ടി100 ട്രയാത്ലൺ ലോകചാംപ്യൻഷിപ്പ്: അടുത്ത അഞ്ച് വർഷം ഖത്തർ വേദിയാകും

Mail This Article
ദോഹ ∙ അടുത്ത അഞ്ചുവർഷത്തേക്കുള്ള ടി100 ട്രയാത്ലൺ ലോകചാംപ്യൻഷിപ്പ് വേദിയായി ഖത്തർ. ഖത്തറിന്റെ കായിക മുന്നേറ്റത്തിൽ മറ്റൊരു ചുവടുവയ്പ്പുകൂടിയായി മാറുകയാണ് നീന്തലും സൈക്ലിങ്ങും ഓട്ടവും ഉൾപ്പെടെ മൂന്നിനങ്ങൾ ഉൾകൊള്ളുന്ന ഈ മത്സരം. 2025 മുതൽ 2029 വരെ അടുത്ത അഞ്ചു വർഷത്തെ മത്സരങ്ങളുടെ പട്ടികയിലാണ് ഖത്തറിനെയും വേദിയായി തിരഞ്ഞെടുത്തത്. പ്രഫഷനൽ ട്രയാത്ത്‌ലറ്റ്‌സ് ഓർഗനൈസേഷൻ, വേൾഡ് ട്രയാത്ത്‌ലൺ, ഖത്തർ സൈക്ലിങ് ആൻഡ് ട്രയാത്ത്‌ലൺ ഫെഡറേഷൻ എന്നിവയുമായി സഹകരിച്ചാണ് വിസിറ്റ് ഖത്തർ ടൂർണമെൻറിന് നേതൃത്വം നൽകുക.
ഖത്തർ വേദിയാകുന്ന ആദ്യ ടി100 ട്രയാത്ത്‌ലൺ ലോക ചാംപ്യൻഷിപ്പ് 2025 ഡിസംബർ 11 മുതൽ 13 വരെ ദോഹക്കും ലുസൈലിനുമിടയിൽ നടക്കും. രണ്ട് കിലോമീറ്റർ നീന്തൽ, 80 കിലോമീറ്റർ സൈക്ലിങ്, 18 കിലോമീറ്റർ ഓട്ടം എന്നിവ ഉൾപ്പെടുന്ന 100 കിലോമീറ്റർ ട്രയാത്ത്‌ലണിൽ പങ്കെടുക്കാൻ അമേച്വർ അത്‌ലറ്റുകൾക്ക് അവസരം ലഭിക്കും. അടുത്ത അഞ്ച് വർഷത്തേക്ക് ഖത്തർ നഗരങ്ങളിൽ ടി100 ട്രയാത്ത്‌ലൺ ലോക ചാംപ്യൻഷിപ്പ് സംഘടിപ്പിക്കുന്നതിന് പ്രഫഷനൽ ട്രയാത്‌ലറ്റ്‌സ് ഓർഗനൈസേഷനുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷവും അഭിമാനവുമെന്ന് വിസിറ്റ് ഖത്തർ സിഇഒ എഞ്ചി. അ്ബ്ദുൽ അസീസ് അൽ മൗവ്‌ലവി പറഞ്ഞു. പതിമൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ഒളിംപിക് ചാംപ്യന്മാരും ലോക ചാംപ്യൻഷിപ്പ് ജേതാക്കളും 2025ലേക്കുള്ള പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച അത്‌ലറ്റുകളെ ഒരുമിപ്പിക്കുന്ന പ്രധാന മത്സരം കൂടിയാണ് ടി100 വേൾഡ് ചാംപ്യൻഷിപ്പ്.