ഇന്റർപോൾ മേഖലാ ആസ്ഥാനം സൗദിയിൽ

Mail This Article
റിയാദ്∙ സൗദി അറേബ്യയിൽ ഇന്റർപോളിന്റെ പുതിയ റീജനൽ ബ്യൂറോ സ്ഥാപിക്കുന്നു. മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക മേഖലയുടെ ആസ്ഥാനമായിരിക്കും ഇത്. സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ്, ഇന്റർപോൾ പ്രസിഡന്റ് അഹമ്മദ് നാസർ അൽറൈസി, ഇന്റർപോൾ സെക്രട്ടറി ജനറൽ ജർഗൻ സ്റ്റോക്ക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രാജ്യാന്തര കുറ്റകൃത്യങ്ങൾക്കും ഭീകരതയ്ക്കും എതിരെയുള്ള പോരാട്ടത്തിൽ അംഗരാജ്യങ്ങളെ സഹായിക്കുകയാണ് ലക്ഷ്യം.
ഇന്റർപോളിന്റെ സേവനങ്ങൾ മേഖലയിലുടനീളം എത്തിക്കാനും ഏകോപിപ്പിക്കാനും പുതിയ ഓഫിസ് സഹായിക്കും. പ്രാദേശിക സഹകരണം വർധിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്രമായും ബ്യൂറോ പ്രവർത്തിക്കും.
അറബ് ഇന്റീരിയർ മിനിസ്റ്റേഴ്‌സ് കൗൺസിൽ, ജിസിസിപിഒഎൽ, നൈഫ് അറബ് യൂണിവേഴ്‌സിറ്റി ഫോർ സെക്യൂരിറ്റി സയൻസസ് തുടങ്ങിയ സംഘടനകളുമായി ബ്യൂറോ സഹകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രി പറഞ്ഞു. സൗദി അറേബ്യ എല്ലായ്പ്പോഴും ഇന്റർപോളിനെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.