ADVERTISEMENT

ദുബായ് ∙ ആരോഗ്യ മേഖലയിലെ പുതിയ സാങ്കേതിക സൗകര്യങ്ങളും അറിവുകളും അവസരങ്ങളും അവതരിപ്പിക്കുന്ന അറബ് ഹെൽത്തിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായി. ആരോഗ്യ പരിക്ഷയുടെ സംഗമം എന്നതാണ് ഈ വർഷത്തെ പ്രമേയം. ഇന്ത്യ ഉൾപ്പടെ 40 രാജ്യങ്ങൾക്ക് മേളയിൽ പവലിയനുണ്ട്. 80 രാജ്യങ്ങളിൽ നിന്നുള്ളവർ മേളയുടെ ഭാഗമാണ്, 3800 പേരാണ് ആരോഗ്യ മേഖലയിലെ പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിനായി മേളയിൽ എത്തിയിരിക്കുന്നത്. 60000 സന്ദർശകരെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നതെന്നു സംഘാടകർ പറഞ്ഞു. ആരോഗ്യ മേഖലയിൽ ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങൾ, രോഗ നിർണയ സ്കാനറുകൾ, രോഗ പ്രതിരോധത്തിനും ആരോഗ്യ സംരക്ഷണത്തിനുമുള്ള പുതിയ കണ്ടുപിടിത്തങ്ങൾ എന്നിവയാണ് അറബ് ഹെൽത്തിലെ പ്രധാന കാഴ്ചകൾ. 

∙ തൊഴിലവസരങ്ങൾക്ക് പുതിയ പ്ലാറ്റ്ഫോം
മേളയുടെ ഭാഗമായി ദുബായ് ഹെൽത്ത് അതോറിറ്റി അവരുടെ തൊഴിലവസരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിന് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഓപർച്യുണിറ്റീസ് പ്ലാറ്റ്‌ഫോം എന്ന വെബ്സൈറ്റിലായിരിക്കും ഇനി ദുബായ് ആരോഗ്യ അതോറിറ്റിയുമായി ബന്ധപ്പെട്ട ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക. ഇടനിലക്കാരില്ലാതെ ജോലി നേടാനുമുള്ള പുതിയ അവസരമാണിതെന്നു ‍ഡിഎച്ച്എയുടെ ഹെൽത്ത് ലൈസൻസിങ് അതോറിറ്റി ഡയറക്ടർ ഡോ. ഹിഷാം അൽ ഹമ്മാദി പറ‍ഞ്ഞു.  സ്ഥിതിവിവര കണക്കുകൾ ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭിക്കും. ആരോഗ്യ മേഖലാ സ്വദേശിവൽക്കരണത്തിനു കൂടുതൽ സഹായകരമാണ് ആപ്ലിക്കേഷനെന്നും  ഡോ. ഹിഷാം പറഞ്ഞു. 

∙ രോഗസാധ്യതയറിയാൻ സാങ്കേതികവിദ്യ
രോഗസാധ്യത മുൻകൂട്ടി അറിയുന്നതിനും തടയുന്നതിനും ഓരോരുത്തരുടെയും ശാരീരിക അവസ്ഥ കണക്കിലെടുത്ത് ചികിത്സ തീരുമാനിക്കുന്നതിനും സഹായിക്കുന്ന വിവിധ സാങ്കേതിക വിദ്യകളാണ് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് പ്രദർശിപ്പിക്കുന്നത്. ഭാവിയുടെ ചികിത്സാരീതികളെ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പാനൽ ചർച്ചകളും അബുദാബി സംഘടിപ്പിക്കുന്നുണ്ട്. അറബ് ഹെൽത്ത് 30നു സമാപിക്കും.

English Summary:

50th edition of Arab Health 2025 kicks off at Dubai World Trade Center

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com