റാസൽഖൈമയിലും ഫുജൈറയിലും മഴ; കിഴക്കൻ പ്രദേശങ്ങളിൽ ഇന്നും മഴയ്ക്കും കാറ്റിനും സാധ്യത

Mail This Article
റാസൽഖൈമ/ ഫുജൈറ∙ മിന്നലിന്റെ അകമ്പടിയോടെ റാസൽഖൈമയിലും ഫുജൈറയിലും ശക്തമായ മഴ പെയ്തു. ഉച്ചയ്ക്ക് തുടങ്ങിയ മഴ വിവിധ പ്രദേശങ്ങളിൽ വൈകിട്ടു വരെ തുടർന്നു. കിഴക്കൻ മേഖലയിലെ ചില പ്രദേശങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. ഇതേസമയം ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റുകളിലെ ചില ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചു.
ഷാർജ കോർണിഷ് ഭാഗത്ത് ഉച്ചയ്ക്ക് 1.20നും ദുബായ് ഡിഐപി, അൽബതായിഹ്, അൽറഹ്മാനിയ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 2.30നുമായിരുന്നു മഴ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് വീശിയത് കാഴ്ചപരിധികുറച്ചു.
ആകാശം ഭാഗികമായി മേഘാവൃതമായിരുന്നു.മഴയുള്ള സമയങ്ങളിൽ തടാകത്തിലേക്കും (വാദി) വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്കും പോകുന്നതിന് വിലക്കുണ്ട്. നനവുള്ള റോഡുകളിൽ അതീവ ജാഗ്രതയോടെ വേഗം കുറച്ചും സുരക്ഷിതമായും വാഹനമോടിക്കണമെന്നും പൊലീസ് ഓർമിപ്പിച്ചു.യുഎഇയിൽ ഇന്നലെ അനുഭവപ്പെട്ട കൂടിയ താപനില 25 ഡിഗ്രിയും കുറഞ്ഞ താപനില 5 ഡിഗ്രിയുമാണ്.
രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഇന്നും മഴയ്ക്കും മണിക്കൂറിൽ 10 മുതൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയുന്നതിനാൽ കാഴ്ചപരിധി കുറയും. ആസ്മ ഉൾപ്പെടെ അലർജി രോഗങ്ങളുള്ളവർ മതിയായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണം. ഇന്നു രാവിലെ മഞ്ഞുവീഴ്ചയുണ്ടാകാം. കടൽ പ്രക്ഷുബ്ദമായിരിക്കും.

വെള്ളക്കെട്ടുള്ള സ്ഥലങ്ങളെക്കുറിച്ച് വിവരം തേടി ദുബായ് നഗരസഭ
|ദുബായ്∙ ദുബായുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തതിനെ തുടർന്ന് വെള്ളക്കെട്ടുള്ള സ്ഥലങ്ങളെക്കുറിച്ച് വിവരം അറിയിക്കണമെന്ന് ദുബായ് നഗരസഭ അഭ്യർഥിച്ചു. ഇതിനായി പ്രത്യേക വാട്സാപ് നമ്പറും (+971800900) പുറത്തിറക്കി. ദുബായ് മുനിസിപ്പാലിറ്റിയുടെ ആപ്പിലൂടെയും കോൾ സെന്റർ (800900) വഴിയും വിവരം അറിയിക്കാം.
ആപ്പ്: Dubai Municipality
കോൾ സെന്റർ: 800900
വാട്സാപ്: +971800900