സൗദിയുടെ നാടക പ്രതിഭ മുഹമ്മദ് അൽ ത്വവിയാൻ അന്തരിച്ചു

Mail This Article
റിയാദ്∙ സൗദി നാടക പ്രതിഭയും നടനുമായ മുഹമ്മദ് അൽ ത്വവിയാൻ (79) അന്തരിച്ചു. അരനൂറ്റാണ്ടിലേറെ നാടക കലാരംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു.
1945ൽ ഖസീം പ്രവിശ്യയിലെ ബുറൈദയിലാണ് ജനനം. അമേരിക്കയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അൽ ത്വവിയാൻ 1982 ൽ അൽ–സാദ് വാദ് എന്ന നാടകത്തിലൂടെയാണ് കലാ രംഗത്തേക്ക് എത്തിയത്. നാടകത്തിലെ ഹസീസ് എന്ന കഥാപാത്രം അറബ് മേഖലയുടെ തന്നെ ശ്രദ്ധ നേടി.
അഭിനയം മാത്രമല്ല രചനയിലും പകരം വെയ്ക്കാൻ കഴിയാത്ത വ്യക്തിത്വമായിരുന്നു. താഷ് മാ താഷ്, അബു അൽ–മലായീൻ, ലോഅബത് അൽ കിബാർ തുടങ്ങിയ പരമ്പരകളിലെ കഥാപാത്രങ്ങൾ അറബ് ലോകത്തെ കലാസ്വാദകരുടെ മനസിൽ പതിഞ്ഞവയാണ്.
അൽ ത്വവിയാൻ 1985 ൽ എഴുതിയ ഔദത്ത് അസ്വീദ് എന്ന ഹാസ്യ പരമ്പരയാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. സൗദി ടെലിവിഷൻ മേഖലയെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചു. നാടകത്തിനുമപ്പുറം സിനിമയിലേക്കുള്ള വരവും കരിയറിലെ വലിയ നാഴികകല്ലായി മാറി. മൻഡൗബ് അൽ–ലയൽ (ദി നൈറ്റ് ഏജന്റ്) എന്ന അദ്ദേഹത്തിന്റെ സിനിമ സൗദിയുടെ ബോക്സ്–ഓഫിസ് ഹിറ്റായി മാറി.വൻകിട രാജ്യാന്തര നഗരങ്ങളിലും സിനിമ പ്രദർശിപ്പിച്ചിരുന്നു.
പുതു തലമുറയുടെ കഴിവുകൾ വികസിപ്പിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും വലിയ തൽപരനായിരുന്നു. ഇക്കാര്യത്തിൽ യുവജനങ്ങളുടെ വക്താവായി മാറിയിരുന്നു. സാംസ്കാരിക മന്ത്രാലയത്തിന്റെ തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് അവാർഡ് ഉൾപ്പെടെ അനവധി പുരസ്കാരങ്ങളും നേടി. ഗൾഫ് എൻറർടെയ്ൻമെന്റിലെ ലൈഫ് ടൈം അച്ചീവ്മെന്റിനുളള 2025 ലെ ജോയ് അവാർഡ് ജേതാക്കളിൽ ഒരാളായിരുന്നു. രോഗബാധിതനായിരുന്നതിനാൽ പുരസ്കാരം ഏറ്റുവാങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.