അൽ ബഹയിലെ തിഹാമ മേഖലയിൽ മഴ; സന്ദർശകരുടെ തിരക്ക്

Mail This Article
അൽ ബഹ∙ അൽ ബഹ മേഖലയിലെ തിഹാമ സെക്ടറിലെ ഗവർണറേറ്റുകളിൽ മഴ പെയ്തു. ഇതേതുടർന്ന് പർവതങ്ങളിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ മനോഹരമായ കാഴ്ചയാണ് സൃഷ്ടിച്ചത്. അതേസമയം മേഖലയിലെ സരവത് സെക്ടറിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടായി.
അൽ ബഹ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിലെ ജനങ്ങൾ തിഹാമയിലെ താഴ്‌വരകളിലും സമതലങ്ങളിലും കൊടും തണുപ്പ് ഒഴിവാക്കാൻ സന്ദർശനം നടത്താറുണ്ട്. അൽ മഖ്‌വ, ഖിൽവ, അൽ ഹുജ്‌റ, ഗാമിദ് അൽ സ്‌നാദ് ഗവർണറേറ്റുകളിൽ ചൂടും മിതമായ താപനിലയും അനുഭവപ്പെടുന്നതിനാൽ സന്ദർശകരുടെയും താമസക്കാരുടെയും വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്
പ്രദേശത്തിന്‍റെ സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ട ഗവർണറേറ്റുകളും മുനിസിപ്പാലിറ്റികളും വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒരുക്കുന്നതിനും പൊതു പാർക്കുകൾ, സ്ക്വയറുകൾ, ബീച്ചുകൾ എന്നിവ അലങ്കരിക്കാനും പരിപാലിക്കാനും സന്ദർശകരുടെയും വിനോദസഞ്ചാരികളുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും പ്രവർത്തിക്കുന്നു.

20 ഡിഗ്രി സെൽഷ്യസിൽ എത്തുന്ന ഊഷ്മളമായ കാലാവസ്ഥ, വൈവിധ്യമാർന്നതും മനോഹരവുമായ പ്രകൃതി, വൈവിധ്യമാർന്ന ഉപജീവനമാർഗങ്ങൾ, പരമ്പരാഗത സാമ്പത്തിക പ്രവർത്തനങ്ങളും പരിപാടികളും, തേനീച്ചവളർത്തൽ പോലെയുള്ള സംഭവങ്ങളും തിഹാമ മേഖലയെ ആകർഷകമാക്കുന്നു.

വിവിധതരം സുഗന്ധമുള്ള സസ്യങ്ങളും, തേൻ, പ്രാദേശിക തടി ഉൽപന്നങ്ങൾ, ജനപ്രിയ ഭക്ഷണങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയുടെ ഉൽപന്നങ്ങളാൽ സമ്പന്നമായ വിപണികളും ഇവിടെയുണ്ട്. സന്ദർശകർക്ക് ധി ഐൻ പോലെയുള്ള പുരാതന ഗ്രാമങ്ങൾ കോട്ടകൾ എന്നിവയും സന്ദർശിക്കാം.