വേദിയൊരുക്കി യുഎഇ; ഈ മാസം മുഴുവൻ രാജ്യാന്തര സമ്മേളനങ്ങൾ

Mail This Article
ദുബായ് ∙ പ്രതിരോധ മേഖല മുതൽ എഐ ഉച്ചകോടി വരെ നീളുന്ന രാജ്യാന്തര സമ്മേളനങ്ങൾക്ക് ഈ മാസം ആതിഥ്യം വഹിക്കാനൊരുങ്ങി യുഎഇ.
∙ പ്രതിരോധ മേഖലയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കുന്ന ഇന്റർനാഷനൽ ഡിഫൻസ് ഫെസ്റ്റിവലും നേവൽ ഡിഫൻസ് എക്സിബിഷനും 17 മുതൽ 21 വരെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കും. നാവിഗേഷൻ സംവിധാനം, റഡാർ, കമാൻഡ് – കൺട്രോൾ സാങ്കേതിക സംവിധാനം എന്നിവയും പ്രദർശനത്തിലുണ്ടാകും.
∙ സിവിൽ ഏവിയേഷൻ രംഗത്തെ സുപ്രധാനമായ ഗ്ലോബൽ ഇംപ്ലിമേന്റേഷൻ സപ്പോർട്ട് സിംപിയോസിയത്തിനും ഈ മാസം 10, 12 തീയതികളിൽ അബുദാബി ആതിഥേയത്വം വഹിക്കും. യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനുമാണ് സംഘാടകർ.
∙ സംസ്കാരങ്ങളും സഹിഷ്ണുതയും സംബന്ധിക്കുന്ന രാജ്യാന്തര സംവാദവും നടക്കും. അബുദാബി എനർജി സെന്ററിൽ 19 മുതൽ 21 വരെയാണ് പരിപാടി.
വിവിധ മതവിഭാഗങ്ങൾക്കിടയിലെ സഹിഷ്ണുത വളർത്തുക എന്നതാണ് ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 പ്രസംഗകർ സംവാദത്തിൽ പങ്കെടുക്കും.
∙ ലോക സർക്കാർ സമ്മേളനമാണ് മറ്റൊരു പ്രധാന പരിപാടി. ലോകമെമ്പാടുമുള്ള ഭരണാധികാരികൾ പങ്കെടുക്കുന്ന വാർഷിക സമ്മേളനം 11 മുതൽ 13 വരെ ദുബായിൽ നടക്കും. 30 രാഷ്ട്രത്തലവന്മാരും 140 സർക്കാർ പ്രതിനിധികളും ഉൾപ്പെടെ പങ്കെടുക്കും.
∙ നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ടു സംഘടിപ്പിക്കുന്ന എഐ എവരിത്തിങ് രാജ്യാന്തര സമ്മേളനം 4ന് അബുദാബിയിലും 5,6 തീയതികളിൽ ദുബായ് എക്സ്പോ സിറ്റിയിലും നടക്കും. ∙ രാജ്യാന്തര ഡെന്റൽ കോൺഫറൻസും അറബ് ഡെന്റൽ എക്സിബിഷനും 4 മുതൽ 6 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും.
∙ ഷാർജ സംരംഭക സമ്മേളനം ഇന്നും നാളെയും ഷാർജ റിസർച്, ടെക്നോളജി ആൻഡ് ഇന്നവേഷൻ പാർക്കിൽ നടക്കും.
∙ ഷാർജ രാജ്യാന്തര ഫൊട്ടോഗ്രഫി മേള 20 മുതൽ 26വരെ ഷാർജ അൽ ജദയിൽ നടക്കും. സിനിമ മേഖലയിൽ നിന്നടക്കമുള്ള ഛായാഗ്രഹക വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുക്കും.
∙ ഷാർജ പൈതൃക സമ്മേളനം 12 മുതൽ 23 വരെ ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജിൽ ചേരും.
ദുബായിൽ നടക്കുന്ന മറ്റു പ്രധാന പരിപാടികൾ
∙ ഡയബറ്റിസ് എൻഡോക്രൈനോളജി കോൺഗ്രസ് 8 മുതൽ 10വരെ വേൾഡ് ട്രേഡ് സെന്ററി
∙ വേൾഡ് ഓഫ് കോഫി പ്രദർശനം 10 മുതൽ 12 വരെ വേൾഡ് ട്രേഡ് സെന്ററിൽ
∙ മൈക്രോ സോഫ്റ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂർ 12ന് ട്രേഡ് സെന്റർ
∙ ഗൾഫൂഡ് 17 മുതൽ 21വരെ വേൾഡ് ട്രേഡ് സെന്ററിൽ.
∙ രാജ്യാന്തര ബോട്ട് ഷോ 19 മുതൽ 23 വരെ ദുബായ് മറീനയിൽ.