ഹാജര്‍ സംവിധാനത്തില്‍ കൃത്രിമം; കുവൈത്തിൽ നീതിന്യായ വകുപ്പിലെ ഏഴ് ജീവനക്കാര്‍ അറസ്റ്റില്‍

Mail This Article
കുവൈത്ത് സിറ്റി ∙ ഹാജര്‍ സംവിധാനത്തില്‍ കൃത്രിമം കാണിച്ച് സര്‍ക്കാരിനെ കബളിപ്പിച്ച കുറ്റത്തിന് നീതിന്യായ വകുപ്പിലെ ഏഴ് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ജോലിയ്ക്ക് ഹാജരാകാതെ വിരലടയാളങ്ങള്‍ സിലിക്കോണ്‍ ഉപയോഗിച്ച് വ്യാജമായി ചമച്ച് അറ്റന്‍ഡന്‍സ് രേഖപ്പെടുത്തുകയായിരുന്നു പ്രതികള്‍. ഹാജര്‍ രേഖകള്‍ കെട്ടിച്ചമച്ചതിനും പൊതു ഫണ്ട് അപഹരിച്ചെന്ന കേസിലുമാണ് ആഭ്യന്തര മന്ത്രാലയം ഇവരെ അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം പറയുന്നതിങ്ങനെ. നീതിന്യായ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍, ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനം കൈകാര്യം ചെയ്യാന്‍ വ്യാജ സിലിക്കണ്‍ വിരലടയാളങ്ങള്‍ ഉപയോഗിച്ച് ജോലിക്ക് ഹാജരാകാതെ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തി. മാത്രവുമല്ല, മറ്റ് ജീവനക്കാരുടെ ആഗമന സമയവും പുറപ്പെടല്‍ സമയവും തെറ്റായി രേഖപ്പെടുത്തി.
വ്യാജ രേഖ ഉപയോഗിക്കുന്നത് വഴി ജോലിയ്ക്ക് ഹാജരാകാതെ, സര്‍ക്കാരിനെ കബളിപ്പിച്ച് ശമ്പളം കൈക്കലാക്കുകയായിരുന്നു. ഏഴ് വ്യാജ സിലിക്കണ്‍ വിരലടയാളങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ വ്യക്തികളെയും പിടിച്ചെടുത്ത തെളിവുകളെയും തുടര്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സമാനമായ രീതിയില്‍ മറ്റ് മന്ത്രാലയങ്ങളിലും ദുരുപയോഗം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.