‘തൊഴിലാളികൾക്ക് ദിശാബോധമില്ലെങ്കിൽ മണിക്കൂറിൽ നഷ്ടം 100 കോടി ഡോളർ’

Mail This Article
ഷാർജ ∙ ദിശാബോധം നഷ്ടപ്പെട്ട തൊഴിൽ സമൂഹം തൊഴിൽ മേഖലയിലും സമ്പദ് ഘടനയിലും ഉണ്ടാക്കുന്നത് മണിക്കൂറിൽ 100 കോടി ഡോളറിന്റെ നഷ്ടമാണെന്ന് സംരംഭക വിദഗ്ധർ. ഷാർജ എൻട്രപ്രണർഷിപ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ലീഡർഷിപ് സെമിനാറിലാണ് വിദഗ്ധർ ഇത് വ്യക്തമാക്കിയത്.
ഏതൊരു വ്യവസായത്തിനും ദിശാബോധവും തൊഴിലാളികളുടെ പരമാവധി ഉപയോഗവും വേണമെങ്കിൽ മികച്ച നേതൃത്വം കൂടിയേ തീരൂ. മികച്ച നേതാക്കളാണ് വ്യവസായങ്ങളുടെ ഡ്രൈവർമാർ. ജീവനക്കാർക്കു വില നൽകാനും, അവരെ കേൾക്കാനും പ്രചോദിപ്പിക്കാനും കഴിയുന്ന മേധാവികൾ തൊഴിൽ ശക്തി പരമാവധി പ്രയോജനപ്പെടുത്തുക മാത്രമല്ല, സ്ഥാപനത്തെ പുതിയ വളർച്ചയിലേക്കു നയിക്കുകയും ചെയ്യും. ലക്ഷ്യബോധത്തിൽ നിന്നാണ് തീരുമാനങ്ങളും പ്രവർത്തനങ്ങളും ജനിക്കുന്നത്.
റിസ്റ്റോർ സ്ഥാപകൻ ഡോ. എലി അബി റാച്ചഡ്, ലീഡർഷിപ് വിദഗ്ധ ഷെരീൻ ഖത്തബ്, എക്സ് ഡിസൈൻ സ്ഥാപക ഫറ കസബ്, മെന്റൽ സ്ഥാപകൻ സ്കോട്ട് ആംസ്ട്രോങ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.