കഴിച്ചു തന്നെ അറിയണം. ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്വിച്ചെന്ന കിരീടം ഷവർമ ചൂടിയതിൽ ഒട്ടും അത്ഭുതപ്പെടാനുമില്ല–അത്ര രുചികരമാണ് യഥാർഥ ഷവർമ.