പുണ്യ നഗരങ്ങളിലേക്ക് വിദേശ നിക്ഷേപകരെ മാടി വിളിച്ച് സൗദി; ശ്രദ്ധേയ പ്രഖ്യാപനം, അറിയാം വിശദമായി

Mail This Article
റിയാദ് ∙ വിദേശീയർക്ക് ഇനി സൗദിയുടെ പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും നിക്ഷേപം നടത്താം. സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടേതാണ് ശ്രദ്ധേയമായ പ്രഖ്യാപനം. നടപടി ഇന്നലെ മുതൽ പ്രാബല്യത്തിലായി.
മൂലധന വിപണിയുടെ മത്സരക്ഷമതയ്ക്ക് ആക്കം കൂട്ടാനും സൗദി വിഷൻ 2030ന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ ലക്ഷ്യങ്ങൾക്കുമനുസൃതമായാണ് പുതിയ പ്രഖ്യാപനം. മൂലധന വിപണിയിൽ നിക്ഷേപം ശക്തിപ്പെടുത്താനും മക്കയിലെയും മദീനയിലെയും നിലവിലെയും ഭാവിയിലേയും വൻകിട പദ്ധതികളിലേയ്ക്ക് കൂടുതൽ നിക്ഷേപകരെ കൂടുതൽ ആകർഷിക്കാനും പ്രാദേശിക സമ്പദ് വ്യവസ്ഥയെ പിന്തുണച്ചു കൊണ്ട് മേഖലാ, രാജ്യാന്തര മത്സരക്ഷമതയ്ക്ക് കരുത്ത് നൽകാനും പുതിയ പ്രഖ്യാപനം ലക്ഷ്യമിടുന്നു.
നിയമലംഘനങ്ങൾ നടത്താതിരുന്നാൽ നിലവിലെയും ഭാവിയിലെയും പദ്ധതികളിലെ സാമ്പത്തിക നേട്ടങ്ങളിൽ നിന്നുള്ള ആനുകൂല്യം സ്വന്തമാക്കാൻ വിദേശ നിക്ഷേപകർക്ക് കഴിയും. മേഖലയിലുടനീളം റിയൽ എസ്റ്റേറ്റ് രംഗത്ത് വൻകിട പരിഷ്കരണങ്ങൾ സജീവമായിരിക്കെയാണ് സൗദിയുടെ പുതിയ പ്രഖ്യാപനം. മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളിൽ ഒട്ടുമിക്കവയും വിദേശീയർക്ക് വസ്തുക്കളിന്മേൽ 100 ശതമാനം ഉടമസ്ഥാവകാശം അനുവദിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഫ്രീസോണുകളിൽ അല്ലെങ്കിൽ നിശ്ചിത നിയന്ത്രണങ്ങളോടെ മറ്റ് അനുവദനീയ പ്രദേശങ്ങളിലാണ് പൂർണ ഉടമസ്ഥാവകാശം അനുവദിച്ചിട്ടുണ്ട്. സൗദിയുടെ ഓഹരി വിപണിയുടെ കുതിപ്പിന് പുതിയ പ്രഖ്യാപനം വഴിയൊരുക്കും.
നിക്ഷേപം എങ്ങനെ
∙സൗദി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള, മക്കയിലും മദീനയിലും ആസ്തികളുള്ള റിയൽ എസ്റ്റേറ്റ് കമ്പനികളിലാണ് വിദേശീയർക്ക് നിക്ഷേപത്തിന് അനുമതി.
∙വിദേശീയർക്ക് വസ്തുക്കൾ വാങ്ങാമെങ്കിലും നിശ്ചിത നിയന്ത്രണങ്ങളോടെ മാത്രമാണ് ഇതനുവദിക്കുന്നത്.
∙മക്കയിലും മദീനയിലും വസ്തുവകകളുടെ ഉടമസ്ഥാവകാശം സ്വദേശി പൗരന്മാരിൽ നിക്ഷിപ്തമാണെങ്കിലും ഈ വസ്തുക്കൾ പണയത്തിന് എടുക്കാൻ വിദേശീയർക്ക് അനുമതിയുണ്ട്.
∙വിദേശ നിക്ഷേപകർക്ക് സൗദി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളിൽ ഓഹരി അല്ലെങ്കിൽ കൺവേർട്ടബിൾ (മാറ്റാവുന്ന )ഡെറ്റ് ഇൻസ്ട്രുമെന്റ് ആയോ നിക്ഷേപം നടത്താം.
∙ഒരു കമ്പനിയുടെ ഓഹരിയിൽ വ്യക്തികളും നിയമവിധേയമായ സ്ഥാപനങ്ങളും ഉൾപ്പെടെ മൊത്തം വിദേശ ഉടമസ്ഥാവകാശം 49 ശതമാനം മാത്രമേ പാടുള്ളു. അതേസമയം സ്ട്രാറ്റജിക് ആയിട്ടുള്ള വിദേശ നിക്ഷേപകർക്ക് ഈ കമ്പനികളുടെ ഓഹരി കൈവശം വെയ്ക്കുന്നത് നിരോധിച്ചിട്ടുണ്ട്.
10 വർഷത്തിനകം 100 ബില്യൻ ഡോളർ
രാജ്യത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം നേരിട്ടുള്ള വിദേശ നിക്ഷേപം വർധിപ്പിക്കാനും സൗദി ലക്ഷ്യമിടുന്നു. എണ്ണ സ്രോതസുകളിൽ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്നത് കുറച്ച് സമ്പദ് വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനാണ് ശ്രമം. അടുത്ത 10 വർഷത്തിനകം 100 ബില്യൻ യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമെന്ന ലക്ഷ്യം കൈവരിക്കാനാണ് വിവിധ സംരംഭങ്ങളിലൂടെയും പരിഷ്കരണങ്ങളിലൂടെയും മൂലധന വിപണിയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നത്.
രാജ്യത്തെ പ്രവാസി താമസക്കാർക്ക് ഓഹരി വിപണിയിലേക്ക് നേരിട്ട് നിക്ഷേപിക്കാനുള്ള അനുമതി ഉൾപ്പെടെയുള്ള പരിഷ്കരണങ്ങളും സമീപ കാലത്തായി നടത്തിയിരുന്നു. വിദേശ സ്ട്രാറ്റജിക് നിക്ഷേപകർക്ക് ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളിലെ ഡെറ്റ് ഇൻസ്ട്രുമെന്റുകളിൽ നേരിട്ട് നിക്ഷേപം നടത്താനും അനുമതി നൽകിയിട്ടുണ്ട്. 2021 മുതലാണ് വിദേശീയർക്ക് മക്കയുടെയും മദീനയുടെയും അതിർത്തിക്കുള്ളിലെ റിയൽഎസ്റ്റേറ്റ് ഫണ്ടുകളിൽ നിക്ഷേപം അനുവദിച്ചത്. തൊട്ടുപിന്നാലെ സൗദിയുടെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരി മൂല്യം കുത്തനെ ഉയരുകയും ചെയ്തു.