ആഗ്രഹം സഫലം: ഇരുചക്രവാഹനത്തിൽ യുഎഇയെ അടുത്തറിഞ്ഞ് ഇന്ത്യൻ സംഘം

Mail This Article
ദുബായ് ∙ ഇരുചക്രവാഹനത്തിൽ യുഎഇയെ അടുത്തറിഞ്ഞ് മലയാളി വനിതകളടങ്ങുന്ന ഇന്ത്യൻ സംഘം. ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും സിനിമകളിലൂടെയും കണ്ടും കേട്ടുമറിഞ്ഞ യുഎഇയുടെ പാതകളിലൂടെ എട്ട് പേരാണ് മോട്ടോർബൈക്കിൽ കുതിച്ചുപാഞ്ഞത്. ഇതിൽ 4 പേർ വനിതകളാണ്. നാട്ടിൽ ബൈക്ക് റൈഡേഴ്സായ ഇവർ ഇന്ത്യക്ക് പുറത്ത് ബൈക്കോടിക്കണമെന്ന ഏറെ നാളത്തെ ആഗ്രഹമാണ് സഫലമാക്കിയത്.
ജനുവരി 31ന് ആരംഭിച്ച് നാളെ (4) സമാപിക്കുന്ന ടൂർ ഇതിനകം 700 കിലോ മീറ്റർ സഞ്ചരിച്ചതായി സംഘാംഗമായ ഓഫ് റോഡ് പരിശീലകനും മോട്ടോർ സ്പോർട് അത്‌ലറ്റുമായ എറണാകുളം സ്വദേശി മുഹമ്മദ് ഇർഫാൻ പറഞ്ഞു. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളും ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളും വടക്കൻ എമിറേറ്റുകളിലൂടെയും ചെയ്ത യാത്ര വ്യത്യസ്ത അനുഭവമായിരുന്നു. 5000 കി.മീറ്റർ സിംഗിൾ വീൽ സൈക്കിളോടിച്ച് ശ്രദ്ധേയനായ പ്രഫഷനൽ ബൈക്ക് സ്റ്റണ്ടർ കണ്ണൂർ സ്വദേശി സനീദ്, മല്ലു റൈഡർ എന്നറിയപ്പെടുന്ന അശ്വതി ഉണ്ണികൃഷ്ണൻ-വരുൺ ദമ്പതികൾ, വൈപർ പൈലറ്റ്, ലൂണ്‍ വാനില, സോളോ ബൈക്ക് റൈഡിങ്ങിലൂടെ ശ്രദ്ധേയ ആയ അസം സ്വദേശിനി പ്രിയ ഗോഗ്വായി, ഓട്ടോമൊബീൽ കണ്ടന്റ് ക്രിയേറ്റർ ജയ്പൂർ സ്വദേശിനി ആശ്ലേഷ എന്നിവരാണ് സംഘാംഗങ്ങൾ.
യുഎഇയിലെ ട്രാഫിക് നിയമങ്ങളൊക്കെ മനസ്സിലാക്കി സുരക്ഷിതമായാണ് ബൈക്കുകൾ സജ്ജമാക്കിയതും സഞ്ചരിച്ചതും. കേരളത്തിൽ ബൈക്ക് റൈഡർമാർക്ക് പ്രോത്സാഹനം നൽകാൻ സർക്കാർ മുന്നോട്ടുവരുന്നില്ല. ചില ബൈക്ക് റൈഡർമാർ റോഡുകളിൽ സ്റ്റണ്ട് കാണിക്കുന്നതിനാൽ ശത്രുക്കളെപോലെയാണ് പൊതുജനങ്ങൾ എല്ലാവരേയും കാണുന്നതെന്നും മുഹമ്മദ് ഇർഫാൻ പറഞ്ഞു.

അതേസമയം, ഉത്തരേന്ത്യയിലൂടെയുള്ള യാത്ര വളരെ ഹൃദയസ്പർശിയാകാറുണ്ടെങ്കിലും മതിയായ ശൗചാലയവും മറ്റുമില്ലാത്തതിനാൽ പലപ്പോഴും ദുരിതമയമാകാറുണ്ടെന്ന് വനിതാ റൈഡർമാർ പറഞ്ഞു.

റോയൽ എൻഫീൽഡിന്റെ ഇന്ത്യയിലെ ഒഫിഷ്യൽ റെന്റൽ പാർട്ണർ ആയ റൈഡ് ഓണ് യുഎഇയിലെ ടൂർ ആൻഡ് ട്രാവൽസ് കമ്പനിയായ ഡെസ്റ്റിനാരോയുമായി സഹകരിച്ചാണ് യുഎഇ മോട്ടോർ സൈക്കിൾ ടൂർ സംഘടിപ്പിച്ചത്. വാർത്താ സമ്മേളനത്തിൽ യുവ നടിയും മോഡലുമായ രോമാഞ്ചം ഫെയിം സ്നേഹ മാത്യുവും റൈഡ് ഓണ് പ്രതിനിധി അലീന എന്നിവരും സംബന്ധിച്ചു.