പ്രവാസികൾക്ക് 'ഫോർ മൈ ലവ്' സമ്മാനം

Mail This Article
ദോഹ ∙ പ്രവാസത്തിൽ കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും പങ്കാളിയെ പണിയെടുക്കുന്ന മണ്ണിൽ എത്തിക്കാൻ സാധിക്കാത്ത പ്രവാസികൾക്ക് അതിന് അവസരമൊരുക്കുന്ന 'ഫോർ മൈ ലവ്' സാമൂഹിക സേവന പരിപാടിയുടെ അഞ്ചാമത് എഡിഷൻ ഫെബ്രുവരിയിൽ നടക്കും. മുഖ്യ സംഘാടകരായ റേഡിയോ മലയാളം ഭാരവാഹികൾ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പതിറ്റാണ്ടുകളായി പ്രവാസ ജീവിതം നയിച്ചിട്ടും ഒരിക്കൽ പോലും സ്വന്തം ജീവിത പങ്കാളിക്ക് തങ്ങൾ ജീവിക്കുന്ന പ്രവാസ നാട് കാണിച്ചു കൊടുക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത 14 പ്രവാസികളുടെ ഭാര്യമാർക്കാണ് തികച്ചും സൗജന്യമായി ഒരാഴ്ച ഖത്തർ സന്ദർശിക്കാൻ അവസരം. ഫെബ്രുവരി 18ന് ദോഹയിലെത്തുന്ന ഇവർ തുടർന്നുള്ള ദിവസങ്ങളിൽ, ഭർത്താക്കന്മാർ ജീവിതത്തിന്‍റെ ഏറിയ പങ്കും ചിലവഴിച്ച പ്രവാസ ഭൂമി നേരിട്ട് കാണും. വിവിധ സ്ഥാപനങ്ങളും കൂട്ടായ്മകളും സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളിലും പങ്കെടുക്കും. ഫെബ്രുവരി 19ന് ഹോളിഡേ ഇൻ ഹോട്ടലിൽ സംഘടിപ്പിക്കുന്ന കമ്യൂണിറ്റി റിസപ്ഷനിൽ പൗര പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരുമടക്കം നിരവധി പേർ പങ്കെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന 14 ദമ്പതികൾക്ക് പുറമെ ഖത്തറിൽ തന്നെയുള്ള അർഹരായ 5 മുതിർന്ന പ്രവാസികളെ കൂടി ചടങ്ങിൽ ആദരിക്കും.
2018ൽ 10 പേർക്ക് ഖത്തറിലേക്ക് തങ്ങളുടെ ഭർത്താക്കന്മാരെ സന്ദർശിക്കാൻ അവസരം ഒരുക്കി ആരംഭിച്ച 'ഫോർ മൈ ലവ്' ഓരോ വർഷവും ഓരോ ദമ്പതിമാരെ വീതം വർധിപ്പിച്ച് 2024 ൽ പതിനാലു പേർക്ക് അവസരം നൽകിയെന്ന് സംഘാടകരായ റേഡിയോ മലയാളം അറിയിച്ചു. കുടുംബം ഉണ്ടായിരിക്കെ തന്നെ നിരവധി പതിറ്റാണ്ടുകൾ പ്രവാസത്തിൽ ഒറ്റക്ക് ജീവിക്കേണ്ടിവരുന്ന പ്രവാസികൾക്കുള്ള ആദരവും കൂടിയാണ് 'ഫോർ മൈ ലവ്'.

ചുരുങ്ങിയത് ഇരുപത്തിയഞ്ച് വർഷമെങ്കിലുമായി ഖത്തറിൽ തൊഴിലെടുക്കുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ നൂറ് കണക്കിന് അപേക്ഷകളിൽ നിന്നും റേഡിയോ ശ്രോതാക്കൾ നാമനിർദ്ദേശം ചെയ്യുന്ന 14 പേരുടെ ഭാര്യമാരാണ് ഇത്തവണ ഖത്തറിലെത്തുന്നത്. റേഡിയോ മലയാളം ആൻഡ് ക്യുഎഫ് എം സിഇഒ അൻവർ ഹുസൈൻ, ഡപ്യൂട്ടി ജനറൽ മാനേജർ നൗഫൽ അബ്ദുറഹ്മാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന ഔദ്യോഗിക ലോഞ്ചിങ് പരിപാടിയിൽ 'ഫോർ മൈ ലവ്' മായി സഹകരിക്കുന്ന വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത് സംസാരിച്ചു.