ഭക്ഷണ പാത്രത്തിൽ ലഹരിമരുന്ന് കടത്താൻ ശ്രമം; പ്രതിയെ പിടികൂടി കസ്റ്റംസ് അധികൃതർ

Mail This Article
ദോഹ ∙ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ലഹരി ഗുളികകൾ പിടികൂടി. പാത്രത്തിൽ ഒളിപ്പിച്ച കടത്തിയ ലിറിക ഗുളികകളാണ് ഖത്തർ കസ്റ്റംസ്സ് അധികൃതർ പിടികൂടിയത്.
ഫോയിൽ പേപ്പറിൽ പൊതിഞ്ഞ നിലയിൽ 2100 ലിറിക ഗുളികകൾ യാത്രക്കാരനിൽ നിന്നും പിടിച്ചെടുത്തതായി കസ്റ്റംസ് അധികൃതർ പറഞ്ഞു. സംശയകരമായ സാഹചര്യത്തിൽ നടത്തിയ വിശദ പരിശോധനയിലാണ് ഇത്രയും നിരോധിത ഗുളികകൾ അധികൃതർ പിടിച്ചെടുത്തത്. യാത്രക്കാരനെ എക്സറേ പരിശോധനക്കായി മാറ്റുന്നതിന്റെയും ബാഗിൽ നിന്നും പാത്രത്തിൽ നിന്നും ലബരി പിടിച്ചെടുക്കുന്നതിന്റെയും ദൃശ്യങ്ങൾ ഖത്തർ കസ്റ്റംസ് സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചു.
ലഹരി കടത്ത് കണ്ടെത്താൻ അത്യധുനിക സംവിധാനങ്ങളാണ് ഹമദ് വിമാനത്താവളത്തിൽ ഉള്ളത്. രാജ്യത്തേക്ക് ലഹരി മരുന്നുകളും നിരോധിത മരുന്നുകളും കടത്താൻ ശ്രമിക്കരുതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ ലഹരി കടത്തിന്റെ പേരിൽ ഇപ്പോഴും ഖത്തർ ജയിലിലുണ്ട്. ലഹരി കടത്തിനും നിരോധിത മരുന്നുകൾ കൊണ്ടുവരുന്നതിനുമെതിരെ കഴിഞ്ഞ വർഷം ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.