വരൂ, നമുക്ക് ദുബായുടെ കഥ പറഞ്ഞിരിക്കാം: 'ഇർഥ് ദുബായ്' സംരംഭത്തിന് തുടക്കം

Mail This Article
ദുബായ് ∙ വരൂ, നമുക്ക് ദുബായുടെ കഥ പറഞ്ഞിരിക്കാം-സമ്പന്നമായ ചരിത്രമുള്ള പ്രവാസികളുടെയടക്കം പ്രിയപ്പെട്ട എമിറേറ്റായ ദുബായിയുടെ കഥ പറയാൻ ക്ഷണിക്കുന്നത് മറ്റാരുമല്ല, ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എമിറേറ്റിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും രേഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 'ഇർഥ് ദുബായ്' എന്ന സംരംഭത്തിന് അദ്ദേഹം തുടക്കം കുറിച്ചു.
മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയുടെ മേൽനോട്ടത്തിൽ ദുബായ് നാഷനൽ ആർക്കൈവ്സ് പ്രോജക്റ്റിന്റെ ഭാഗമാണ് സംരംഭം. ദ്രുതഗതിയിലുള്ള വികസനവും ആധുനികവൽക്കരണവും അടയാളപ്പെടുത്തിയ ഒരു യുഗത്തിൽ, ദുബായുടെ ഭൂതകാലത്തിന്റെ അടിസ്ഥാന വിവരണങ്ങൾ പ്രദർശിപ്പിക്കുന്ന സമൂഹത്തിലെ അംഗങ്ങളുടെ കഥകളും ജീവിതാനുഭവങ്ങളും ശേഖരിച്ച് അതിന് എമിറേറ്റിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവുമായുള്ള ബന്ധം രേഖപ്പെടുത്തുക എന്നതാണ് ഈ പുതിയ സംരംഭത്തിന്റെ ലക്ഷ്യം.
എമിറേറ്റിന്റെ വർഷങ്ങളായി ഉണ്ടായ പരിവർത്തനത്തിന്റെ കൂട്ടായ ഓർമകൾ ശക്തിപ്പെടുത്തുന്നതിനും ദേശീയ സ്വത്വത്തിന് അടിവരയിടുന്ന അടിസ്ഥാന ഘടകമെന്ന നിലയിൽ രാജ്യത്തിന്റെ ചരിത്രത്തെയും പൈതൃകത്തെയും കുറിച്ചുള്ള സമൂഹത്തിന്റെ ധാരണ വർദ്ധിപ്പിക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു. ദുബായ് ഭരണാധികാരിയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദർശനവും നിർദേശങ്ങളും ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (കെഎച്ച്ഡിഎ) സഹകരിച്ച്, വിദ്യാർഥികളെ അവരുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും കഥകൾ രേഖപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുന്ന വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ക്യാംപെയിനും ആരംഭിക്കും.
നമ്മുടെ സാംസ്കാരിക പൈതൃകം നിലനിൽക്കുക മാത്രമല്ല, ഭാവി തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നതിനാണ് ഈ സംരംഭം. നമ്മുടെ പൂർവികരുടെ പൈതൃകം ഞങ്ങൾ സംരക്ഷിക്കുകയും അത് നമ്മുടെ കുട്ടികൾക്കും പേരക്കുട്ടികൾക്കും കൈമാറുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. ഈ സംരംഭത്തിലൂടെ പങ്കിടുന്ന ഓരോ കഥയും സമൂഹത്തിന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും ദുബായുടെ ചരിത്രം രൂപപ്പെടുത്തുന്നതിൽ ഓരോ എമിറാത്തിയും വഹിച്ച സുപ്രധാന പങ്ക് എടുത്തുകാണിക്കുകയും ചെയ്യും. ഈ സംരംഭം വിജയപ്പിക്കുന്നതിന് സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം ഷെയ്ഖ് ഹംദാൻ ഊന്നിപ്പറഞ്ഞു, സ്കൂൾ വിദ്യാർഥികൾ മുതൽ കുടുംബങ്ങൾ, ബിസിനസുകാർ, ഉദ്യോഗസ്ഥർ, വ്യക്തികൾ വരെയുള്ള സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും അവരുടെ അനുഭവങ്ങളും കഥകളും പങ്കുവച്ചുകൊണ്ട് ഈ സംരംഭത്തെ പൂർണ ഹൃദയത്തോടെ പിന്തുണയ്ക്കണമെന്ന് അഭ്യർഥിച്ചു.
ആദ്യ ഘട്ടത്തിൽ ചരിത്ര കഥകൾ ശേഖരിക്കുകയും പിന്നീട്, ചരിത്രപരവും സാമൂഹികവും സാംസ്കാരികവുമായ വീക്ഷണങ്ങളിൽ നന്നായി അറിയാവുന്ന ഒരു പ്രത്യേക ജൂറി അവ വിലയിരുത്തി യഥാർത്ഥ സത്ത പകർത്തുകയും ചെയ്യും.
ദുബായുടെ ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും സുപ്രധാന രേഖകൾ ഏറ്റവും ഉയർന്ന ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി സംരക്ഷിക്കുക, എമിറേറ്റിന്റെ സർക്കാർ രേഖകൾ, നേട്ടങ്ങൾ, ചരിത്രം, സാംസ്കാരിക പൈതൃകം എന്നിവ രേഖപ്പെടുത്തുകയും ആർക്കൈവ് ചെയ്യുകയും ചെയ്യുക, എമിറേറ്റിന്റെ ചരിത്രം ഭാവി തലമുറകൾക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാമെന്ന് ഉറപ്പാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.