വീസ കച്ചവടം: കുവൈത്തിൽ മൂന്ന് പേർ പിടിയിൽ

Mail This Article
കുവൈത്ത് സിറ്റി ∙ വീസ കച്ചവടവുമായി ബന്ധപ്പട്ട് രണ്ട് ഉദ്യോഗസ്ഥര്‍ അടക്കം മൂന്ന് പേര് അറസ്റ്റില്‍. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, റസിഡന്‍സി അഫേഴ്സ് വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരും ഒരു ഈജിപ്ഷ്യന്‍ സ്വദേശിയുമാണ് പിടിയിലായത്.
ഈജിപ്ഷ്യന്‍ സ്വദേശികള്‍ക്കിടയില്‍ 'ഫോക്സ്' എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന വ്യക്തിയുടെ നേത്യത്വത്തിലാണ് വീസ കച്ചവടവും ഒദ്യോഗിക രേഖകളില്‍ തിരിമറികളും നടത്തിയിരുന്നത്.
വീസക്കച്ചവടത്തിന് ഇരയായ ഒരാള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം അറസ്റ്റിലായത്. പുതിയ വീസക്ക് 2000 ദിനാറും ഇഖാമ മാറ്റത്തിന് 400 ദിനാറുമാണ് സംഘം ഈടാക്കിയിരുന്നത്. കമ്പനി സ്ഥാപിക്കുന്നത് വഴി ലഭ്യമാകുന്ന വീസകളില്‍ തൊഴിലാളികളെ കൊണ്ടുവന്ന് നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തികരിച്ച ശേഷം കമ്പനി പൂട്ടുന്നതാണ് പതിവ് രീതി. ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിച്ചതും പിടികൂടിയിട്ടുണ്ട്.
അന്വേഷണത്തില്‍ ഇവരുടെ ഇടപ്പെടലില്‍ 275 കമ്പനികളില്‍ തിരിമറി നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ 553 തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്കി. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും അനധികൃത ഇടപാടുകള്‍ വഴി പത്ത് ലക്ഷം ദിനാര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും വ്യക്തമാക്കി.