എണ്ണിയെണ്ണി തീർക്കാൻ സ്മാർട്ട് ദുബായ്; മരിച്ചുവീഴുമെന്ന് അറിഞ്ഞിട്ടും ആരെയും കൂസാത്ത പോരാളികൾക്കായി 'സോളർ കെണി'

Mail This Article
മരിച്ചുവീഴുമെന്ന് അറിഞ്ഞിട്ടും ആരെയും കൂസാത്തവരാണ് ഈ പോരാളികൾ. ദംഷ്ട്രകളാണ് ഇവരുടെ ആയുധം. ഏതു വലിയ യുദ്ധമുഖത്തേക്കും ഒരു മൂളിപ്പാട്ടുമായി പറന്നെത്തുന്ന മനഃസാന്നിധ്യമാണ് മറ്റുള്ളവരുടെ ഉറക്കം കളയുന്നത്. ധനികൻ, ദരിദ്രൻ എന്ന വേർതിരിവില്ലാതെ, ഭരണാധികാരിയെന്നോ പ്രജയെന്നോ കരുതി മാറ്റിനിർത്താതെ എല്ലാവരെയും ഒരുപോലെ കാണുന്നവർ. ധൈര്യം, രാപകൽ ജോലി, ഒരു നേരത്തെ ഭക്ഷണത്തിനായി സ്വന്തം പ്രാണൻ പോലും ത്യജിക്കാനുള്ള സന്നദ്ധത. ഇപ്പറഞ്ഞതൊന്നും മനുഷ്യന്റെ കാര്യമല്ല, കൊതുകുകളുടെ കാര്യമാണ്. ലോകം എത്ര പുരോഗമിച്ചാലും ഒരു മാറ്റവുമില്ലാതെ മനുഷ്യന്റെ പിന്നാലെ കൂടും, അവർക്കൊപ്പം തന്നെയുണ്ട് എലികളും. വീട്ടിൽ ഇതു രണ്ടും ഉണ്ടെങ്കിൽ സമാധാനക്കേട് ഉറപ്പ്.
സാങ്കേതിക വിദ്യകളുടെ വികാസത്തിൽ ഈ രണ്ടു കൂട്ടരോടുമുള്ള ശാസ്ത്ര ലോകത്തിന്റെ നിലപാട് എന്താണെന്നാണ് ജനങ്ങൾക്ക് അറിയേണ്ടത്. സാമ്പ്രാണിത്തിരിയിൽ തുടങ്ങി കൊതുകു റിപ്പല്ലന്റിൽ വരെ എത്തി നിൽക്കുന്ന ശാസ്ത്രത്തിന്റെ വളർച്ച കൊതുകുകൾക്ക് ഒരു തരത്തിൽ ഭീഷണിയാണ്.
പുതിയ കൂത്താടികൾ കൊതുകുകളാകുന്നതിൽ കുറവൊന്നുമില്ല. ഫീനിക്സ് പക്ഷികൾ പോലും നാണിച്ചു പോകുന്ന അതിജീവനത്തിന്റെ മാതൃകയാണ് കൊതുകുകൾ. എലികളെ പക്ഷേ, ശാസ്ത്ര ലോകത്തിന് വലിയ കാര്യമാണ്. കണ്ണിൽ കണ്ടതൊക്കെ കരണ്ടു തിന്നുമെങ്കിലും എലികളോടു ശാസ്ത്ര ലോകത്തിന് ചെറിയൊരു പക്ഷപാതമുണ്ട്. അതുകൊണ്ടാണ് ലോകത്ത് എന്തു മരുന്നുണ്ടാക്കിയാലും മനുഷ്യനു കൊടുക്കും മുൻപേ എലികൾക്കു കൊടുക്കുന്നത് സ്നേഹത്തിന്റെ തുടർച്ചയെന്നോണം അമ്മയില്ലാത്ത എലിക്കുഞ്ഞിനുവരെ ശാസ്ത്രം ജന്മം നൽകി.

ഇന്നീ കഥകൾ എലികൾക്കും കൊതുകകൾക്കും വേണ്ടി മാറ്റിവച്ചതിന് കാരണമുണ്ട്. ദുബായ് നഗരസഭ ഊർജിത കൊതുക്, എലി, ക്ഷുദ്രജീവി നശീകരണ യജ്ഞത്തിനു തുടക്കമിട്ടിരിക്കുന്നു. എന്തിലും സ്മാർട്ടും ഡിജിറ്റലും ആകാൻ ആഗ്രഹിക്കുന്ന ദുബായ് കൊതുക്, എലിക്കെണികളിലും സ്മാർട് ആണ്. 237 സ്മാർട് കെണികളാണ് ഒരുക്കിയിരിക്കുന്നത്. എലിക്കും കൊതുകിനും ഒരേ കെണി. ഇതു വെറും കെണിയല്ല, സോളർ കെണി. സൂര്യനിൽ നിന്ന് ഊർജം സ്വീകരിച്ച് പ്രവർത്തിക്കുന്ന കെണി വെറുതെ കൊതുകുകളെ കൊന്നൊടുക്കുകയല്ല ചെയ്യുന്നത്. കൊതുകിന്റെയും പ്രാണികളുടെയും എലികളുടെയുമൊക്കെ സാന്ദ്രത പരിശോധിക്കും. ഓരോ പ്രദേശത്തും എത്രമാത്രം കൊതുകകളുണ്ടെന്നതിന്റെ കണക്ക് ഈ കെണിയിൽ കാണാം. അതനുസരിച്ചുള്ള ആക്രമണമാണ് ഉണ്ടാവുക.
ആവശ്യത്തിലധികം രോഗങ്ങളുള്ള മനുഷ്യന് ഇനി കൊതുകിനെ കൊണ്ടൊരു ദീനം വേണ്ടെന്നു കരുതിയാണ് മുനിസിപ്പാലിറ്റിയുടെ മുൻകരുതൽ. ഇതു പോലൊരു കെണി നമ്മുടെ കേരളത്തിൽ വച്ചാൽ എന്താകും അവസ്ഥ. കൊതുകിന്റെ എണ്ണമെടുത്ത് ആദ്യ ദിവസം തന്നെ കെണി ജോലി രാജിവയ്ക്കും. എണ്ണുന്നതിനൊക്കെ ഒരു പരിധിയില്ലേ!

അല്ലെങ്കിൽ തന്നെ പുലി, കടുവ, പന്നി, പോത്ത്, ആന തുടങ്ങിയവയ്ക്കു വയ്ക്കാൻ തന്നെ കെണി തികയാത്ത കേരളത്തിൽ ഈ കൊതുകുകെണിയൊക്കെ ആര് വയ്ക്കാൻ ?